കണ്ണ് ചൂഴ്‌ന്നെടുക്കാന്‍ വരുന്ന ഗോഡ്‌സെ ആരാധകര്‍

കേരളത്തെ, അതിന്റെ ചരിത്രത്തെയും സംസ്‌കാരത്തെപ്പോലും അപമാനിക്കാന്‍ ശ്രമിച്ചുകൊണ്ട് ബിജെപി നടത്തിയ ഗോസായിയാത്ര ഒരു രാഷ്ട്രീയ ദുരന്തനാടകമായി പര്യവസാനിച്ചു.

സംഘപരിവാര്‍ വിമര്‍ശങ്ങള്‍ക്കുനേരെ ‘ഗോഡ്‌സെയുടെ ആരാധകരില്‍നിന്ന് കേരളത്തിന് ഒന്നും പഠിക്കാനില്ല’ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന അലങ്കാരങ്ങള്‍ ആവശ്യമില്ലാത്ത ഒരു തീവ്രസത്യത്തിന്റെ പ്രകാശനമാണ്. പക്ഷേ, ആ സത്യത്തില്‍ കുറവല്ലാത്ത ഒരു ദുഃഖവും കലരുന്നുണ്ട്. മറ്റൊന്നുമല്ല, ലോകം ആരാധിക്കുന്ന നമ്മുടെ രാഷ്ട്രപിതാവിന്റെ ഘാതകന് ഇന്ത്യയില്‍ ആരാധകരുണ്ട് എന്നതാണത്.

ലോകമെങ്ങും മനുഷ്യന്‍ അവന്റെ ജന്മാവകാശമായ സ്വാതന്ത്യ്രത്തിനും സമാധാനത്തിനും വേണ്ടി ആഗ്രഹിക്കുന്നു. അവരെല്ലാം മഹാത്മജിയെ തങ്ങളുടെ ഹൃദയത്തില്‍ ആരാധിക്കുന്നുണ്ട്.

പക്ഷേ, വംശീയവിദ്വേഷത്തിന്റെയും അധികാരഭ്രാന്തിന്റെയും ആള്‍രൂപങ്ങളായ ഹിറ്റ്‌ലര്‍ക്കും മുസ്സോളനിക്കും വിശാലമായ ഈ ഭൂമിയുടെ ചില കോണുകളില്‍ ആരാധകരുണ്ടെന്ന് നാം ഓര്‍ക്കണം.

മനസ്സിലെ കേവലമായ ആരാധനയല്ല അത്; അവര്‍ക്ക് സംഘങ്ങളും രാഷ്ട്രീയപാര്‍ടികളും പ്രസ്ഥാനങ്ങളുമുണ്ട്. പ്രചരിപ്പിക്കാന്‍ പ്രത്യയശാസ്ത്രമുണ്ട്. പ്രത്യേക വേഷവും ജീവിതരീതികളുമുണ്ട്. ചിലയിടത്ത് മുടിവടിച്ചും പട്ടാള യൂണിഫോമിട്ടും സ്വയം പ്രദര്‍ശിപ്പിക്കുന്നു.

പലയിടത്തും അവരുടെ സാന്നിധ്യത്താല്‍ മനുഷ്യജീവിതം അപായകരമാകുന്നുണ്ട്. ചില യൂറോപ്യന്‍ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ ‘നവനാസികള്‍’ നിര്‍ണായകശക്തിയാണ്.

ഇന്ത്യയില്‍ നരേന്ദ്ര മോഡിയുടെ അധികാരാരോഹണത്തോടെ രാഷ്ട്രീയ ഹിന്ദുത്വഫാസിസത്തിന്റെ ആത്മാവായ ഗോഡ്‌സെ വിഗ്രഹവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. ഗാന്ധിവധത്തിന്റെ കാലത്തും ശേഷവും ഗോഡ്‌സെയ്ക്ക് ആരാധകരുണ്ടായിരുന്നു എന്നതറിയാം. പക്ഷേ, അവര്‍ ഇന്ത്യയുടെ ഫ്യൂഡലിസ്റ്റ് സാംസ്‌കാരിക അവശിഷ്ടങ്ങള്‍ക്കൊപ്പം ഏതാണ്ട് ശവക്കുഴിയില്‍തന്നെയായിരുന്നു കിടപ്പ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ തുടങ്ങി.

