പുന്നപ്ര-വയലാറിന്റെ ഓര്‍മ്മകള്‍ക്ക് മരണമില്ല; അതു പടര്‍ത്തിയ സന്ദേശത്തിനും

സമരസ്മരണകളുടെ തിരയിളക്കം സൃഷ്ടിച്ച് വീണ്ടും പുന്നപ്ര-വയലാര്‍ വാര്‍ഷികം. ഇത്തവണ സമരസ്മരണകള്‍ക്ക് 71 വയസ്സ് പൂര്‍ത്തിയാവുകയാണ്. കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ മുന്നേറ്റത്തിന്റെ പടവുകളില്‍ വെളിച്ചമായും ഊര്‍ജമായും ഉയിര്‍ത്തെഴുന്നേല്‍പ്പായും ചരിത്രത്തില്‍ ഇടംനേടിയ സമരമുന്നേറ്റമാണല്ലോ ഐതിഹാസികമായ പുന്നപ്ര-വയലാര്‍ സമരം.

പുന്നപ്ര-വയലാര്‍ സമരത്തെപ്പറ്റി ആര് എന്തുപറഞ്ഞാലും എന്തെഴുതിയാലും ‘ഐതിഹാസികമായ’ എന്ന വിശേഷണം എപ്പോഴും കൂട്ടിച്ചേര്‍ക്കുന്നതാണ്. സമരത്തിന്റെ ഉള്ളടക്കത്തിന്റെയും സമാനതകളില്ലാത്ത അതിന്റെ രീതിശാസ്ത്രത്തിന്റെയും അത് സൃഷ്ടിച്ച സാമൂഹ്യ പരിവര്‍ത്തനങ്ങളുടെയും ഇതിഹാസമാനം കൊണ്ടാണ് ഇത്തരമൊരു വിശേഷണം എല്ലാക്കാലത്തും സമരചരിത്രത്തോട് കൂട്ടിയിണക്കപ്പെടുന്നത്.

എഴുപത്തൊന്ന് വര്‍ഷം പിന്നിടുന്നു എന്നു പറഞ്ഞാല്‍ സ്വാതന്ത്യ്രപ്രാപ്തിയേക്കാളും പഴക്കമുള്ള സമരമാണ് ഇത് എന്നാണ് അര്‍ഥം. ഉയര്‍ത്തിയ സന്ദേശത്തിന്റെ പ്രസക്തിയും പ്രാധാന്യവും ഇപ്പോഴും കൂടുതല്‍ ഏറിവരുന്നു എന്നതാണ് ശ്രദ്ധേയം. ചൂഷണവും ജനാധിപത്യ അവകാശങ്ങളുടെ ധ്വംസനവും സ്വാതന്ത്യത്തിനു നേര്‍ക്കുള്ള ഭീഷണിയും നിലനില്‍ക്കുന്നിടത്തോളംകാലം പുന്നപ്ര-വയലാറിന്റെ ഓര്‍മകള്‍ക്കും അത് പടര്‍ത്തിയ സന്ദേശത്തിനും മരണമില്ല എന്നതാണ് സത്യം.

ഇക്കുറി സമരസ്മരണകള്‍ പുതുക്കുന്ന സന്ദര്‍ഭത്തിന് ചരിത്രപരമായ മറ്റൊരു പ്രസക്തികൂടിയുണ്ട്. ഐക്യകേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് ഗവണ്‍മെന്റ് സ്ഥാപിക്കപ്പെട്ടതിന്റെ വജ്രജൂബിലി വര്‍ഷമാണിത്.

മഹത്തായ ഓക്ടോബര്‍വിപ്‌ളവത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ വര്‍ഷവും ഇതാണ്. കാള്‍ മാര്‍ക്‌സ് ‘മൂലധന’ത്തിന്റെ ഒന്നാം വാല്യം പ്രസിദ്ധീകരിച്ചതിന്റെ 150-ാം വാര്‍ഷികവും ഈ നാളുകളിലാണ്. ഇത്തരത്തില്‍ ലോകജനതയുടെ സോഷ്യലിസ്റ്റ് മുന്നേറ്റത്തിനും കേരളത്തിന്റെ സാമൂഹ്യ പുരോഗതിക്കും വഴിയൊരുക്കിയ സുപ്രധാന ചരിത്രസംഭവങ്ങളുടെ ഓര്‍മകള്‍ പുതുക്കുന്ന സന്ദര്‍ഭവുമാണിത്.

