കീഴാള ദളിത കൂട്ടായ്മയുടെ മനോഹരമായ ഏടുകള്‍ പുന്നപ്ര വയലാര്‍ പോരാട്ടങ്ങളില്‍ കണ്ടെത്താനായേക്കും; പി ജെ ചെറിയാന്‍ എഴുതുന്നു.

നാഗരികതയുടെ ആരംഭംമുതല്‍ ഇപ്പോഴും തുടരുന്ന സാമൂഹ്യ രാഷ്ട്രീയ വ്യവസ്ഥിതികളില്‍ കീഴാളരും അവരുടെ വിധേയത്വവും ഒഴിവാക്കാനാകാത്ത യാഥാര്‍ഥ്യമാണ്.

പലപ്പോഴും താങ്ങാവുന്നതിലേറെ ഭാരം ചുമലിലേല്‍ക്കേണ്ടിവന്ന കീഴാളവിഭാഗങ്ങളുടെ നട്ടെല്ല് സ്വാഭാവികമെന്നവണ്ണം വളഞ്ഞുപോയിരുന്നു. നിവരാനാകാത്തവിധം നിവര്‍ന്നാല്‍ ഒടിഞ്ഞുപോകുന്ന അവസ്ഥ.

ദീര്‍ഘമായ അത്തരം സഹനപര്‍വങ്ങള്‍ക്കിടയിലെ ഒറ്റപ്പെട്ടതെന്ന് പുറമേക്ക് തോന്നാവുന്ന നിരവധി ചെറുത്തുനില്‍പ്പുകള്‍, നിഷേധങ്ങള്‍, പ്രതിഷേധങ്ങള്‍ വലക്കണ്ണികള്‍പോലെ ശക്തിപ്രാപിച്ച് വ്യാപകമാകുന്നത് 20ാംനൂറ്റാണ്ടിലാകണം.

അതിന് ഫ്രഞ്ച് വിപ്‌ളവം തുടങ്ങി ശാസ്ത്രസാങ്കേതിക വിദ്യാഭ്യാസമേഖലകളിലെ മുന്നേറ്റങ്ങള്‍, അവയോട് ചേര്‍ത്തുവയ്ക്കാവുന്ന മറ്റു നിരവധി വിഷയങ്ങളും സംഭവങ്ങളും ഉണ്ടെങ്കിലും പോരാട്ടങ്ങളുടെ ചരിത്രത്തിന് ആഴവും പരപ്പും ഉണ്ടാകുന്നത് മാര്‍ക്‌സിന്റെ രചനകളിലാണ്.

അത് ലോകമെമ്പാടും കാട്ടുതീപോലെയാണ് വ്യാപിച്ചത്. ചിന്തിക്കുന്ന മനുഷ്യരെ മുഴുവന്‍ സ്വാധീനിക്കാന്‍ അതിന് കെല്‍പ്പുണ്ടായിരുന്നു. അത്തരം സ്വാധീനത്തിന്റെ കേരളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത അടയാളമായി 20ാംനൂറ്റാണ്ടിലെ നാല്‍പ്പതുകളില്‍ നടന്ന പുന്നപ്ര വയലാര്‍ പോരാട്ടങ്ങളെ വിലയിരുത്താമെന്ന് തോന്നുന്നു.

കീഴാളജനതയുടെ നടുനിവര്‍ക്കലിന്റെ ഏടുകള്‍ സാമൂഹ്യനീതി മുന്‍നിര്‍ത്തിയ സാമൂഹ്യമാറ്റം ആഗ്രഹിക്കുന്നവര്‍ക്കെല്ലാം വീണ്ടും വീണ്ടും പഠനവിശകലനങ്ങള്‍ക്കുള്ള വിലപ്പെട്ട അവസരമാണ് നല്‍കുന്നത്.

