മലയാളിയുടെ ആഘോഷങ്ങളായി മാറിയ ഐവി ശശി ചിത്രങ്ങള്‍: ഒറ്റനോട്ടത്തില്‍

കലാസംവിധായകന്‍, ക്യാമറാമാന്‍, സഹസംവിധായകന്‍ പല വഴിയിലൂടെ സിനിമയുടെ ആദ്യാവസാനക്കാരന്റെ എല്ലാ റോളുമണിഞ്ഞാണ് ഐവി ശശി സംവിധായകനായത്. ആദ്യ സിനിമയുടെ പേരുപോലെ മലയാളിയുടെ ആഘോഷങ്ങളായി മാറി പിന്നീടുള്ള സിനിമകളും.

അവളുടെ രാവുകള്‍

ഐവി ശശി എന്ന സംവിധായകനെ മലയാള സിനിമ തിരിച്ചറിഞ്ഞത് ശശി-ഷെരീഫ് രാമചന്ദ്രന്‍ കൂട്ടായ്മയില്‍ തന്നെ വിരിഞ്ഞ അവളുടെ രാവുകളിലൂടെയാണ്. 1978ല്‍ പുറത്തിറങ്ങിയ ആ ചിത്രം വലിയ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തി.

എന്നാല്‍ ഈ ചിത്രം മലയാളികളുടെ കപട സദാചാരത്തിനും ശീലങ്ങള്‍ക്കും ആഘാതമായെന്ന് പിന്നീട് വിലയിരുത്തപ്പെട്ടു. സ്ത്രീ ലൈംഗികത്തൊഴിലാളിയെ നായികയാക്കിയ ശശിയുടെ ധീരത വാഴ്ത്തപ്പെടുകയും ചെയ്തു. ശശിയുടെ മാസ്റ്റര്‍ പീസുകളില്‍ ഒന്നായ ഈ ചിത്രത്തിന് മൂന്നു ഭാഷകളില്‍ പതിപ്പിറങ്ങി.

ഇതാ, ഇവിടെവരെ

മലയാളത്തില്‍ ട്രെന്‍ഡുകള്‍ക്ക് തുടക്കമിട്ട ശശിയാണ് ആക്ഷന്‍ ചിത്രങ്ങള്‍ക്ക് പുതിയ മാനംനല്‍കിയതും. ക്ഷോഭിക്കുന്ന യുവത്വം എന്ന നായകസങ്കല്‍പ്പം ആദ്യമായി അവതരിപ്പിച്ച ഇതാ ഇവിടെവരെ ആണ്.

തൃഷ്ണ

തൃഷ്ണയിലൂടെ മമ്മൂട്ടി എന്ന നായകനെ ഐവി ശശി സാക്ഷാത്കരിച്ചു.

എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ശശി സംവിധാനം ചെയ്ത തൃഷ്ണ 1981ലാണ് റിലീസായത്. കൃഷ്ണദാസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്.

തൃഷ്ണയിലെ സൂപ്പര്‍ഹിറ്റ് ഗാനങ്ങളാണ് മൈനാകം കടലില്‍ നിന്നുയരുന്നുവോ.., ശ്രുതിയില്‍ നിന്നുയരും നാദശലഭങ്ങളേ… എന്നിവ.

അങ്ങാടി

ഒരു നഗരത്തിന്റെ അങ്ങാടിക്കാഴ്ചകളിലൂടെ തെരുവിലെ ചുമട്ടുതൊഴിലാളിയുടെ ജീവിതത്തിലേക്ക് വെള്ളിത്തിരയുടെ മുഖം തിരിച്ചുവച്ച അങ്ങാടി (1980)യിലൂടെയായിരുന്നു ഐ.വി ശശി ജനകീയ തരംഗത്തിന് സിനിമയില്‍ തുടക്കം കുറിച്ചത്.

ഈ നാട്

ഈ നാടിന്റെ ആദിരൂപമായിരുന്നു അങ്ങാടി’. അതിനിടയില്‍ അഹിംസ(1981)യുണ്ടായിരുന്നു. തുടര്‍ച്ചയായി ഈ നാട് (1982) വന്നു. കേള്‍വികേട്ട കേരളമാതൃകയുടെ ജനകീയ വിചാരണയ്ക്ക് സിനിമയില്‍ തുടക്കമിടുകയായിരുന്നു ഈ നാട്.

1921

മലബാര്‍ മാപ്പിള പോരാട്ടത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ 1921 മികച്ച ഐവി ശശി ചിത്രമായി എന്നും കണക്കാക്കപ്പെടുന്നു. 1921ലെ ഖിലാഫത്ത് പ്രസ്ഥാനവും മാപ്പിള കലാപവുമാണ് 1921 എന്ന ടി ദാമോദരന്റെ തിരക്കഥയില്‍ ഐ.വി.ശശി സംവിധാനം ചെയ്ത സിനിമയുടെ പ്രതിപാദ്യ വിഷയം.

ആവനാഴി

1986ല്‍ മമ്മൂട്ടി-ഐ.വി ശശി- ടി. ദാമോദരന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങി, മലയാള സിനിമയെ ഇളക്കിമറിച്ച ആവനാഴിയിലെ ഇന്‍സ്‌പെക്ടര്‍ ബലറാമിനെ മറക്കാന്‍ പ്രേക്ഷകര്‍ക്ക് കഴിയില്ല.