അതിനോട് അനുബന്ധിച്ച് പുന്നപ്ര വയലാര്‍ സമരത്തിന്റെ എഴുപത്തൊന്നാം വാര്‍ഷികവും വരുന്നു എന്നത് ചരിത്രപരമായ ആകസ്മികതയാണെങ്കിലും, ഏറെ അര്‍ഥവത്താണ്. ചരിത്രമുന്നേറ്റത്തിന്റെ ഇത്തരം കൂടിച്ചേരലുകളും കൂടിക്കുഴയലുകളും ഒരു അര്‍ഥത്തില്‍ പുതിയ പോരാട്ടങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നതുമാണ്.

രാഷ്ട്രീയമായും സാമൂഹ്യമായും പലവിധ അനീതികളും അസംബന്ധങ്ങളും ആടിത്തിമിര്‍ത്ത കാലത്തായിരുന്നല്ലോ അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലെ തൊഴിലാളികള്‍ സമരസജ്ജരായി ഉണര്‍ന്നെണീറ്റത്.

സാമൂഹ്യജീവിതത്തിന്റെ ഏറ്റവും താഴെക്കിടയില്‍ കിടന്ന കയര്‍ഫാക്ടറി തൊഴിലാളികളും മത്സ്യത്തൊഴിലാളികളും ചെത്തുതൊഴിലാളികളും തെങ്ങുകയറ്റത്തൊഴിലാളികളും ഒക്കെയായിരുന്നു സമരഭടന്മാരായി എത്തിയത്. ബയണറ്റ് ഘടിപ്പിച്ച തോക്കുകളേന്തിയ ദിവാന്റെ പട്ടാളത്തോടും പൊലീസിനോടും ഏറ്റുമുട്ടാന്‍ തൊഴിലാളികളുടെ കൈവശം വെറും വാരിക്കുന്തമേ ഉണ്ടായിരുന്നുള്ളൂ. വാരിക്കുന്തമാകട്ടെ, സ്വന്തം ജീവിതചുറ്റുപാടുകളില്‍നിന്ന് തൊഴിലാളികള്‍ സ്വയം കണ്ടെത്തുകയും രൂപപ്പെടുത്തുകയും ചെയ്ത ആയുധമായിരുന്നു.
തോക്കുധാരികളായ പട്ടാളത്തോടും പൊലീസിനോടും ഏറ്റുമുട്ടാന്‍ വാരിക്കുന്തവുമായി തൊഴിലാളികളെ അയച്ച കമ്യൂണിസ്റ്റ് പാര്‍ടി കാണിച്ചത് അബദ്ധമല്ലേ എന്ന് വലതുപക്ഷ രാഷ്ട്രീയക്കാരും ബൂര്‍ഷ്വാ പണ്ഡിതരും കൂടെക്കൂടെ ചോദിക്കുന്നതാണ്. ഇതില്‍ ഒരു കാര്യവുമില്ല. കാരണം, തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഏതുവിധേനയും പോരാട്ടത്തിന്റെ തുറസ്സുകളിലേക്ക് പോവുകമാത്രമേ അന്ന് കരണീയമായിട്ടുണ്ടായിരുന്നുള്ളൂ. ദിവാന്‍ ഭരണവും അതിന്റെ ചട്ടുകങ്ങളായ പട്ടാളവും പൊലീസും അത്രയേറെ ദുരിതങ്ങളും ദുരന്തങ്ങളുമാണ് അന്ന് അഴിച്ചുവിട്ടത്.

