ആ ശാലീന സുന്ദരികള്‍ക്കിടയിലേക്കാണ് ഷര്‍ട്ടിട്ട അഭിസാരിക എത്തിയത്; പിന്നീട് ചരിത്രമായതും

പുളിയിലക്കര ചേല ചുറ്റി, ചന്ദനതൊടുകുറിയണിഞ്ഞ ശാലീനസുന്ദരികള്‍ക്കിടയിലേക്കാണ് ഷര്‍ട്ടിട്ട അഭിസാരികയായ രാജിയെത്തുന്നത്. രാജമ്മയെന്ന രാജിയെ അവതരിപ്പിച്ചത് ഐവി ശശി ആയിരുന്നു. അവളുടെ രാവുകളിലൂടെ.

മലയാളത്തില്‍ ആദ്യമായി എ സര്‍ട്ടിഫിക്കറ്റ് കിട്ടിയ ചിത്രം. അന്നുവരെയുള്ള നായികാ സങ്കല്‍പങ്ങളെയും കഥാപാത്ര സങ്കല്‍പങ്ങളെയും തട്ടിമറിച്ചുകൊണ്ടാണ് ശശി രാജി എന്ന അഭിസാരികയുടെ ജീവിതത്തെ വെള്ളിത്തിരയില്‍ അവതരിപ്പിച്ചത്.

അന്നുവരെ നൃത്തരംഗങ്ങളില്‍ മാത്രം ഒതുങ്ങിയിരുന്നു ശാന്തി എന്ന തെറിച്ച ഡാന്‍സുകാരി പെണ്ണിനെ സീമ എന്ന പേരില്‍ നായികയായി അവതരിപ്പിച്ചു ശശി. മലയാളത്തിലെ മുന്‍നിര നായികമാരെല്ലാം നിരസിച്ച ആ റോള്‍ പിന്നീട് സീമ എന്ന അഭിനേത്രിയുടെ കരിയറിലെ മികച്ച വേഷമായി മാറി.

ലൈംഗികതൊഴിലാളിയായ രാജിയെ മനോഹരമായി അവതരിപ്പിച്ച സീമയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തുടര്‍ന്ന് ഐവി ശശിയുടെ ജീവിതനായികയായും സീമ മാറി.

എ സര്‍ട്ടിഫിക്കറ്റ് കിട്ടിയ ചിത്രമായിരുന്നിട്ടു കൂടി ഗൗരവമായ വായനയ്ക്ക് വിധേയമായ ചിത്രമായിരുന്നു അവളുടെ രാവുകള്‍.

കഥാകൃത്ത് ആലപ്പി ഷെറീഫ് അക്കാലത്ത് ഒരു വാരികയില്‍ എഴുതിയ അവളുടെ രാവുകള്‍ പകലുകള്‍ എന്ന കഥയാണ് പിന്നീട് അവളുടെ രാവുകള്‍ എന്ന പേരില്‍ സിനിമയായത്.

എടി ഉമ്മര്‍ ഈണം നല്‍കിയ ചിത്രത്തിലെ ഗാനങ്ങളും സൂപ്പര്‍ ഹിറ്റുകളായിരുന്നു. രാകേന്ദു കിരണങ്ങള്‍ ഒളിവീശിയില്ലാ, ഉണ്ണി ആരാരിരോ തങ്കമാരാരിരോ എന്നി ഗാനങ്ങള്‍ ഇന്നും മലയാളിയെ ഭ്രമിപ്പിച്ചുകൊമ്‌ടേയിരിക്കുന്നു.

രവികുമാര്‍, സുകുമാരന്‍, തോപ്പില്‍ഭാസി, ഉമ്മര്‍, സോമന്‍, ബഹദൂര്‍, മാള അരവിന്ദന്‍, ജനാര്‍ദ്ദനന്‍, ശങ്കരാടി, കവിയൂര്‍ പൊന്നമ്മ എന്നിങ്ങനെ ഒരു വന്‍താര നിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു.

മലയാളത്തിലെ ഹിറ്റായ ചിത്രം ഹേര്‍ നൈറ്റ്‌സ് എന്ന പേരില്‍ ഹിന്ദിയിലും അവളിന്‍ ഇരവുകള്‍ എന്ന പേരില്‍ തമിഴിലും മൊഴിമാറ്റം ചെയ്തും കമല എന്ന പേരില്‍ കന്നടയില്‍ റീമേക്ക് ചെയ്തു. ഈ ചിത്രത്തില്‍ സീമയ്ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് മല്ലിക സുകുമാരനായിരുന്നു.

നീലത്താമര, രതിനിര്‍വേദം, ചട്ടക്കാരി പോലുള്ള ചിത്രങ്ങള്‍ റീമേക്കിലൂടെ വീണ്ടും തിയറ്ററുകളിലെത്തിയപ്പോള്‍ അവളുടെ രാവുകളുടെ റീമേക്ക് ചര്‍ച്ചയും ഉയര്‍ന്നുവന്നിരുന്നെങ്കിലും പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News