രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടാന്‍ മോദി സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നെന്ന് സീതാറാം യെച്ചൂരി; ഒരു അന്വേഷണത്തെയും സിപിഐഎം ഭയക്കില്ല

ദില്ലി: കേരളത്തിലെ ചില കൊലക്കേസുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ വന്ന ഹര്‍ജിയില്‍ സിബിഐ ഇടപെടല്‍ രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടാന്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണ്.

ഭരണഘടന സ്ഥാപനങ്ങളെയും അന്വേഷണ എജന്‍സികളെയും രാഷ്ട്രീയമായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് കേരളത്തിലെ കേസുകളില്‍ സിബിഐയുടെ ഈ ഇടപെടല്‍. എന്നാല്‍ ഒരു അന്വേഷണത്തെയും സിപിഐഎം ഭയക്കുന്നില്ലെന്നും യെച്ചൂരി പറഞ്ഞു.

ഫെഡറല്‍ സംവിധാനത്തിനുനേരെയുള്ള കടന്നാക്രമണം

ക്രമസമാധാനപാലനം സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന വിഷയമാണ്. ഈ മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയലക്ഷ്യത്തോടെ നടത്തുന്ന ഇടപെടല്‍ ഫെഡറല്‍ സംവിധാനത്തിനുനേരെയുള്ള കടന്നാക്രമണമാണ്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ കേരള സന്ദര്‍ശനത്തിനുശേഷമാണ് സിബിഐയുടെ പുതിയനീക്കം.

അമിതാധികാരസ്വഭാവം പ്രകടിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ഹീനമായ നിലയില്‍ ഭരണഘടനസ്ഥാപനങ്ങളെ ഉപയോഗിക്കുന്നു. ഭരണഘടനയില്‍ അധിഷ്ഠിതമായ ഇന്ത്യന്‍ റിപ്പബ്ലിക്ക് എന്ന സംവിധാനത്തില്‍നിന്നുള്ള അകന്നുപോകലാണ് ഇതിന്റെ ഫലം.

ഭരണഘടന മൂല്യങ്ങള്‍ക്ക് വിരുദ്ധമായ ഈ കടന്നാക്രമണത്തെ ചെറുക്കാന്‍, ബിജെപിയിതര സര്‍ക്കാരുകള്‍ നിലനില്‍ക്കുന്ന എല്ലാ സംസ്ഥാനങ്ങളും മുഖ്യമന്ത്രിമാരും രംഗത്തുവരണമെന്ന് സീതാറാം യെച്ചൂരി അഭ്യര്‍ഥിച്ചു.

ക്രമസമാധാനത്തിലും കേസ് അന്വേഷണത്തിലും നീതി നിര്‍വഹണത്തിലും കേരളം രാജ്യത്തുതന്നെ മുന്നിലാണ്. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന പേരില്‍ കേരളത്തിലെ കേസുകള്‍ സിബിഐ ഏറ്റെടുക്കേണ്ട കാര്യമില്ല. കേരളത്തില്‍ കൊലപാതകങ്ങളുടെ നിരക്ക് 0.9 മാത്രമാണ്. ഉത്തര്‍പ്രദേശില്‍ ഇത് 2.2 ആണ്.

കേരളത്തില്‍ വിചാരണ നടക്കുന്ന കേസുകളില്‍ 64.7 ശതമാനത്തിലും പ്രതികള്‍ ശിക്ഷിക്കപ്പെടുന്നു. ഇക്കാര്യത്തില്‍ രാജ്യത്തെ പ്രമുഖ സംസ്ഥാനങ്ങളില്‍ കേരളം ഒന്നാംസ്ഥാനത്താണ്. ശിക്ഷ വിധിക്കപ്പെടുന്ന കേസുകളുടെ നിരക്ക് ഉത്തര്‍പ്രദേശില്‍ 50 ശതമാനത്തില്‍ താഴെയാണ്.

ബിജെപി സര്‍ക്കാരുകള്‍ക്കും നേതാക്കള്‍ക്കും എതിരായ ഉയരുന്ന അഴിമതിയാരോപണങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയും അന്വേഷണം അട്ടിമറിക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാരാണ് രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ വഴിവിട്ട നീക്കങ്ങള്‍ നടത്തുന്നത്. വ്യാപം അഴിമതി, ലളിത് മോഡി സംഭവം, ശ്രീജന്‍ കുംഭകോണം എന്നീ കേസുകളില്‍ അന്വേഷണം എങ്ങുമെത്തിയില്ല.

അതേസമയം, കേരളത്തിലെയും മറ്റും കേസുകള്‍ അന്വേഷിക്കാന്‍ സിബിഐയും എന്‍ഐഎയും തിരക്കുകൂട്ടുന്നു. ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രയോഗിക്കേണ്ട യുഎപിഎ കേരളത്തിലെ രാഷ്ട്രീയനേതാക്കള്‍ക്കെതിരെ ചുമത്തുന്നു. ഇതിനെതിരെ എല്ലാ ബിജെപിയിതര കക്ഷികളില്‍നിന്നും ശക്തമായ പ്രതിഷേധം ഉയരണമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News