ആ പുനരുത്ഥാനത്തിന്റെ ദുഃഖകരമായ തെളിവാണ് ജ്ഞാനവൃദ്ധരായ ധാബോല്‍ക്കര്‍, പന്‍സാരെ, കലബുര്‍ഗി, ധീര പത്രപ്രവര്‍ത്തക ഗൌരി ലങ്കേഷ് എന്നിവരുടെ കൊലപാതകങ്ങളില്‍ നാം കണ്ടത്. തെരഞ്ഞെടുപ്പുകാലത്ത് പ്രത്യക്ഷമായിക്കണ്ട ആ മോഡിഭക്തി ഗോഡ്‌സെ ആരാധനയുടെ ബഹിര്‍സ്ഫുരണമായിരുന്നു എന്ന് രാഷ്ട്രീയനിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ വരുന്ന നരേന്ദ്ര മോഡി ആരാധകരില്‍ 99 ശതമാനവും ഗോഡ്‌സെയെ മനസ്സില്‍ പൂജിക്കുന്നവരാണെന്ന് ദേശീയപത്രങ്ങള്‍ കണക്കുസഹിതം വ്യക്തമാക്കുന്നു.

നീണ്ടുനിന്ന ഗൂഢാലോചനയുടെയും വിപുലമായ തയ്യാറെടുപ്പിന്റെയും ഫലവത്തായ പരിസമാപ്തിയാണ് ഗോഡ്‌സെയുടെ ഗാന്ധിവധം. അഞ്ചുതവണയായിരുന്നു വധശ്രമങ്ങള്‍. എന്തിനാണ് താന്‍ ഗാന്ധിയെ വധിച്ചതെന്ന് അഞ്ചുമണിക്കൂര്‍ നീണ്ട കോടതിപ്രസംഗത്തിലൂടെ ഗോഡ്‌സെ വിശദീകരിക്കുന്നു.

ആ രേഖ ഇപ്പോള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. (Why I Assassinated Gandhi?). തീവ്രഹിന്ദുത്വ പക്ഷപാതികളായ പലരും അത് വേദപുസ്തകംപോലെ കൊണ്ടുനടക്കുന്നു എന്നാണറിവ്. കാരണം വിഭജനകാലത്തും പിന്നീടും ഇതാ ഇപ്പോഴും ഇന്ത്യയിലെ ആര്‍എസ്എസ്, ഹിന്ദുമഹാസഭ ഉള്‍പ്പെടെയുള്ള രാഷ്ട്രീയഹിന്ദുത്വം മുന്നോട്ടുവയ്ക്കുന്ന സാമൂഹ്യ സാംസ്‌കാരിക നിലപാടുകളുടെ സമഗ്ര സംക്ഷിപ്തമാണ് ആ പ്രസംഗം.

മതവിദ്വേഷത്തിന്റെ കൊടുംവിഷം. മഹത്തായ ഇന്ത്യന്‍ സംസ്‌കാരത്തെ ബ്രാഹ്മണ പൌരോഹിത്യ മതമാക്കി ചുരുക്കാനുള്ള നീചശ്രമം. ശശികല ടീച്ചറെ ബാധിച്ചിരിക്കുന്നത് വേറെ പ്രേതമൊന്നുമല്ല.

ഗാന്ധിജയന്തിക്കുപകരം ഗോഡ്‌സെ ജയന്തി; ജനുവരി 30ന് രാജ്യം രക്തസാക്ഷിദിനം ആചരിക്കുമ്പോള്‍ ദീപങ്ങള്‍ കൊളുത്തി മധുരപലഹാരം വിതരണം ചെയ്യല്‍. ഗാന്ധിഘാതകര്‍ (ഗോഡ്‌സെയും നാരായണ്‍ ആപ്‌തെയും) തൂക്കിലേറ്റപ്പെട്ട നവംബര്‍ 15 ‘ബലിദാന്‍ദിന’മായി ആചരിക്കല്‍; ഗോഡ്‌സെയ്ക്ക് ക്ഷേത്രമുണ്ടാക്കി വിഗ്രഹത്തിന് ‘ആരതി’ അര്‍പ്പിക്കല്‍ എന്നീ പരിപാടികളാണ് ആരാധകര്‍ ഏതാണ്ടൊക്കെ രഹസ്യമായി ചെയ്തുകൊണ്ടിരുന്നത്. എന്നാല്‍, ഇപ്പോള്‍ അതും അതിലപ്പുറവും പരസ്യമായി ചെയ്യാനുള്ള ആവേശം അവര്‍ക്ക് ലഭിച്ചിരിക്കുന്നു.

