“വരൂ കാണൂ എന്റെ ശവകൂടീരത്തിലെ രക്തം” എന്ന് ആകാശങ്ങളിൽ നിന്നു പാടുന്നുണ്ടോ പാബ്ലോ നെരൂദ?

നെരൂദ മരിച്ചത് ക്യാൻസർ കൊണ്ടല്ല. മരണകാരണമറിയാൻ പഠനം തുടരും. കവിയുടെ മരണം അന്വേഷിക്കുന്ന 16 അംഗ അന്താരാഷ്ട്ര വിദഗ്ധരുടെ ആദ്യ നിഗമനമാണ് പുറത്തു വന്നത്.

കവിയുടെ മരണം ചിലിയിലെ പട്ടാള ഭരണ കൂടം പ്രചരിപ്പിച്ചതുപോലെ ക്യാൻസർ മൂലമല്ലെന്ന് പഠനം സ്ഥിരീകരിച്ചു. അക്കാര്യം 100 ശതമാനവും ഉറപ്പാണെന്ന് സംഘത്തിനു വേണ്ടി ഡോ. ഒറീലിയോ ലൂണ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അദ്ദേഹത്തിന് ക്യാൻസർ ഉണ്ടായിരുന്നു. അത് മാരകമായിരുന്നില്ല.

മരണത്തിന് മറ്റെന്തോ കാരണം ഉണ്ടെന്ന് ഇതോടെ ഉറപ്പായി. 2013ന് കോടതി ഉത്തരവിനെത്തുടർന്ന് നെരൂദയുടെ മൃതദേഹാവശിഷ്ടങ്ങൾ പരിശോധിച്ചപ്പോൾ കണ്ടെത്തിയ സംശയകരമായ വസ്തുക്കളെക്കുറിച്ച് പഠനം തുടരും. ഇതിന്റെ ഫലമറിയാൻ ഒരു വർഷമെങ്കിലും കാത്തിരിക്കേണ്ടി വരും.

ചിലിയിലെ സോഷ്യലിസ്റ്റ് പ്രസിഡന്റ് അലൻഡെയ്ക്കെതിരേ അമേരിക്കൻ പിന്തുണയോടെ പട്ടാള അട്ടിമറി നടന്നത് 1973ലാണ്. അലൻഡെ തോക്കെടുത്തു പൊരുതി മരിച്ചു. പിന്നീട് അധികാരമേറ്റ പിനോഷെയുടെ പട്ടാള ജൂണ്ട ചിലിയിലെ കമ്യൂണിസ്റ്റുകാരെ കൂട്ടത്തോടെ കൊന്നൊടുക്കി. ചിലിയുടെ പാട്ടുകാരൻ വിക്ടർ ഹാരയടക്കം രക്തസാക്ഷിയായി.

കമ്യൂണിസ്റ്റ് പാർട്ടി നേതാവും കൂടിയായിരുന്നു പാബ്ലോ നെരൂദ. അട്ടിമറി ക‍ഴിഞ്ഞ് രണ്ടാ‍ഴ്ച ക‍ഴിഞ്ഞപ്പോ‍ഴാണ് അദ്ദേഹത്തിന്റെ അന്ത്യമുണ്ടായത്. ആശുപത്രിയിൽ അദ്ദേഹത്തിന് വയറ്റിൽ കുത്തിവയ്പെടുത്തിരുന്നു. ഇതാണ് നെരൂദയുടെ ജീവനൊടുക്കിയതെന്ന് അദ്ദേഹത്തിന്റെ ഡ്രൈവർ മാനുവൽ അരായ വെളിപ്പെടുത്തിയിരുന്നു.

നെരൂദ കൊല്ലപ്പെട്ടു എന്നാണ് കരുതപ്പെടുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ ആവശ്യത്തെത്തുടർന്നാണ് മരണത്തിൽ അന്വേഷണം നടക്കുന്നത്.

“ഞാൻ മരിക്കും നിന്നെ സ്നേഹിക്ക കാരണം. ചോരയിൽ, തീയിലും നിന്നെ ഞാനിങ്ങനെ സ്നേഹിക്ക കാരണം, സ്നേഹിക്ക കാരണം” എന്നു പ്രണയിനിയോടു പാടിയ കവി കമ്യൂണിസ്റ്റ് പാർട്ടിയെ സ്നേഹിച്ചതിന് കൊന്നു വീ‍ഴ്ത്തപ്പെട്ടോ?

“വരൂ കാണൂ തെരുവുകളിലെ രക്തം, തെരുവുകളിലെ രക്തം, തെരുവുകളിലെ രക്തം” എന്നു പാടിയ കവി “വരൂ കാണൂ എന്റെ ശവകൂടീരത്തിലെ രക്തം, ശവകൂടീരത്തിലെ രക്തം, ശവകൂടീരത്തിലെ രക്തം ” എന്ന് ആകാശങ്ങളിൽ നിന്നു പാടുന്നുണ്ടോ?

ഉത്തരമറിയാൻഒരു കൊല്ലമെങ്കിലും കാക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News