കെപിസിസിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കമാന്‍ഡ്; സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് ധിക്കാരപരം

ദില്ലി: കെപിസിസിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കമാന്‍ഡ്. പട്ടികയില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ കേരളത്തെ ഒഴിവാക്കി എഐസിസി ചേരും. പട്ടികയില്‍ മാറ്റം വരുത്തില്ലെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് ധിക്കാരപരമാണെന്നും ഹൈക്കമാന്‍ഡ് വിലയിരുത്തി.

എ, ഐ ഗ്രൂപ്പുകള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ കെപിസിസി പട്ടിക അംഗീകരിക്കില്ലെന്നും ഹൈക്കമാന്‍ഡ് വ്യക്തമാക്കി. ഹൈക്കമാന്‍ഡ് നിലപാട് കെപിസിസി അധ്യക്ഷന്‍ എം.എം ഹസനെ അറിയിച്ചുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

സംസ്ഥാന നേതൃത്വം നല്‍കിയ പട്ടികക്കെതിരെ വിവിധ പരാതികള്‍ ഉയര്‍ന്നിരുന്നു. എംപി മാരും എ, ഐ ഗ്രൂപ്പില്‍ പെടാത്ത നേതാക്കളും ഹൈക്കമാന്റിന് പരാതി നല്‍കി. തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ദില്ലിയില്‍ എത്തി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

സംവരണതത്വങ്ങള്‍ പാലിച്ച് പുതിയ പട്ടിക നല്‍കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിട്ടും സംസ്ഥാന നേതൃത്വം അതിന് ഇതുവരെ തയ്യാറായിട്ടില്ല. തെരഞ്ഞെടുപ്പ് അതോറിറ്റിക് നല്‍കിയ പട്ടികയില്‍ മാറ്റം വരുത്താനാകില്ലന്നും ആവശ്യമെങ്കില്‍ ഹൈക്കമാന്‍ഡിന് കൂടുതല്‍ പേരെ ഉള്‍പ്പെടുത്താം എന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.

ഇത് ധിക്കാരപരമാണെന്നും പട്ടികയില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ കേരളത്തെ ഒളിവാക്കി എഐസിസി സമ്മേളനം ചേരുമെന്നും ഹൈക്കമാന്‍ഡ് അറിയിച്ചു. അങ്ങനെ വന്നാല്‍ രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കുന്നത് കേരളത്തിലെ നേതാക്കള്‍ക്ക് പുറത്തിരുന്ന് കാണേണ്ടിവരും.

മറ്റ് സംസ്ഥാനങ്ങള്‍ സംവരണതത്വങ്ങള്‍ പാലിക്കുമ്പോള്‍ കേരളത്തിന് മാത്രം എന്താണ് പ്രത്യേകത എന്നാണ് ഹൈക്കമാന്‍ഡിന്റെ ചോദ്യം. എ, ഐ ഗ്രൂപ്പുകള്‍ കടുംപിടുത്തം തുടരുന്ന സാഹചര്യത്തില്‍ നേതാക്കളെ ചര്‍ച്ചകള്‍ക്കായി ഇനി ദില്ലിക്ക് വിളിപ്പിക്കില്ല. 33ശതമാനം വനിതാ സംവരണം വേണമെന്നാണ് പാര്‍ട്ടി ഭരണഘടന പറയുന്നതെങ്കിലും നിലവിലെ പട്ടികയില്‍ അഞ്ചു ശതമാനം മാത്രമാണ് വനിതകളുള്ളത്.

ഇത് പത്ത് ശതമാനമെങ്കിലും ആക്കണമെന്നാണ് മഹിളാ കോണ്‍ഗ്രസിന്റെ ആവശ്യം. ഒരു വിഭാഗത്തെയും ഒഴിവാക്കരുതെന്നാണ് ഹൈക്കമാന്‍ഡിന്റെ കര്‍ശന നിര്‍ദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News