ചരിത്രം എപ്പോഴും വിജയിക്കുന്നവര്‍ക്കൊപ്പമാണെന്ന് സ്ഥാപിക്കാനാണ് എഴുതപ്പെട്ട വ്യാഖ്യാനങ്ങള്‍ സാധാരണഗതിയില്‍ ശ്രമിക്കുന്നത്. അത്തരം ചരിത്ര ആഖ്യാനങ്ങളുടെ സ്വാധീനം കൊണ്ടാകാം സമൂഹത്തില്‍ ഓരംചേര്‍ന്ന് പോകുന്നവരെ, പരാജിതരെ, കഷ്ടപ്പെടുന്നവരെ, അഭയാര്‍ഥികളെ,

വിശക്കുന്നവരെ മുഖ്യധാരാസമൂഹം അവഗണിക്കുകയോ കണ്ടില്ലെന്ന് നടിക്കുകയോ ചെയ്യുന്നത്. വിജയത്തിനായി മുന്നോട്ടും മേലോട്ടും നോക്കുന്ന രീതി.

ഈ മനോഭാവം ചരിത്രപഠനങ്ങളിലും നിഴലിക്കുന്നതായി കാണാന്‍ കഴിയും. കീഴാളരുടെ സമരപോരാട്ടങ്ങള്‍ക്ക് ആരും സാമൂഹ്യശാസ്ത്ര പഠനങ്ങളില്‍ അടുത്തകാലംവരേക്കും വലിയ പ്രാധാന്യം കല്‍പ്പിച്ചിരുന്നില്ല.

ഇരുപതാംനൂറ്റാണ്ടിലെ ഇന്ത്യന്‍ സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലങ്ങളിലെ പഠനവിഷയങ്ങള്‍ പരിശോധിച്ചാല്‍ ഈ അവഗണന പെട്ടെന്ന് ബോധ്യപ്പെടാം.

അവയിലൊന്നും കീഴാള ജനത പ്രത്യേകിച്ചൊരു പങ്കും വഹിച്ചതായി കാണാന്‍ കഴിയില്ല. ഏറിയ പങ്ക് പഠനങ്ങളുടെയും ഉള്ളടക്കം നിര്‍ണയിച്ചത് രാഷ്ട്രീയസ്വാതന്ത്യ്രം വിജയലക്ഷ്യമാക്കിയ കാഴ്ചപ്പാടുകളായിരുന്നു. പക്ഷേ, പടിപടിയായി ഒരു കീഴാളസാന്നിധ്യം ഇന്ത്യന്‍ ചരിത്രപഠനങ്ങളില്‍ രംഗപ്രവേശനം ചെയ്യുന്നതായി കാണാന്‍ കഴിയും.

അത്തരം ഒരു ധാരയ്ക്ക് ശാസ്ത്രീയ അടിത്തറ ഉണ്ടാക്കിയത് മാര്‍ക്‌സിയന്‍ ദര്‍ശനത്തിലൂന്നിയ ഡി ഡി കൊസാംബിയുടെ ചരിത്രരചനകളായിരുന്നു.

വസ്തുനിഷ്ഠതയിലും സമഗ്രതയിലും സൂക്ഷ്മതയിലും മനുഷ്യത്വത്തിലും ഊന്നിയ അദ്ദേഹത്തിന്റെ പഠനരീതിശാസ്ത്രം ചരിത്രത്തിന്റെ ചാലകശക്തിയായി അടിസ്ഥാനവര്‍ഗങ്ങളെ കണ്ടെത്തുന്നിടത്ത് പുതിയ ചിന്തകള്‍ക്കുള്ള തുടക്കംകുറിച്ചു.

മുഖ്യധാരാ സ്വാതന്ത്യ്രസമരം എങ്ങനെ ഇന്ത്യന്‍ സാമൂഹിക യാഥാര്‍ഥ്യങ്ങളെ നിരാകരിക്കുന്നുവെന്നും അവ എങ്ങനെ കീഴാളപക്ഷ ചെറുത്തുനില്‍പ്പുകളെയും പോരാട്ടങ്ങളെയും അവഗണിക്കുന്നുവെന്നും തിരിച്ചറിയാന്‍ തുടങ്ങിയത് മാര്‍ക്‌സിയന്‍ ചരിത്രരചനകളിലൂടെയാണ്.