ചിത്രത്തിന്റെ വന്‍വിജയത്തെത്തുടര്‍ന്ന് തമിഴിലേക്ക് കടമൈ കന്നിയം കട്ടുപ്പാട് എന്ന് പേരിലും തെലുങ്കില്‍ മരണ ശാസനം എന്ന പേരിലും പുനര്‍നിര്‍മ്മിച്ചു. 1991ലെ ഇന്‍സ്‌പെക്ടര്‍ ബല്‍റാം 2006ലെ ബല്‍റാം/താരാദാസ് എന്നിവ ഈ ചിത്രത്തിന്റെ ബാക്കിപത്രങ്ങളാണ്.

മൃഗയ

ലോഹിതദാസിന്റെ സ്‌ക്രിപ്റ്റ്. ഐ.വി ശശിയുടെ സംവിധാനം. മമ്മൂട്ടിയുടെ അവിസ്മരണീയ പ്രകടനങ്ങള്‍. അതാണ് മൃഗയ. പതിവ് നായക പരിവേഷങ്ങളില്‍ നിന്ന് എല്ലാം വ്യത്യസ്തനായാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

ദേവാസുരം

ഐവി ശശി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ എക്കാലത്തെയും മികച്ച ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങളിലൊന്നാണ് ദേവാസുരം. മംഗലശ്ശേരി നീലകണ്ഠനായി മോഹന്‍ലാല്‍ ചിത്രത്തില്‍ ജീവിക്കുകയായിരുന്നു.

മറ്റു ചിത്രങ്ങള്‍

ഉത്സവം, അയല്‍ക്കാരി, അനുഭവം, ആലിംഗനം, അഭിനന്ദനം, ആശിര്‍വാദം, അംഗീകാരം, അകലെ ആകാശം, അഞ്ജലി, അഭിനിവേശം, ഇതാ ഇവിടെ വരെ, ആനിമിഷം, ആനന്ദം പരമാനന്ദം, അന്തര്‍ദാഹം, ഹൃദയമേസാക്ഷി, ഇന്നലെ ഇന്ന്, ഊഞ്ഞാല്‍.

ഈ മനോഹരതീരം, അനുമോദനം, അവളുടെ രാവുകള്‍, അമര്‍ഷം, ഇതാ ഒരു മനുഷ്യന്‍, വാടകയ്ക്ക് ഒരു ഹൃദയം, ഞാന്‍ ഞാന്‍ മാത്രം, ഇതാ, ഇനിയും പുഴ ഒഴുകും, അലാവുദ്ദീനും അത്ഭുതവിളക്കും, അനുഭവങ്ങളെ നന്ദി, മനസാ വാചാ കര്‍മണ, ഏഴാം കടലിനക്കരെ, ആറാട്ട്.

ഇവര്‍, അങ്ങാടി, കാന്തവലയം, പതിത, മീന്‍, കരിമ്പന, അശ്വരഥം, പ്രതിഷോധ്, ഒരിക്കല്‍ക്കൂടി, തുഷാരം, തൃഷ്ണ, ഹംസ ഗീതം, അഹിംസ, ഈ നാട്, ഇണ, തടാകം, ജോണ്‍ ജാഫര്‍ ജനാര്‍ദ്ദനന്‍, സിന്ദൂരസന്ധ്യക്ക് മൗനം, ഇന്നല്ലെങ്കില്‍ നാളെ, അമേരിക്ക അമേരിക്ക, ഇനിയെങ്കിലും, നാണയം, കൈകേയി, ആരൂഢം, അതിരാത്രം, ആള്‍ക്കൂട്ടത്തില്‍ തനിയെ, കരിഷ്മ, അക്ഷരങ്ങള്‍.

കാണാമറയത്ത്, ഉയരങ്ങളില്‍, അടിയൊഴുക്കുകള്‍, അനുബന്ധം, അങ്ങാടിക്കപ്പുറത്ത്, ഇടനിലങ്ങള്‍, കരിമ്പിന്‍ പൂവിനക്കരെ, രംഗം, അഭയം തേടി, ആങ്കോം ക രിസ്ത, വാര്‍ത്ത, ആവനാഴി, കൂടണയും കാറ്റ്, ഇത്രയും കാലം, അടിമകള്‍ ഉടമകള്‍, വ്രതം, നാല്‍ക്കവല, അബ്കാരി, 1921, മുക്തി, അക്ഷരത്തെറ്റ്, മൃഗയ, മിഥ്യ, അര്‍ഹത, വര്‍ത്തമാനകാലം.

ഇന്‍സ്പെക്ടര്‍ ബല്‍റാം, ഭൂമിക, നീലഗിരി, കള്ളനും പോലീസും, അപാരത, ദേവാസുരം, അര്‍ത്ഥന, ദി സിറ്റി, വര്‍ണപ്പകിട്ട്, അനുഭൂതി, ആയിരംമേനി, ശ്രദ്ധ, സിംഫണി, ബല്‍റാം താരാദാസ്, വെള്ളത്തൂവല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News