ആ ആവേശത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഗോഡ്‌സെയെ മഹത്വവല്‍ക്കരിച്ചും ഗാന്ധിയെ അപമാനിച്ചുമുള്ള ഒരു പുസ്തകത്തിന്റെ പ്രകാശനം ബിജെപി ഭരിക്കുന്ന ഗോവയില്‍ കഴിഞ്ഞ രക്തസാക്ഷിദിനത്തില്‍ നടന്നത്. അനൂപ് സര്‍ദേശായി എന്നയാള്‍ എഴുതിയ Nathuram Godse, The Story Of An Assassin’ ആണ് പ്രകാശനം ചെയ്തത്.

പ്രസ്തുത പുസ്തകത്തിന്റെ വായന മതേതരസംസ്‌കാരത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന ഒരു സാമാന്യ മനുഷ്യനെ സംബന്ധിച്ചിടത്തോളം നിര്‍ഭാഗ്യകരവും ക്രൂരവുമായ ഒരു അനുഭവമായിരിക്കുമെന്ന് പറയട്ടെ. കാരണം അതിന്റെ വായനയ്ക്കുശേഷം എനിക്ക് നാലഞ്ചുനാളെങ്കിലും ശരിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. എന്തോ ഒരു വക കുറ്റബോധമാണ് എന്നെ ബാധിച്ചത്.

രാഷ്ട്രീയവ്യക്തിത്വമായ മഹാത്മജി വിമര്‍ശത്തിന് അതീതനാണെന്ന് ഈ ലേഖകന്‍ കരുതുന്നില്ല. വിമര്‍ശനാത്മകമായ സംവാദത്തെ ക്ഷണിക്കുന്ന നിരവധി സാമ്പത്തിക പരിപാടികളും വികസന കാഴ്ചപ്പാടുകളും ഗാന്ധി മുന്നോട്ടുവയ്ക്കുന്നുണ്ട്. സംവാദാത്മകമായ ഒരു ജനാധിപത്യത്തിലാണ് അദ്ദേഹം വിശ്വസിക്കുന്നത്. അതുകൊണ്ട് വിമര്‍ശങ്ങള്‍ തികച്ചും സ്വാഭാവികം. അത് ഗാന്ധിയുടെ കാലത്തും പിന്നീടും ഉണ്ടായിട്ടുണ്ട്.

പക്ഷേ, ഗോഡ്‌സെയെ മഹത്വവല്‍ക്കരിക്കാനും രാഷ്ട്രീയ ഹിന്ദുത്വത്തെ ന്യായീകരിക്കാനുംവേണ്ടി മഹാത്മജിയെ ഒരു ദുഷ്ട കഥാപാത്രമാക്കി ഇവിടെ അവതരിപ്പിക്കുകയാണ്.

അവതാരതുല്യമായ മാഹാത്മ്യവര്‍ണനയോടെയാണ് ഗോഡ്‌സെയെയും രക്ഷാകര്‍ത്താവായ സവര്‍ക്കറെയും ചിത്രീകരിക്കുന്നത്. (ഏതാണ്ട് മോഡി വന്നപോലെതന്നെ. സന്യാസിയുടെ പ്രവചനഫലമായുണ്ടായ ജനനം; കുളത്തില്‍ വീണ ബാലനെ രക്ഷിക്കല്‍. അനാഥനായ വിഷ്ണു കാര്‍ക്കറെ അഹമ്മദാബാദില്‍ ചെന്ന് ചായക്കടയില്‍ പാത്രം കഴുകുന്നുമുണ്ട്) അതേസമയം, ഇന്ത്യയുടെ തകര്‍ച്ചയ്ക്കും പതനങ്ങള്‍ക്കുമുള്ള ഏക കാരണക്കാരനായി ഗാന്ധിയെ സ്ഥാപിക്കാന്‍ കൃത്രിമമായി ശ്രമിക്കുന്നു.

