ഈ ചിത്രം എല്ലാം പറയും; മലയാള സിനിമ മണ്ണിലും ചെളിയിലും ഇറങ്ങിയിരുന്ന കാലം

കഴിഞ്ഞ ദിവസം പ്രശസ്ത സംവിധായകന്‍ ടിവി ചന്ദ്രന്റെ തിരുവനന്തപുരത്തെ വീട്ടില്‍ പോയപ്പോള്‍ കണ്ട ചിത്രമാണിത്. 1994ല്‍ പുറത്തിറങ്ങിയ ‘പൊന്തന്‍മാട’ എന്ന ചിത്രത്തിന്റെ ഒരു ലൊക്കേഷന്‍ സ്റ്റില്‍ അദ്ദേഹം ഭദ്രമായി ലാമിനേറ്റ് ചെയ്ത് ചുമരില്‍ തൂക്കിയിരിക്കുന്നു.

തൊട്ട് മുമ്പത്തെ ദിവസം വായിച്ച ഒരു സിനിമാ ലേഖനത്തിനുള്ള മറുപടിയായാണ് ആ ചിത്രം ആദ്യത്തെ നോട്ടത്തില്‍ തന്നെ അനുഭവപ്പെട്ടത്. മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ ‘മണ്ണിലിറങ്ങാത്ത’തിനെക്കുറിച്ചുള്ള ഒരു കൊടും വിമര്‍ശനമായിരുന്നു ലേഖനം.

താരങ്ങള്‍ മണ്ണിലല്ല, പാടത്തെ ചെളിയില്‍ വരെയിറങ്ങിയിരുന്നവരാണെന്ന് ഓര്‍മ്മപ്പെടുത്തിയ ആ ചിത്രം ആ ലേഖനത്തിനുള്ള ശക്തമായ മറുപടിയാണെന്ന് തോന്നി.

”മമ്മൂട്ടി എന്ന നടന്റെ വലിയ ത്യാഗമാണ് ആ ചിത്രം. ചിത്രം ചിത്രീകരിക്കാനെടുത്ത നാല്‍പ്പത് ദിവസവും മമ്മൂട്ടി പാടത്തെ ചെളിയിലായിരുന്നു. നാല്‍പ്പതുകളിലെ ഒരു ദളിത് കര്‍ഷക തൊഴിലാളിയായി അസാധാരണ രൂപമാറ്റമാണ് മമ്മൂട്ടിക്ക് സംഭവിച്ചത്.

യുവാവായ മാടയും വൃദ്ധനായ മാടയുമായി മമ്മൂട്ടി അല്‍ഭുതകരമായ പ്രകടനമാണ് കാഴ്ച്ചവെച്ചത്. മണിക്കൂറോളം കവുങ്ങില്‍ കയറ്റി നിര്‍ത്തിയിട്ടുണ്ട് നടനെ. ഷോട്ട് ശരിയാകേണ്ടുന്ന മുറക്ക് വീണ്ടും വീണ്ടും കവുങ്ങില്‍ കയറ്റും. തെങ്ങുപോലെ എളുപ്പമല്ല കവുങ്ങില്‍ കയറ്റം. കവുങ്ങ് ആടിയുലയും. അങ്ങിനെ ആവുന്നത്ര ശരീരം കൊണ്ടും ജീവിതം കൊണ്ടും മമ്മൂട്ടി പൂര്‍ണ്ണമായും കഥാപാത്രമായതാണ് സിനിമയുടെ വിജയം”-24 വര്‍ഷം മുമ്പുള്ള ആ ചിത്രീകരണാനുഭവം ടിവി ചന്ദ്രന്‍ പങ്കുവെച്ചു.

അപ്പോള്‍ ചുവരില്‍ തൂങ്ങുന്നത് വെറുമൊരു ചിത്രമല്ല. ഒരു ചരിത്രം തന്നെയാണ്. ക്യാമറയും യൂണിറ്റുമെല്ലാം നടനൊപ്പം ചെളിയിലേക്ക് ചാടുകയായിരുന്നുവെന്ന് വേണം അനുമാനിക്കാന്‍. ചിത്രത്തില്‍ സംവിധായകനും നടനുമൊപ്പം ഛായാഗ്രഹന്‍ വേണുവിനെയും കാണാം.

1994ല്‍ ദേശീയ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ ആ ത്യാഗത്തിനുള്ള ഫലം കിട്ടി. മമ്മൂട്ടിക്ക് മികച്ച നടനുള്ള ഭരത്. ടിവി ചന്ദ്രന്‍ മികച്ച സംവിധായകന്‍. ജോണ്‍സണ്‍ മികച്ച പശ്ചാത്തല സംഗീതജ്ഞന്‍.

ആ വര്‍ഷത്തെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡും പൊന്തന്മാടക്കായിരുന്നു. കഴിഞ്ഞ വര്‍ഷം ടിവി ചന്ദ്രന് മുട്ടത്തുവര്‍ക്കി അവാര്‍ഡ് നേടിക്കൊടുത്തതും പൊന്തന്‍മാടയുടെ തിരക്കഥയായിരുന്നു.

സിവി ശ്രീരാമന്റെ പൊന്തന്‍മാട, ശീമത്തമ്പുരാന്‍ എന്നീ ചെറുകഥകളായിരുന്നു സിനിമയ്ക്ക് ആധാരം. നസറുദ്ദീന്‍ഷായുടെ ശീമത്തമ്പുരാനും മമ്മൂട്ടിയുടെ മാടയും തമ്മിലുള്ള അത്യപൂര്‍വ്വമായ സൗഹൃദത്തിന്റെയും നാടുവാഴി വിധേയത്വത്തിന്റെയും കഥയാണ് സിനിമ.

വീടിന്റെ മുകളിലെ നിലയിലുള്ള ശീമത്തമ്പുരാനും കവുങ്ങിന്‍ മുകളിലെ മാടയും തമ്മിലുള്ള സൗഹൃദം പങ്കുവയ്ക്കലുകള്‍ ഇപ്പോഴും പ്രേക്ഷകരുടെ മനസില്‍ മായാത്ത മനോഹരദൃശ്യമാണ്. ഒപ്പം തന്നെ കേരളത്തിലെ ദളിത് ജീവിതത്തിന്റെ ചരിത്രം അടയാളപ്പെടുത്തിയ അപൂര്‍വ്വം മലയാള സിനിമകളിലൊന്നുകൂടിയാണ് പൊന്തന്‍ മാട.

കാല്‍ നൂറ്റാണ്ടിന് ശേഷവും അത്തരമൊരു ധീരത കലാപരമായി നിര്‍വ്വഹിച്ചതിന് ഇപ്പോഴും നമുക്ക് നല്ല തെളിവുകളില്ല. അതുകൊണ്ട് കൂടിയാണ് ആ ‘ചിത്രം’ ചരിത്രമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News