ഈ കാഴ്ചപ്പാട് ഇന്ത്യന്‍ സ്വാതന്ത്യ്രസമരചരിത്രത്തെ സമ്പന്ന സവര്‍ണ വിഭാഗങ്ങളുടെ ആത്മീയ രചനയായി വിമര്‍ശിക്കപ്പെടാവുന്ന അവസ്ഥ സൃഷ്ടിച്ചു.

തൊഴിലാളിവര്‍ഗമെന്ന സങ്കല്‍പ്പനത്തിലൂടെമാത്രം സമഗ്രമായ ഇറ്റാലിയന്‍ ചരിത്രം സാധ്യമാകില്ലെന്ന തിരിച്ചറിവാണ് അന്തോണിയോ ഗ്രാംഷിയെ കീഴാളവര്‍ഗമെന്ന സങ്കല്‍പ്പനത്തിലേക്ക് എത്തിച്ചത്. ഇടമുറിഞ്ഞതാണെങ്കിലും കീഴാളരുടെ തുടര്‍ച്ചയായ ഇടപെടലുകള്‍ ചരിത്രനിര്‍മിതിയില്‍ നിര്‍ണായകമാണെന്ന് അദ്ദേഹം കണ്ടെത്തി.

സഹനശേഷിക്കൊപ്പം വലിയ പ്രതികരണശേഷിക്ക് കെല്‍പ്പുള്ളവര്‍ എന്ന നിലയിലാണ് കീഴാളരുടെ ചരിത്രപ്രാധാന്യം ഗ്രാംഷി വിലയിരുത്തുന്നത്. കീഴാളമുന്നേറ്റങ്ങള്‍ക്ക് പലപ്പോഴും തുടര്‍ച്ചയായ പരാജയം ഉണ്ടാകാമെന്ന് അദ്ദേഹം പറയുന്നു. എന്തുകൊണ്ടെന്നാല്‍ ഒരു കലാപത്തിനായി കീഴാളര്‍ ഉണര്‍ന്നെണീക്കുമ്പോള്‍പ്പോലും അവര്‍ വ്യത്യസ്ത അധികാരനുകങ്ങള്‍ക്ക് കീഴ്‌പെട്ടിരിക്കുന്നു.

അതവരുടെ പരാജയത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. ശാശ്വതവിജയത്തിന് നിരന്തരമായ സംഘാടനവും മുന്നേറ്റവും അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കീഴാളജീവിതവുമായി വൈകാരികമായ അടുപ്പവും ആവേശവും രൂപപ്പെടുത്തുന്ന ജൈവ ബുദ്ധിജീവികളുടെ പങ്കും പ്രാധാന്യവും എടുത്തുപറയുന്നത് ഈ സന്ദര്‍ഭത്തിലാണ്.

ഇന്ത്യന്‍ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളില്‍ ജാതിയെന്ന അധികാരവ്യവസ്ഥയിലെ കീഴാളതയെ ദളിതരെന്ന് അടയാളപ്പെടുത്തിയത് അംബേദ്കറായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ജാതി, രാഷ്ട്രീയവും സാമൂഹികവും മതപരവും സാമ്പത്തികവും സാംസ്‌കാരികവുമായ മേഖലകളെ സ്പര്‍ശിക്കുന്ന വിഷയമായിരുന്നു.

നീതിയും മനുഷ്യത്വവും നിരന്തരമായി നിഷേധിക്കുന്ന ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥിതിയിലെ പ്രാഥമിക യാഥാര്‍ഥ്യമായി അദ്ദേഹം ദളിതാവസ്ഥയെ കണ്ടെത്തുന്നു. ബ്രാഹ്മണാധിപത്യത്തിന്റെ തകര്‍ച്ചയിലൂടെയല്ലാതെ ഇന്ത്യക്ക് വിമോചനം സാധ്യമല്ലെന്ന് അദ്ദേഹം തന്റെ ചരിത്രാന്വേഷണങ്ങളില്‍നിന്ന് ഗ്രാംഷിയെപ്പോലെ സ്ഥാപിക്കാനാണ് ശ്രമിച്ചത്.

