സോളാര്‍ കമീഷന്റെ പരിഗണനാ വിഷയങ്ങളെക്കുറിച്ച് പുകമറ സൃഷ്ടിക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ ശ്രമം; തെളിവായി ഉത്തരവ്

തിരുവനന്തപുരം: സോളാര്‍ കമീഷന്റെ പരിഗണനാ വിഷയങ്ങളെക്കുറിച്ച് പുകമറ സൃഷ്ടിക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നു എന്നതിന് തെളിവായി ഉത്തരവ്.

2014 നവംബര്‍ ഏഴിന് കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ഉമ്മന്‍ചാണ്ടിയെയും ഓഫീസിനെയും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഉത്തരവിനെതിരെ അന്ന് മൗനം പാലിക്കുകയും, എല്ലാ നടപടിക്രമങ്ങളും അംഗീകരിക്കുകയും ചെയ്ത ഉമ്മന്‍ചാണ്ടിയാണ് ഇപ്പോള്‍ പരിഗണനാ വിഷയങ്ങളില്‍ തര്‍ക്കമുണ്ടാക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്.

സോളാര്‍ തട്ടിപ്പ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ ജുഡീഷ്യല്‍ കമ്മീഷന്റെ പരിഗണനാവിഷയങ്ങളെക്കുറിച്ച് പുകമറ സൃഷ്ടിക്കുകയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും യുഡിഎഫും. എന്നാല്‍ ഇതിന് തിരിച്ചടിയാവുകയാണ് 2014 നവംബര്‍ ഏഴിന് കമീഷന്‍ പുറപ്പെടുവിച്ച ഉത്തരവ്.

ഉമ്മന്‍ചാണ്ടിയെയും ഓഫീസിനെയും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ എല്‍ഡിഎഫ് ആദ്യം അന്വേഷണവുമായി സഹകരിച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഉത്തരവിന്റെ 24ാം ഖണ്ഡികയില്‍ പറയുന്നത്. എല്‍ഡിഎഫ് സഹകരിക്കാത്തതില്‍ കാര്യമില്ലെന്നും ഇക്കാര്യങ്ങളെല്ലാം പരിഗണനാവിഷയമാണെന്നും ഇതില്‍ വ്യക്തമായി പറയുന്നു.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ, കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെ അന്ന് മൗനം പാലിക്കുകയും, എല്ലാ നടപടിക്രമങ്ങളും അംഗീകരിക്കുകയും ചെയ്തിരുന്നു. 13ാമത് കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിലെ സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ആരാഞ്ഞുവെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഈ ഉത്തരവിന്റെ പകര്‍പ്പ് അന്നു തന്നെ കമ്മീഷന്‍ സര്‍ക്കാരിന് കൈമാറുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇപ്പോള്‍ കമ്മീഷനെ തള്ളിപ്പറയാന്‍ പഴുതില്ലാതായതോടെയാണ് പരിഗണനാവിഷയങ്ങളില്‍ തര്‍ക്കമുണ്ടാക്കി രക്ഷപ്പെടാന്‍ ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്.

ഉത്തരവിന്റെ അവസാന ഖണ്ഡികയിലും സോളാര്‍ തട്ടിപ്പും മുഖ്യതട്ടിപ്പുകാരായ സരിത എസ് നായരും ബിജു രാധാകൃഷ്ണനും ഉള്‍പ്പെടുന്ന എല്ലാ കാര്യങ്ങളും പരിഗണനാവിഷയങ്ങളില്‍ ഉള്‍പ്പെടുമെന്ന് വ്യക്തം. മുഖ്യമന്ത്രി, മുഖ്യമന്ത്രിയുടെ ഓഫീസ്, പേഴ്‌സണല്‍ സ്റ്റാഫ്, സുരക്ഷാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെല്ലാം ഇതില്‍ ഉള്‍പ്പെടും.

സരിതയുടെ ഫോണ്‍വിളികള്‍, അവര്‍ക്ക് മന്ത്രിമാര്‍, പ്രൈവറ്റ് സെക്രട്ടറിമാര്‍, ഒരു മുന്‍ കേന്ദ്രമന്ത്രി, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരുമായുള്ള ബന്ധം തുറന്നുകാട്ടുന്നതിനുള്ള വഴിയാണെന്നും ഈ ഖണ്ഡികയില്‍ പറയുന്നു.

സരിത പത്തനംതിട്ട ജയിലില്‍നിന്ന് എഴുതിയ 21 പേജുള്ള ആദ്യ കത്തിലെ പറയുന്നതെല്ലാം പരിഗണനാവിഷയവുമാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here