തിരുവനന്തപുരം: സംസ്ഥാന സഹകരണ വകുപ്പ് സ്ഥാപനമായ ടൂര്‍ഫെഡ്, നീലക്കുറിഞ്ഞി പൂക്കുന്നത് കാണാനാഗ്രഹിക്കുന്നവര്‍ക്കായി മൂന്നാര്‍ മലനിരകളിലേക്ക് 3 ദിവസം നീളുന്ന യാത്ര കുറഞ്ഞ ചെലവില്‍ സംഘടിപ്പിക്കുന്നു.

12 വര്‍ഷത്തില്‍ ഒരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി കാണാന്‍ ഡിസംബര്‍ 26 മുതല്‍ ടൂര്‍പാക്കേജ് ഒരുക്കാനാണ് ടൂര്‍ഫെഡിന്റെ തീരുമാനം.

രണ്ട് രാത്രിയും മൂന്ന് പകലും നീളുന്ന പാക്കേജ്

രണ്ട് രാത്രിയും മൂന്ന് പകലും നീളുന്ന ഈ ടൂര്‍ പാക്കേജില്‍ എക്കോ പോയിന്റ്, റോക്ക് ഗാര്‍ഡന്‍, ബ്ലോസം ഗാര്‍ഡന്‍, മാട്ടുപെട്ടി ഫാം, ഇരവികുളം നാഷണല്‍ പാര്‍ക്ക് (രാജമല), ആനമുടി എന്നീ ടൂറിസം കേന്ദ്രങ്ങളിലെ സന്ദര്‍ശനം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

യാത്ര, താമസം, ഭക്ഷണം എന്നിവ സഹിതം ഈ മൂന്ന് ദിവസ ടൂറിന് ഒരാളില്‍ നിന്ന് 3890 രൂപ മാത്രമേ ഈടാക്കുകയുള്ളൂ. നീലക്കുറിഞ്ഞി ടൂര്‍പാക്കേജിന്റെ ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ടൂര്‍ഫെഡ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ സി.അജയകുമാറിന് നീലക്കുറിഞ്ഞി ചിത്രം കൈമാറി നടത്തി.

നീലക്കുറിഞ്ഞി ടൂര്‍ പാക്കേജ് ബുക്ക് ചെയ്യുന്നതിന് 0471 2305075 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണമെന്ന് ടൂര്‍ഫെഡ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ സി.അജയകുമാര്‍, മാനേജിംഗ് ഡയറക്ടര്‍ ഷാജി മാധവന്‍ എന്നിവര്‍ അറിയിച്ചു.