അംബേദ്കറുടെ അനിഹിലേഷന്‍ ഓഫ് കാസ്റ്റ് എന്ന കൃതി ദളിതരുടെ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്നാണ് പലരും വിശേഷിപ്പിച്ചിട്ടുള്ളത്.

തിരുവിതാംകൂറിന്റെയും ഇന്ത്യയുടെയും സവിശേഷ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളില്‍ നടന്ന പുന്നപ്ര വയലാര്‍ സമരങ്ങളെ ഒറ്റപ്പെട്ട പ്രതിഭാസമായി കാണാനോ തിരസ്‌കരിക്കാനോ പ്രകീര്‍ത്തിക്കാനോ അല്ലാതെ ഇതര സമൂഹങ്ങളില്‍ നടന്ന സമാന കീഴാളമുന്നേറ്റങ്ങളുമായി താരതമ്യപഠനം ചെയ്യേണ്ടതുണ്ട്.

ഒരേ സമയം കോളനിവാഴ്ചയും രാജവാഴ്ചയും ജന്മി നാടുവാഴിത്തവും മൂലധന മേല്‍ക്കോയ്മയും ജാതിവ്യവസ്ഥയും മധ്യവര്‍ഗ രാഷ്ട്രീയവും ആധിപത്യം പുലര്‍ത്തിയിരുന്ന സാഹചര്യമായിരുന്നു തിരുവിതാംകൂറില്‍ ഉണ്ടായിരുന്നത്.

ഈ അധീശ പ്രക്രിയകളില്‍ കീഴാളത്തം അനുഭവിക്കേണ്ടിവന്ന ജനതയുടെ സംഘാടനം ഏറ്റെടുത്തത് തിരുവിതാംകൂറില്‍ നിരോധിക്കപ്പെട്ടിരുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനവും കൊച്ചിയിലും മലബാറിലും ഉണ്ടായിരുന്ന കമ്യൂണിസ്റ്റ് പാര്‍ടികളുമാണ്.

ഐതിഹാസികമെന്നുപോലും വിശേഷിപ്പിക്കാവുന്ന മട്ടിലുള്ളതായിരുന്നു അമ്പലപ്പുഴ ചേര്‍ത്തല താലൂക്കുകളില്‍ നടന്ന തൊഴിലാളി കീഴാള സംഘാടനം. അന്ന് രൂപമെടുത്ത സംഘടനകളുടെയും അംഗങ്ങളുടെയും എണ്ണവും സ്വഭാവവും എടുത്തുനോക്കിയാല്‍ അത് വ്യക്തമാകും.

കയര്‍ഫാക്ടറി തൊഴിലാളി യൂണിയന്‍, ബീഡിത്തൊഴിലാളി യൂണിയന്‍, എണ്ണമില്‍ തൊഴിലാളി യൂണിയന്‍, കര്‍ഷകത്തൊഴിലാളി യൂണിയന്‍, ചെത്തുതൊഴിലാളി യൂണിയന്‍, തെങ്ങുകയറ്റ തൊഴിലാളി യൂണിയന്‍, ആശാരി തൊഴിലാളി യൂണിയന്‍, മത്സ്യത്തൊഴിലാളി യൂണിയന്‍, ബാര്‍ബേഴ്‌സ് യൂണിയന്‍, പോര്‍ട്ട് തൊഴിലാളി യൂണിയന്‍ തുടങ്ങിയവയ്‌ക്കൊപ്പം സ്ത്രീസംഘങ്ങളും ബാലസംഘങ്ങളും അവിടെ രൂപപ്പെട്ടിരുന്നു.

പുന്നപ്രവയലാര്‍ സമരങ്ങളുടെ ഒരു പ്രധാന സവിശേഷത അവിടെ രൂപപ്പെട്ട കീഴാള നേതൃനിരയായിരുന്നു. തങ്ങളുടെ സാമൂഹികവും രാഷ്ട്രീയവും സാമുദായികവും കുടുംബപരവുമായ പ്രശ്‌നങ്ങളുടെ ഉള്ളറിഞ്ഞവരും അവയ്ക്ക് പരിഹാരം കാണാന്‍ കഴിവുള്ളവരും ജന്മംകൊണ്ടും ജീവിതംകൊണ്ടും കീഴാളരുമായിരുന്നു അവര്‍.

