കോളേജുകള്‍ രാഷ്ട്രീയം പറയും, എഴുതും; അടുക്കളയില്‍ വരെ കയറുന്ന ഫാസിസത്തിനെതിരെ പട്ടാമ്പി സംസ്‌കൃത കോളേജ് മാഗസിന്‍

പാലക്കാട്: കോളേജുകള്‍ രാഷ്ട്രീയം പടിക്കു പുറത്ത് നിര്‍ത്തണമെന്ന് പറയുന്ന കാലത്ത് കാലം ആവശ്യപ്പെടുന്ന രാഷ്ട്രീയം ചര്‍ച്ച ചെയ്യുകയാണ് മാംസബുക്ക് മാഗസിന്‍. പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്‌കൃത കോളേജ് യൂണിയനാണ് വിശപ്പിന്റെയും രുചിയുടെയും പുസ്തകമെന്ന പേരില്‍ മാംസബുക്ക് പുറത്തിറക്കിയിരിക്കുന്നത്.

148 പേജുകളില്‍ ഇന്ത്യന്‍ ജനതയുടെ ആകുലതകളുടെ രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്യുന്നത്. നീ എന്തെങ്കിലും കഴിച്ചോ എന്നു ചോദിക്കുന്നതിന് പകരം നീ എന്തു കഴിച്ചു എന്ന് ചോദിച്ച് തല്ലിക്കൊല്ലുന്നതിനെതിരായ രാഷ്ട്രീയമാണ് മാഗസിനിലുടനീളം ചര്‍ച്ച ചെയ്യുന്നത്. വിശപ്പ് സഹിക്കാനാകാതെ ആത്മഹത്യ ചെയ്ത കര്‍ഷകര്‍ക്കും പശുവിന്റെ പേരില്‍ ആള്‍ക്കൂട്ടങ്ങള്‍ തല്ലിക്കൊന്ന സഹോദരങ്ങള്‍ക്കുമാണ് മാഗസിന്‍ സമര്‍പ്പിച്ചിരിക്കുന്നത്.

ശ്രൗദ്രസൂത്രങ്ങളില്‍ പറയുന്ന ഗ്രഹമേധം എന്ന ആഘോഷം ഗോമാംസം പാകം ചെയ്ത് വിളമ്പിയിരുന്ന സമൂഹസദ്യയായിരുന്നു… ജാതക കഥകളില്‍ ബോധിസത്വന്‍ ഗോമാംസം കഴിച്ചിരുന്നതായി കാണാം.’

(ഗോമേധവും മാംസാഹാര ശീലവും ഇന്ത്യയില്‍)
എംആര്‍. അനില്‍കുമാര്‍ അസി. പ്രൊഫസര്‍ മലയാളം

ബീഫ്, കഞ്ഞിയും ചമ്മന്തിയും, കപ്പയും മത്തിയും, കോഴി ചുട്ടത്, പന്നി, സുലൈമാനി തുടങ്ങിയ വിഭവങ്ങള്‍ മെനുവടക്കം എരിവും പുളിയും ഉപ്പുമെല്ലാം പാകത്തിന് ചേര്‍ത്ത് ചേര്‍ത്ത് മാഗസിനില്‍ ഒരു തീന്‍മേശയിലെന്ന പോലെ ഒരുക്കി വെച്ചിട്ടുണ്ട്.

കശാപ്പുനിരോധനസര്‍ക്കുലര്‍ വന്നപ്പോള്‍ അതൊരു മുസ്ലീം സാംസ്‌ക്കാരിക പ്രതിസന്ധിയായി പുകഞ്ഞതിന് പിന്നില്‍ ബ്രാഹ്മണ്യത്തിന്റെ ഗൂഢലക്ഷ്യങ്ങള്‍ വേറെയുണ്ട്. (ബീഫും മുസ്ലീമും തമ്മിലെന്ത്)

കഞ്ഞിയിലും ചമ്മന്തിയിലും തുടങ്ങി ബീഫിന്റെ രാഷ്ട്രീയം വിവിധ ലേഖനങ്ങളിലും കവിതകളിലും കഥകളിലുമെല്ലാമായി മാഗസിനിലെ മുഴുവന്‍ വിഭവങ്ങളും പച്ചയായ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നു.

യുവജനോത്സവങ്ങളില്‍ നിന്ന് മാംസാഹാരം മാറ്റിനിര്‍ത്തുന്നതിന് പിന്നില്‍ കൗതുകമായ മറ്റൊരു കാരണമാണ് പറഞ്ഞു കേട്ടത്. മാംസാഹാരം കഴിച്ചാലുള്ള ആലസ്യം കലാവതരണത്തിന് തടസ്സമാവും. എന്നാല്‍ നന്പൂതിരി പ്രമുഖര്‍ ഇരട്ടി മധുരത്തില്‍ വെച്ചുണ്ടാക്കുന്ന പായസത്തിന്റെ ആലസ്യം കലാവതരണത്തിന് തടസമാവുകയില്ലേ…?‘ (മത്തിക്കറി കൂട്ടി കുച്ചുപ്പുടി കളിച്ചാലെന്താ)

കലാലയങ്ങളില്‍ നിന്ന് രാഷ്ട്രീയം ആവശ്യമാണോയെന്ന സജീവമായ ചര്‍ച്ച നടക്കുന്ന കാലത്ത് സജീവമായ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന മാംസബുക്കില്‍ കോളേജ് മാഗസിന്‍ എന്നതിനുമപ്പുറം വായിച്ചിരിക്കേണ്ട എഴുത്തുകളാണുള്ളത്.


മാഗസിന്റെ പൂര്‍ണ്ണരൂപം ഇവിടെ വായിക്കാം..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News