സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ പോലീസിനൊപ്പം ഇനി നിര്‍ഭയ വോളന്റിയര്‍മാരും; കേരള പൊലീസിന്റെ നിര്‍ദ്ദേശങ്ങള്‍ മാതൃകയാകുന്നു

സംസ്ഥാനത്ത് സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ പോലീസിനൊപ്പം ഇനി നിര്‍ഭയ വോളന്റിയര്‍മാരും രംഗത്ത് .സ്ത്രീസുരക്ഷാനടപടികള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പ്രാദേശിക തലങ്ങളില്‍ വനിതാ വോളന്റിയര്‍മാരുടെ സേവനവും ഉപയോഗപ്പെടുത്താന്‍ ആണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

അതേസമയം പദ്ധതിയുടെ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ ഉത്തരവിറക്കി. സ്ത്രീസുരക്ഷയും ക്ഷേമവും ഉറപ്പാക്കാനുള്ള സര്‍ക്കാരിന്റെ സമഗ്രനടപടികളുടെ ഭാഗമായാണ് പോലീസ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.

ഇതിന്റെ ഭാഗമായി മുന്‍പ് പൈലറ്റ് അടിസ്ഥാനത്തില്‍ കൊച്ചി സിറ്റിയില്‍ ആരംഭിച്ചതും വേണ്ടത്ര ഫലപ്രദമായി നടപ്പാക്കാന്‍ കഴിയാത്തതുമായ നിര്‍ഭയ പദ്ധതി പോരായ്മകള്‍ പരിഹരിച്ച് പുതിയ രൂപവും ഭാവവും നല്കി സംസ്ഥാനത്താകെ നടപ്പിലാക്കാനാണ് തീരുമാനം.

എ.ഡി.ജി.പി. ഡോ.ബി.സന്ധ്യ നോഡല്‍ ഓഫീസറും ഐ.ജി. എസ്.ശ്രീജിത്ത്, വനിത പോലീസ് ബറ്റാലിയന്‍ കമാന്‍ഡന്‍ഡ് ആര്‍.നിശാന്തിനി, കൊല്ലം സിറ്റി കമ്മീഷണര്‍ എസ്.അജിതബീഗം, കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ മെറിന്‍ ജോസഫ് എന്നിവര്‍ അംഗങ്ങളുമായ മാനേജിങ് കമ്മിറ്റിയെ പദ്ധതിയുടെ സംസ്ഥാനതല നടത്തിപ്പ് ചുമതലയ്ക്കായി നിയോഗിച്ചിട്ടുണ്ട്.

നിര്‍ഭയകേരളം സുരക്ഷിതകേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തടിസ്ഥാനത്തിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും വാര്‍ഡ് അടിസ്ഥാനത്തിലും വനിതകളുടെ അഞ്ചുപേര്‍ വീതമുള്ള ഗ്രൂപ്പിനെ നിര്‍ഭയ വോളന്റിയര്‍മാരായി നിയമിക്കും.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് സാധ്യതയുള്ള സാഹചര്യങ്ങളെപ്പറ്റി അവബോധം നല്‍കുക, ലിംഗ പദവി, തുല്യത എന്നിവ സംബന്ധിച്ച അവബോധം സമൂഹത്തില്‍ വളര്‍ത്തുക, പഞ്ചായത്തുതല ജാഗ്രതാസമിതികള്‍, മറ്റു വനിതാ ഗ്രൂപ്പുകള്‍ എന്നിവരുമായി ചേര്‍ന്ന് അതിക്രമങ്ങള്‍ തടയുന്നതിനുള്ള ക്യാമ്പയിനുകള്‍ ആവിഷ്‌ക്കരിക്കുക, ഭവന സന്ദര്‍ശനത്തിനും മറ്റും ജനമൈത്രി ബീറ്റ് ഓഫീസര്‍മാരെ സഹായിക്കുക, സ്‌കൂള്‍ പി.ടി.എ-കളുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുക, സ്വയംപ്രതിരോധ പരിശീലനം സ്‌കൂളുകളിലും കോളേജുകളിലും നടത്തുക എന്നിവയൊക്കെ നിര്‍ഭയ വോളണ്ടിയര്‍മാരുടെ ചുമതലകളാണ്.

പഞ്ചായത്തുതല ജാഗ്രതാ സമിതി അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍, സ്ത്രീസംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നാകണം കഴിയുന്നതും നിര്‍ഭയ വോളണ്ടിയര്‍മാരെ തിരഞ്ഞെടുക്കേണ്ടതെന്നും സംസ്ഥാന പൊലീസ് മേധാവി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

ജില്ലാ പോലീസ് മേധാവി ചെയര്‍മാനും എ.സി/ഡിവൈ.എസ്.പി, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി/എ.സി, വനിത സെല്‍ സി.ഐ എന്നിവരടങ്ങുന്ന സമിതി ,വോളണ്ടിയര്‍മാരെ അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കും.

നിര്‍ഭയ വോളണ്ടിയര്‍മാര്‍ക്ക് യാത്രച്ചെലവു പോലെ അത്യാവശ്യ ചെലവുകള്‍ നിര്‍വഹിക്കുന്നതിനും സവിശേഷമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രോത്സാഹനത്തുകയും പദ്ധതിയ്ക്കുള്ള ഫണ്ടില്‍ നിന്നും നല്‍കുമെന്നും എക്സിക്യൂട്ടീവ് ഉത്തരവില്‍ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News