സ്‌കൂളില്‍ സംഘപരിവാര്‍ പുസ്തകങ്ങള്‍ വിതരണം ചെയ്ത സംഭവം: അധ്യാപകന് സസ്‌പെന്‍ഷന്‍

കോഴിക്കോട്: സ്‌കൂളില്‍ സംഘപരിവാര്‍ പുസ്തകങ്ങള്‍ വിതരണം ചെയ്ത സംഭവത്തില്‍ അധ്യാപകനെ സസ്‌പെന്റ് ചെയ്തു. കൊയിലാണ്ടി ഗവ. ബോയ്സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകന്‍ കെ മുരളിയ്‌ക്കെതിരെയാണ് വിദ്യാഭാസ വകുപ്പിന്റെ അച്ചടക്ക നടപടി.

ഉളളടക്കം അറിയാതെയാണ് വിദ്യാഭാരതിയുടെ പുസ്തകങ്ങള്‍ വിതരണം ചെയ്തതെന്നായിരുന്നു കാരണം കാണിയ്ക്കല്‍ നോട്ടീസിന് അധ്യാപകന്‍ നല്‍കിയ വിശദീകരണം.

ആര്‍ എസ് എസ് വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതിയുടെ പുസ്തകങ്ങള്‍ കോഴിക്കോട് കൊയിലാണ്ടി ബോയ്സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ വിതരണം ചെയ്ത സംഭവത്തിലാണ് അധ്യാപകന്‍ കെ മുരളിയെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്.

പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാറിന്റേതാണ് ഉത്തരവ്. വിഷയം സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ സംഹിതകള്‍ക്കെതിരും കടുത്ത അച്ചടക്ക ലംഘനവുമാണെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

സംഭവം വിവാദമായതോടെ സര്‍വകക്ഷി യോഗം ചേര്‍ന്ന് അധ്യാപകനെ കഴിഞ്ഞ ദിവസം സ്‌കൂളില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നു. ഉളളടക്കം അറിയാതെയാണ് പുസ്തകങ്ങള്‍ വിതരണം ചെയ്തതെന്നും, പുസ്തകങ്ങള്‍ തിരികെ വാങ്ങാമെന്നും ബിജെപി അനുകൂല അധ്യാപക സംഘടനാ നേതാവായ കെ മുരളി വിശദീകരണം നല്‍കിയിരുന്നു.

എന്നാല്‍ സംഭവത്തെകുറിച്ച് അന്വേഷിച്ച ഡി ഇ ഒ വിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിപിഐ യുടെ തീരുമാനം. വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി ഇല്ലാതെ പുസ്തകം വിതരണം ചെയ്ത സംഭവം വിവാദമായതോടെയാണ് പുറത്താക്കാതിരിയ്ക്കാന്‍ കാരണം വ്യക്കമാക്കണമെന്ന് കാണിച്ച് ഡി പി ഐ അധ്യാപകന് നോട്ടീസ് നല്‍കിയത്.

ചരിത്രത്തെ വളച്ചൊടിക്കുന്നതും സംഘപരിവാര്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതുമായിരുന്നു സ്‌കൂളില്‍ വിതരണം ചെയ്ത പുസ്തകങ്ങള്‍. നാലുമുതല്‍ പത്ത് വരെ ക്ലാസുകളിലെ കുട്ടികള്‍ക്കുളള സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ മറവിലായിരുന്നു പുസ്തക വിതരണം.

പുസ്തക വിതരണത്തിനെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകളും അ്ധ്യാപകരും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News