പണം നല്‍കി ആളെ കൂട്ടാന്‍ ബിജെപി; തനിക്ക് ഒരു കോടി രൂപ വാഗ്ദാനം ലഭിച്ചെന്ന് പട്ടേല്‍ പ്രക്ഷോഭ നേതാവ്

ദില്ലി: ബിജെപിയില്‍ ചേരുന്നതിന് തനിക്ക് ഒരു കോടി രൂപ വാഗ്ദാനം ലഭിച്ചെന്ന് പട്ടേല്‍ പ്രക്ഷോഭ നേതാവ് നരേന്ദ്ര പട്ടേല്‍. ഞായറാഴ്ച രാത്രി വൈകി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നരേന്ദ്രന്റെ വെളിപ്പെടുത്തല്‍.

പട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതിയുടെ (പിഎഎഎസ്) കണ്‍വീനര്‍ കൂടിയായ നരേന്ദ്ര പട്ടേല്‍ ഞായറാഴ്ച വൈകുന്നേരം ബിജെപിയില്‍ ചേര്‍ന്നിരുന്നു. തുടര്‍ന്ന് രാത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഒരു കോടി രൂപ കോഴവാഗ്ദാനം ലഭിച്ചെന്നും 10 ലക്ഷം രൂപ അഡ്വാന്‍സ് ആയി ലഭിച്ചെന്നും വെളിപ്പെടുത്തിയത്. തനിക്ക് ലഭിച്ച നോട്ടുകെട്ടുകള്‍ നരേന്ദ്ര പട്ടേ മാധ്യമപ്രവര്‍ത്തകരെ കാണിക്കുകയും ചെയ്തു.

ബാക്കി 90 ലക്ഷം രൂപ തിങ്കളാഴ്ച നല്‍കാമെന്നാണ് ബിജെപി നേതാക്കള്‍ പറഞ്ഞിരിക്കുന്നത്. ബിജെപിയുടെ നിലപാട് മാധ്യമങ്ങള്‍ക്കുമുന്നില്‍ പരസ്യപ്പെടുത്താനാണ് താന്‍ പണം വാങ്ങിയതെന്നും നരേന്ദ്ര കൂട്ടിച്ചേര്‍ത്തു. റിസര്‍വ് ബാങ്ക് മുഴുവനായി നല്‍കിയാലും തന്നെ വിലക്കെടുക്കാനാവില്ലെന്നും നരേന്ദ്ര പട്ടേല്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഹാര്‍ദിക് പട്ടേലിന്റെ അനുയായിയായിരുന്ന വരുണ്‍ പട്ടേല്‍ കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നിരുന്നു. വരുണ്‍ വഴിയാണ് ബിജെപി ഒരു കോടി രൂപ വാഗ്ദാനം ചെയ്തതെന്നും നരേന്ദ്ര പട്ടേല്‍ വെളിപ്പെടുത്തി.

അതേസമയം, ആരോപണങ്ങള്‍ വരുണ്‍ നിഷേധിച്ചു. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ ബിജെപി ഇതുവരെ തയ്യാറായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here