തികച്ചും അനിവാര്യമായ ഒന്നായിരുന്നു ഗാന്ധിവധമെന്നും അതിലൂടെ ഇന്ത്യ രക്ഷപ്പെട്ടുവെന്നും പറഞ്ഞ് സര്‍ദേശായി ഗോഡ്‌സെയെ ശക്തമായി ന്യായീകരിക്കുന്നു. ഇതിനെല്ലാം ഗ്രന്ഥകാരനുള്ള അവലംബം നാട്ടില്‍ നമ്മള്‍ കാണുന്ന (ചരടുകെട്ടി കുറിവരച്ച് നടക്കുന്ന) ഒരു സാദാ അന്ധ ഹിന്ദുതീവ്രവാദിയുടെ കൈയിലിരിപ്പായ കേവല മുസ്‌ളിംവിരോധമല്ലാതെ മറ്റൊന്നുമല്ല എന്നതാണ് വ്യസനകരമായ സംഗതി.

ഏതാണ്ടൊരു മാമാങ്കംപോലെ ഈ ഗാന്ധിനിന്ദ പ്രകാശനം ചെയ്യാനുള്ള ഹിന്ദുത്വവാദികളുടെ നീക്കത്തെ ഗോവന്‍ ജനത തടഞ്ഞു എന്നാണ് അറിഞ്ഞത്. ഗാന്ധി രക്തസാക്ഷിദിനത്തില്‍ മര്‍ഗോവയിലെ സര്‍ക്കാര്‍ സ്ഥാപനമായ രവീന്ദ്രഭവനില്‍വച്ച് ഭവന്റെ ചെയര്‍മാനും മുതിര്‍ന്ന ബിജെപി നേതാവുമായ ദാമോദര്‍ നായിക് പുസ്തകം പ്രകാശനം ചെയ്യുമെന്നായിരുന്നു നിശ്ചയം.

എന്നാല്‍, ഭവനിലേക്കുള്ള എല്ലാ പ്രവേശനമാര്‍ഗങ്ങളും ഉപരോധിച്ച് പ്രകാശനം തടസ്സപ്പെടുത്തുമെന്ന് ജനങ്ങള്‍ പ്രഖ്യാപിച്ചതോടെ നായിക്കും സര്‍ദേശായിയും മുങ്ങി.

പിന്നീട് മറ്റൊരു വേദിയില്‍വച്ച് പുസ്തകം പ്രകാശനം ചെയ്യപ്പെട്ടു എന്നാണ് ഗ്രന്ഥകാരന്‍ അവകാശപ്പെടുന്നത്. ഗോഡ്‌സെയുടെ സഹോദരപുത്രിയും സവര്‍ക്കറുടെ മരുമകളുമായ ഹിമാനിയുടെ മകന്‍ സത്യകി സവര്‍ക്കര്‍ പുസ്തകം പ്രകാശനം ചെയ്തുവത്രേ.

അരുവിപ്പുറവും കയ്യൂരും വയലാറും ഉള്‍പ്പെടുന്ന ആധുനിക ജനാധിപത്യ കേരളത്തെ പാഠം പഠിപ്പിക്കാന്‍ കുറെ ‘ഹിന്ദുപാനി വാലകള്‍’ വടക്കുനിന്ന് ഹാലിളകി വരികയാണ്. വീട്ടില്‍ കയറിവന്ന് കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുമെന്നാണ് ഭീഷണി. വരുന്നവരില്‍ എത്ര ഗോഡ്‌സെകള്‍, സവര്‍ക്കര്‍മാര്‍, ആപ്‌തെമാര്‍ ഉണ്ടെന്നതാണ് ഇനി അറിയേണ്ടത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News