പെരുന്തേനരുവി പദ്ധതി ഇന്ന് നാടിന് സമര്‍പ്പിക്കും

പത്തനംതിട്ട: പമ്പാ നദിയില്‍ നിര്‍മിച്ച ആദ്യത്തെ ചെറുകിട ജലവൈദ്യുത പദ്ധതിയായ പെരുന്തേനരുവി ജലവൈദ്യുത പദ്ധതി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. ഇതിനൊപ്പം പെരുന്തേനരുവി ഡാം ടോപ് ബ്രിഡ്ജിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും.

റാന്നി താലൂക്കില്‍ നാറാണംമൂഴിവെച്ചൂച്ചിറ പഞ്ചായത്തുകളിലായി പമ്പാ നദിയില്‍ പെരുന്തേനരുവി വെള്ളച്ചാട്ടത്തിനു സമീപമാണ് ചെറുകിട ജലവൈദ്യുത പദ്ധതി നിര്‍മിച്ചിരിക്കുന്നത്. ഈ പദ്ധതിയാണ് ഇന്ന് വൈകീട്ട് 3നു മുഖ്യമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിക്കുന്നത്.

ആറ് മെഗാവാട്ട് സ്ഥാപിത ശേഷിയും 25.77 ദശലക്ഷം യൂണിറ്റ് വാര്‍ഷിക ഉത്പാദനവുമുള്ള പെരുന്തേനരുവി പവര്‍‌സ്റ്റേഷനില്‍ നിന്നുള്ള വൈദ്യുതി റാന്നി 110 കെവി സബ് സ്റ്റേഷന്‍ വഴിയും, റാന്നിപെരുനാട് 33 കെവി സബ് സ്റ്റേഷന്‍ വഴിയും പ്രസരണം ചെയ്യും. പമ്പാ നദിയില്‍ നിര്‍മിച്ച ആദ്യത്തെ ചെറുകിട ജലവൈദ്യുത പദ്ധതിയാണ് പെരുന്തേനരുവിയിലേത്.

നിരവധി തൊഴിലവസരങ്ങളും മേഖലയുടെ സുസ്ഥിര വികസനവും പെരുന്തേനരുവി പദ്ധതിയിലൂടെ സാധ്യമായിട്ടുണ്ട്. ഇരുകരകളേയും ബന്ധിപ്പിച്ച് നിര്‍മിച്ചിരിക്കുന്ന ഡാം ടോപ്പ് ബ്രിഡ്ജും 700 മീറ്ററോളം നീളമുള്ള അപ്രോച്ച് റോഡും കടത്തു വഞ്ചിയെ മാത്രം ആശ്രയിച്ചിരുന്ന നാട്ടുകാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒരുപോലെ പ്രയോജനകരമാണ്.

ഇതിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. പെരുന്തേനരുവി പവര്‍ഹൗസ് പരിസരത്ത് നടക്കുന്ന സമ്മേളനത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, രാജു ഏബ്രഹാം എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News