പാടത്തും പറമ്പിലും പണിയെടുക്കുന്നവരും നെയ്ത്തുകാരും തയ്യല്‍ക്കാരും ഫാക്ടറിത്തൊഴിലാളികളും തെങ്ങുകയറ്റ തൊഴിലാളിയും വള്ളമൂന്നുകാരും വണ്ടി തള്ളുന്നവനും ചുമട്ടുകാരും മീന്‍പിടിത്തക്കാരും എന്തിനേറെ അടിമപ്പണിക്കാര്‍പോലും ആ കൂട്ടരില്‍ ഉണ്ടായിരുന്നു.

ജാതിബന്ധങ്ങളില്‍നിന്നും ജാതിബോധങ്ങളില്‍നിന്നും ഉയര്‍ന്ന് ചിന്തിക്കാന്‍ ഇവര്‍ക്ക് വലിയൊരളവില്‍ സാധിച്ചിരുന്നു. എന്നാല്‍, ജാതിവ്യവസ്ഥ ഒരു ജീവിതയാഥാര്‍ഥ്യമായി നിലനിന്നിരുന്നു എന്നതുകൊണ്ടും ഈ കുറിപ്പ് ചര്‍ച്ച ചെയ്ത കീഴാളത്തവും ആ പ്രദേശത്ത് നിലനിന്നിരുന്ന ദളിതാവസ്ഥയും തമ്മിലുള്ള ബന്ധം മനസ്സിലാക്കാനും ജാതിഘടനയില്‍ അവര്‍ ആരായിരുന്നു എന്ന ചോദ്യം പ്രസക്തമാണ്.

സവര്‍ണതയുടെ നിര്‍വചനത്തില്‍പ്പെടാത്ത ഈഴവരും ധീവരരും മുക്കുവ ക്രിസ്ത്യാനികളും പുലയ പറയ വിഭാഗങ്ങളും ചേര്‍ത്തല അമ്പലപ്പുഴ താലൂക്കുകളിലെ കീഴാള കൂട്ടായ്മയുടെ അവിഭാജ്യഘടകമായിരുന്നു. കീഴാളദളിത ഒരുമയുടെ മനോഹരമായ ഏടുകള്‍ പുന്നപ്ര വയലാര്‍ പോരാട്ടങ്ങളില്‍ കണ്ടെത്താനായേക്കും.

പുന്നപ്രവയലാര്‍ സമരങ്ങളുടെ വക്താക്കളും പ്രയോക്താക്കളും മേല്‍പ്പറഞ്ഞവരായിരുന്നു. ഇവരുടെ ദളിതാവസ്ഥയും കീഴാളത്തവും വര്‍ഗ രാഷ്ട്രീയ ബോധവുമാണ് സംഘടനാതന്ത്രങ്ങളിലും വിഭവശേഷിയിലും സാങ്കേതികമേന്മയിലും സമ്പന്നമായ ഭരണ വര്‍ഗ വിഭാഗങ്ങളോട് ഏറ്റുമുട്ടാന്‍ അവര്‍ക്ക് ഊര്‍ജം പകര്‍ന്നത്.

ഈ സാഹചര്യം ഉളവാക്കുന്ന ഭീകരതയും ദുരന്തവും നെഞ്ചാലെ ഉള്‍ക്കൊണ്ടവരായിരുന്നു പുന്നപ്ര വയലാര്‍ രക്തസാക്ഷികള്‍. അവര്‍ അടയാളപ്പെടുത്തിയ രക്തസാക്ഷിത്വം വിമോചനം കാംക്ഷിക്കുന്ന ഏത് സമൂഹത്തിനും വിലമതിക്കാനാകാത്ത പാഠങ്ങളാകും നല്‍കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News