ഫിഫയുടെ ഈ വര്‍ഷത്തെ മികച്ച ഫുട്‌ബോളര്‍ അവാര്‍ഡ് ജേതാവിനെ ഇന്ന് ലണ്ടനില്‍ പ്രഖ്യാപിക്കും. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസി, നെയ്മര്‍ എന്നിവരാണ് ഫിഫയുടെ പട്ടികയിലുള്ളത്.

ബാലണ്‍ ദ്യോര്‍ പുരസ്‌കാരം നിര്‍ത്തലാക്കിയതിനുശേഷം തുടങ്ങിയ ഫിഫ ബെസ്റ്റ് ഫുട്‌ബോളറിന്റെ ആദ്യ അവാര്‍ഡും കഴിഞ്ഞ വര്‍ഷം ക്രിസ്റ്റ്യാനോയാണ് നേടിടിരുന്നത്.

റയലിനായി ലാ ലിഗ, ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പോര്‍ച്ചുഗീസ് സൂപ്പര്‍താരം റൊണോള്‍ഡോയ്ക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം റയല്‍ നിലനിര്‍ത്തിയപ്പോള്‍ അതില്‍ ക്രിസ്റ്റ്യാനോയുടെ പങ്ക് നിര്‍ണായകമായിരുന്നു.

സാന്റിയാഗോ ബെര്‍ണാബ്യുവില്‍ നടന്ന ബയണ്‍ മ്യൂണിക്കിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രിസ്റ്റ്യാനൊ ഹാട്രിക്കടക്കം അഞ്ച് ഗോളുകളാണ് നേടിയത്.  അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ സെമിഫൈനല്‍ ആദ്യ പാദത്തിലും ക്രിസ്റ്റ്യാനൊ ഹാട്രിക് അടിച്ചു.

യുവന്റസിനെതിരായ ഫൈനലിലും റോണോ രണ്ടു ഗോളുകള്‍ നേടിയിരുന്നു. ഈ വര്‍ഷത്തെ യൂറോപ്യന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരവും ക്രിസ്റ്റ്യാനോയ്ക്കായിരുന്നു. കഴിഞ്ഞ സീസണില്‍ ഗോള്‍ നേട്ടത്തില്‍ റൊണാള്‍ഡോയെക്കാള്‍ മുന്നിലാണ് മെസി.

പുരസ്‌ക്കാര പോരാട്ടത്തില്‍ മെസ്സി പുറകില്‍

ബാഴ്‌സക്കായി മെസി 54 ഗോളുകള്‍ നേടിയെങ്കിലും സ്പാനിഷ് സൂപ്പര്‍ കപ്പും കോപ്പഡെല്‍റേ കിരീടവും മാത്രമാണ് മെസിയുടെ അക്കൗണ്ടിലുള്ളത്. പോരാട്ടത്തില്‍ മെസിയെ പിന്നോട്ടടിക്കുന്നതും ഈ കുറവ് തന്നെ.

ബെസ്റ്റ് ഫിഫ പുരുഷ ഫുട്‌ബോളര്‍ക്കുള്ള അവാര്‍ഡ് കൂടാതെ മികച്ച വനിതാ താരം, പുരുഷ കോച്ച്, വനിതാ കോച്ച്, മികച്ച ഗോള്‍കീപ്പര്‍, ഫിഫ പുഷ്‌കാസ് അവാര്‍ഡ്, ഫാന്‍ അവാര്‍ഡ്, ഫെയര്‍പ്ലെ അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങളും ഇന്ന് പ്രഖ്യാപിക്കും. കൂടാതെ ലോക ഇലവനേയും ഇന്ന് പ്രഖ്യാപിക്കും.

പുരുഷ കോച്ചിനുള്ള സാധ്യതാ പട്ടികയില്‍ റയല്‍ മാനേജര്‍ സിനദിന്‍ സിദാന്‍, ഇറ്റാലിയന്‍ ഫുട്‌ബോള്‍ ടീം മാനേജര്‍ മാസ്സിമില്യാനോ അല്ലെഗ്രി, ചെല്‍സി കോച്ച് അന്റോണിയോ കോണ്ടെ എന്നിവരാണ് ആദ്യ മൂന്നില്‍ ഇടംപിടിച്ചിട്ടുള്ളത്.

മികച്ച ഗോള്‍ക്കീപ്പര്‍ക്കുള്ള അവാര്‍ഡ് പട്ടികയില്‍ ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ഗ്യാന്‍ല്യുജി ബൂഫന്‍, റയല്‍ ഗോള്‍കീപ്പര്‍ കെയ്‌ലര്‍ നവാസ്, ബയറണ്‍ താരം മാനുവല്‍ നൂയര്‍ എന്നിവര്‍ക്കാണ് സാധ്യത.