ഗുജറാത്തില്‍ കൂറുമാറി ബിജെപിയില്‍ ചേരാന്‍ കോടികള്‍ വാഗ്ദാനം; ലഭിച്ച പണവുമായി പട്ടേല്‍ വിഭാഗം നേതാവിന്റെ വാര്‍ത്താ സമ്മേളനം

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ പട്ടേല്‍വിഭാഗം നേതാക്കളെ വശത്താക്കാന്‍ കോടികള്‍ ഒഴുക്കി ഭരണകക്ഷിയായ ബിജെപി.

കൂറുമാറി ബിജെപിയില്‍ ചേരാന്‍ ഒരുകോടി രൂപ വാഗ്ദാനം ചെയ്തതായി പട്ടേല്‍സംവരണ പ്രക്ഷോഭസമിതിയുടെ (പാസ്) വടക്കന്‍ ഗുജറാത്ത് കണ്‍വീനറായ നരേന്ദ്ര പട്ടേല്‍ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. മുന്‍കൂറായി ബിജെപി നേതാക്കള്‍ നല്‍കിയ പത്തുലക്ഷം രൂപ വാര്‍ത്താസമ്മേളനത്തില്‍ പട്ടേല്‍ പ്രദര്‍ശിപ്പിച്ചു.

പണം കൊടുത്ത് നേതാക്കളെ വിലയ്‌ക്കെടുക്കുകയാണ്

ശേഷിക്കുന്ന 90 ലക്ഷം രൂപ തിങ്കളാഴ്ച ബിജെപി സംഘടിപ്പിക്കുന്ന യോഗത്തിനുമുമ്പായി തരാമെന്നാണ് വാഗ്ദാനം നല്‍കിയതെന്നും സമുദായത്തെ വഞ്ചിക്കാന്‍ തനിക്കാകില്ലെന്നും നരേന്ദ്ര പട്ടേല്‍ പറഞ്ഞു.

ബിജെപിയുടെ കള്ളക്കളി പുറത്തുകൊണ്ടുവരുന്നതിനാണ് മുന്‍കൂര്‍ പണം വാങ്ങുകയും തുടര്‍ന്ന് വാര്‍ത്താസമ്മേളനം വിളിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി ഓഫീസില്‍വച്ചാണ് പണം കൈമാറിയത്.

പട്ടേല്‍പ്രക്ഷോഭ സമിതി നേതാക്കളായ വരുണും രേഷ്മയും കഴിഞ്ഞദിവസം ബിജെപിയില്‍ ചേര്‍ന്നിരുന്നു.ഇതിനുമുമ്പായി ഇരുവരും ബിജെപി അധ്യക്ഷന്‍ അമിത് ഷാ, മുഖ്യമന്ത്രി വിജയ് രുപാനി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

സംവരണവിഷയത്തില്‍ സര്‍ക്കാര്‍വിരുദ്ധ നിലപാട് സ്വീകരിച്ച പട്ടേല്‍ സമുദായത്തില്‍ വിള്ളല്‍ സൃഷ്ടിക്കാാണ് ബിജെപി ശ്രമിക്കുന്നത്. എന്നാല്‍, കൂറുമാറ്റത്തിന് പണം വാഗ്ദാനം നല്‍കിയെന്ന വെളിപ്പെടുത്തലുമായി നരേന്ദ്ര പട്ടേല്‍ രംഗത്തുവന്നതോടെ ബിജെപി പ്രതിരോധത്തിലായി.

വരുണ്‍ പട്ടേലും രേഷ്മ പട്ടേലും തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ബിജെപിയില്‍ ചേര്‍ന്നത് കോടികള്‍ കൈപ്പറ്റിയിട്ടാണെന്ന ആക്ഷേപവും ഉയര്‍ന്നു.

അതിനിടെ രണ്ടാഴ്ചമുമ്പ് ബിജെപിയില്‍ ചേര്‍ന്ന മറ്റൊരു പട്ടേല്‍ വിഭാഗം നേതാവ് നിഖില്‍ സാവനി തിങ്കളാഴ്ച പാര്‍ടി വിട്ടത് സംഘപരിവാറിന് ക്ഷീണമായി. പട്ടേല്‍ വിഭാഗക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന വാഗ്ദാനം ബിജെപി സര്‍ക്കാര്‍ പാലിക്കാത്തതുകൊണ്ടാണ് പാര്‍ടി വിടുന്നതെന്ന് സാവനി വ്യക്തമാക്കി.

‘പട്ടേല്‍പ്രക്ഷോഭ സമിതിയെ ഇല്ലാതാക്കാനാണ് ബിജെപിയുടെ ശ്രമം. പണം കൊടുത്ത് നേതാക്കളെ വിലയ്‌ക്കെടുക്കുകയാണ്. ബിജെപി സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചവരാണ് വരുണും രേഷ്മയും. പണം കൊടുത്ത് അവരെ വശത്താക്കി’ സാവനി പറഞ്ഞു.

തിങ്കളാഴ്ച ഗുജറാത്തിലെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി സാവനി കൂടിക്കാഴ്ച നടത്തി.ഗാന്ധിനഗറില്‍ രാഹുല്‍ പങ്കെടുത്ത പൊതുയോഗത്തില്‍വച്ച് ഗുജറാത്തിലെ ഒബിസി വിഭാഗം നേതാവ് അല്‍പ്പേഷ് ഠാക്കൂര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

അല്‍പ്പേഷിന്റെ ആയിരക്കണക്കിന് അനുയായികള്‍ യോഗത്തില്‍ പങ്കെടുത്തു. രാഹുലുമായി വൈകാതെ കൂടിക്കാഴ്ച നടത്തുമെന്ന് പട്ടേല്‍ സംവരണസമര നേതാവ് ഹാര്‍ദിക് പട്ടേല്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News