ഐവി ശശിയുടെ മൃതദേഹം ചെന്നൈയിലെ വസതിയില്‍ എത്തിച്ചു; സംസ്‌കാരം മറ്റന്നാള്‍

ചെന്നൈ: അന്തരിച്ച സംവിധായകന്‍ ഐവി ശശിയുടെ മൃതദേഹം ചെന്നൈ വടപളനിയിലുള്ള വസതിയില്‍ എത്തിച്ചു. സംസ്‌കാരം മറ്റന്നാള്‍ ഇവിടെ നടത്താനാണ് ബന്ധുക്കളുടെ തീരുമാനം. സംവിധായകരായ ഹരിഹരന്‍, പ്രിയദര്‍ശന്‍ തുടങ്ങി നിരവധി സിനിമാ പ്രവര്‍ത്തകര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തി.

ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു ഐവി ശശി അന്തരിച്ചത്. 69 വയസായിരുന്നു. ദീര്‍ഘനാളുകളായി അസുഖബാധിതനായിരുന്നു. ചെന്നൈയിലെ സാലിഗ്രാമത്തിലുള്ള വസതിയില്‍ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകവേയാണ് അന്ത്യം.

ഭാര്യയും നടിയുമായ സീമയാണ് മരണവാര്‍ത്ത മാധ്യമങ്ങളെ അറിയിച്ചത്. മക്കള്‍: അനു, അനി.

മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി ഭാഷകളിലായി നിരവധി സിനിമകള്‍ സംവിധാനം ചെയ്തു. അതിരാത്രം, മൃഗയ, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, ഇതാ ഇവിടെ വരെ, അവളുടെ രാവുകള്‍ തുടങ്ങി 150 ഓളം സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയായ ഐവി ശശി മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്ന് ചിത്രകലത്തില്‍ ഡിപ്ലോമ നേടിയശേഷമാണ് സിനിമയിലെത്തിയത്.

1968ല്‍ എബി രാജിന്റെ ‘കളിയല്ല കല്യാണം’ എന്ന സിനിമയില്‍ കലാസംവിധായകനായിട്ടായിരുന്നു തുടക്കം. ഛായാഗ്രാഹ സഹായിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് സഹസംവിധായകനായി കുറെ ചലച്ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു.

ആദ്യ സംവിധാനം ചെയ്തതായി അറിയപ്പെടുന്ന ചലച്ചിത്രം ‘ഉത്സവം’ ആണ്. പിന്നീട് വന്ന അവളുടെ രാവുകള്‍ എന്ന സിനിമ മലയാളചലച്ചിത്ര ചരിത്രത്തിലെ തന്നെ ഒരു വിജയ ചിത്രം ആണ്. ഈ ചലച്ചിത്രം പിന്നീട് ഹിന്ദിയിലേക്കും മൊഴിമാറ്റം നടത്തിയിരുന്നു.

1982ല്‍ ആരൂഡത്തിന് ദേശീയോദ്ഗ്രഥനത്തിുള്ള ദേശീയ അവാര്‍ഡ് നേടി. രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്, ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ്, ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാര്‍ഡ്, ആറു തവണ ഫിലിംഫെയര്‍ അവാര്‍ഡും 2015ല്‍ ഫിലിം ഫെയറിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരവും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

1980ല്‍ ആണ് ഐവി ശശിയും സീമയും വിവാഹിതരായത്. ശശി സംവിധാനം ചെയ്ത അവളുടെ രാവുകള്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സീമ, പിന്നീട് ശശിയുടെ 30 ചിത്രങ്ങളില്‍ നായികയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News