ഏലിയാസ് ജോര്‍ജ് കൊച്ചി മെട്രോ അമര സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നു; മെട്രോ ഒന്നാം ഘട്ടം അതിവേഗം പൂര്‍ത്തിയാക്കിയതില്‍ മുഖ്യമന്ത്രി പിണറായിയുടെ പങ്ക് വളരെ വലുത്

കൊച്ചി: മെട്രോ ഒന്നാം ഘട്ടം അതിവേഗം പൂര്‍ത്തിയാക്കിയതില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്ക് വളരെ വലുതാണെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്.

എംഡി സ്ഥാനം ഒഴിയുകയാണെന്നറിയിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഏലിയാസ് ജോര്‍ജിന്റെ പ്രതികരണം. വാട്ടര്‍ മെട്രൊ യാഥാര്‍ത്ഥ്യമായാല്‍ കൊച്ചി ഗ്ലോബല്‍ സിറ്റിയായി മാറുമെന്നും ഏലിയാസ് ജോര്‍ജ് പറഞ്ഞു.

അഖിലേന്ത്യാ സര്‍വ്വീസില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വിരമിച്ച ഏലിയാസ് ജോര്‍ജിന് കെഎംആര്‍എല്‍ എംഡി സ്ഥാനത്ത് മൂന്നു വര്‍ഷ കാലാവധി സര്‍ക്കാര്‍ നീട്ടി നല്‍കിയിരുന്നു. രണ്ടു വര്‍ഷത്തെ കാലാവധി അവശേഷിക്കെയാണ് ഏലിയാസ് ജോര്‍ജ് കൊച്ചി മെട്രോ അമര സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നത്.

തന്റെ സര്‍വ്വീസിലെ ഏറ്റവും മികച്ച കാലഘട്ടമായിരുന്നു കെഎംആര്‍എല്‍ എംഡിയായുള്ള കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ എന്ന് ഏലിയാസ് ജോര്‍ജ് പറഞ്ഞു.

മെട്രോ ഒന്നാം ഘട്ടം അതിവേഗം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ മുന്‍ മുഖ്യമന്ത്രിയുടെയും ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെയും പങ്ക് താരതമ്യം ചെയ്തുള്ള ചോദ്യത്തിന് ഏലിയാസ് ജോര്‍ജിന്റെ മറുപടി ഇങ്ങനെ:

കംപാരിസണ്‍ നടത്താന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും ഒരു കാര്യം ഉറപ്പിച്ച് പറയാം. ഇപ്പോഴത്തെ മുഖ്യമന്ത്രി മെട്രോയുടെ ചാര്‍ജ് കൂടി വഹിക്കുന്നുണ്ട്. അതിനാല്‍ ഞങ്ങള്‍ക്ക് ഏറെ സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്ത് ആവശ്യവുമായി അദ്ദേഹത്തിന്റെ അടുത്ത് ചെന്നാലും ഉടന്‍ അനുമതി ലഭിക്കുമായിരുന്നു.

മെട്രോ പേട്ടയിലേയ്ക്ക് നീട്ടുന്ന ജോലികള്‍, കാക്കനാട്ടേയ്ക്കുള്ള മെട്രോ സര്‍വീസ്, വാട്ടര്‍ മെട്രോ തുടങ്ങി വിവിധ ജോലികള്‍ പുതിയ എംഡിയെ കാത്തിരിക്കുന്നുണ്ട്. കാക്കനാട്ടേയ്ക്ക് മെട്രൊ നീട്ടുമ്പോള്‍ ഇ ശ്രീധരന്റെ സഹായം തേടിയിട്ടുണ്ടെന്നും ഏലിയാസ് ജോര്‍ജ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News