തൊഴിലാളികള്‍ക്ക് വേല ചെയ്യാന്‍ മാത്രമായിരുന്നു വിധി. ചെയ്യുന്ന വേലയ്ക്ക് കൂലി ചോദിക്കാന്‍ അവര്‍ക്ക് ആകുമായിരുന്നില്ല. ചെയ്യുന്ന വേലയുടെ ഫലങ്ങളെല്ലാം ജന്മിമാരും മുതലാളിമാരും കൈയടക്കും. അവര്‍ എന്തെങ്കിലും വച്ചുനീട്ടിയാല്‍ അതു വാങ്ങി മിണ്ടാതെ പോകാന്‍മാത്രമേ തൊഴിലാളിക്ക് കഴിയുമായിരുന്നുള്ളൂ. ജന്മിയുടെയും മുതലാളിയുടെയും കൊടിയ ചൂഷണത്തിനെതിരെ ശബ്ദം ഉയര്‍ത്തിയാല്‍, ഭീകരമര്‍ദനമായിരുന്നു നേരിടേണ്ടി വന്നത്. അങ്ങനെയുള്ള മര്‍ദനത്തിന്റെയും പീഡനങ്ങളുടെയും രുചി തൊഴിലാളികളുടെ വീട്ടിലുള്ള സ്ത്രീകളും കുട്ടികളുമൊക്കെ നേരിടണമായിരുന്നു.

ഇങ്ങനെ എല്ലാത്തരം അസ്വാതന്ത്യ്രത്തിന്റെയും അടിച്ചമര്‍ത്തലുകളുടെയും പീഡനങ്ങളുടെയും അവസ്ഥയില്‍ തൊഴിലാളിക്ക് ഒന്നുകില്‍ ഇതിനെല്ലാം കീഴടങ്ങുക, അല്ലെങ്കില്‍ ഏതു വിധേനയും ഇതിനെതിരെ പോരാടുകമാത്രമായിരുന്നു ചെയ്യാനുണ്ടായിരുന്നത്. ആത്മാഭിമാനമുള്ള തൊഴിലാളികള്‍ പോരാട്ടത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും പാതയാണ് തെരഞ്ഞെടുത്തത്.

ആശയപരവും ചിന്താപരവുമായി പോരാട്ടത്തിന് സജ്ജരായ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ജയാപചയങ്ങളൊന്നും വിഷയമേ ആയിരുന്നില്ല. ഏതുവിധേനയും പോരാടുകമാത്രമാണ് അവര്‍ക്ക് മുന്നിലുണ്ടായിരുന്ന പോംവഴി. അതിന്റെ അടിസ്ഥാനത്തിലാണ് തൊഴിലാളികള്‍ വാരിക്കുന്തവുമേന്തി ദിവാന്റെ പൊലീസിനോടും പട്ടാളത്തോടും ഏറ്റുമുട്ടിയത്.

സമരത്തെ ദിവാന്‍ അടിച്ചമര്‍ത്തി എന്ന് ആശ്വാസംകൊണ്ടു. സമരത്തെ അപഹസിച്ചവരും തള്ളിപ്പറഞ്ഞവരും ഇപ്പോഴും അത്തരത്തില്‍ പറയുന്നുമുണ്ട്. പക്ഷേ, സമരം പിന്നിട്ട് ഒരു വര്‍ഷം ആകുമ്പോഴേക്കും ദിവാന്‍ സര്‍ സി പി രാമസ്വാമി അയ്യര്‍ക്ക് മൂക്കിന് വെട്ടും വാങ്ങി ഇവിടെനിന്ന് മദിരാശിയിലേക്ക് ഓടിപ്പോകേണ്ടി വന്നു. ഒരു പതിറ്റാണ്ട് കഴിയുമ്പോള്‍ കേരളത്തില്‍ ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ആദ്യ കമ്യൂണിസ്റ്റ് ഗവണ്‍മെന്റ് തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറി. ആ ഗവണ്‍മെന്റ് നടപ്പാക്കിയ ഭൂപരിഷ്‌കരണ നിയമവും വിദ്യാഭ്യാസ നിയമവുമാണ് പില്‍ക്കാലത്ത് കേരളത്തിന്റെ രാഷ്ട്രീയ- സാമൂഹ്യ മുന്നേറ്റത്തിന് ആധാരശില പാകിയത്. ഇക്കാര്യം രാജ്യാന്തരങ്ങളിലുള്ള പണ്ഡിതശ്രേഷ്ഠരാകെ അംഗീകരിച്ചുകഴിഞ്ഞതുമാണ്.

അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍, ദിവാന്‍ ഭരണം അവസാനിപ്പിക്കുക, പ്രായപൂര്‍ത്തി വോട്ടവകാശം നല്‍കുക എന്നീ മുദ്രാവാക്യങ്ങളാണ് പുന്നപ്ര-വയലാര്‍ സമരസേനാനികള്‍ ഉയര്‍ത്തിയത്. മനുഷ്യന്റെ സ്വാതന്ത്യ്രവും ജനാധിപത്യ അവകാശങ്ങളും സംരക്ഷിച്ച്, പുരോഗതിയുടെ സാമൂഹ്യ അന്തരീക്ഷം സൃഷ്ടിക്കാനാണ് പുന്നപ്ര വയലാര്‍ സമരസേനാനികള്‍ ജീവത്യാഗം ചെയ്തത്. നാടിന്റെ സ്വാതന്ത്യ്രവും ജനാധിപത്യമൂല്യങ്ങളും മതനിരപേക്ഷ സങ്കല്‍പ്പങ്ങളും ഭീഷണി നേരിടുന്ന കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്.

സംഘപരിവാറിന്റെ അസഹിഷ്ണുതയുടെയും വെറുപ്പിന്റെയും രാഷ്ട്രീയം രാജ്യത്തിന്റെ സ്വച്ഛമായ നിലനില്‍പ്പിനും മുന്നേറ്റത്തിനും അപകടഭീഷണി ഉയര്‍ത്തുകയാണ്. ഇതിനൊപ്പം നരേന്ദ്ര മോഡിയുടെ ജനവിരുദ്ധ നയങ്ങളുടെ ഭീകരതയും ജനജീവതം ദുരിതപൂര്‍ണമാക്കി. വര്‍ഗീയവിദ്വേഷവും അതിന്റെ അലകളും ഉയര്‍ത്തി, യഥാര്‍ഥത്തില്‍ സാധാരണ ജനങ്ങള്‍ നേരിടുന്ന ദുരിതജീവിത പ്രശ്‌നങ്ങള്‍ മറച്ചുവയ്ക്കാനുള്ള ശ്രമങ്ങളും സംഘപരിവാര്‍ നയിക്കുന്ന ബിജെപി ഭരണം നടത്തുകയാണ്.

ബിജെപിയുടെയും സംഘപരിവാറിന്റെയും ഇത്തരം എല്ലാ ജനവിരുദ്ധ നടപടികളെയും ചെറുക്കുന്നത് സിപിഐ എമ്മും അതിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനവുമാണ്. അതുകൊണ്ടാണ് കേരളത്തില്‍ സിപിഐ എമ്മിനെതിരെയും എല്‍ഡിഎഫിനെതിരെയും കൊണ്ടുപിടിച്ച കള്ളപ്രചാരവേലകളുമായി ബിജെപിയുടെ കേന്ദ്ര നേതാക്കളും കേന്ദ്രമന്ത്രിമാരുംവരെ രംഗത്തിറങ്ങിയിരിക്കുന്നത്. ഇതിനെയെല്ലാം ശക്തമായി ചെറുത്തുതോല്‍പ്പിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ക്കും പുരോഗമനവാദികളുമായ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. അതുകൊണ്ട് മനുഷ്യന്റെ സ്വാതന്ത്യ്രത്തെയും ജനാധിപത്യ- മതനിരപേക്ഷ മൂല്യങ്ങളെയും വിലമതിക്കുന്ന എല്ലാവരും ഈ ജനവിരുദ്ധ ശക്തിക്കെതിരായ പോരാട്ടങ്ങള്‍ക്ക് തീര്‍ച്ചയും മൂര്‍ച്ചയും ഉണ്ടാക്കുകയാണ് വേണ്ടത്. ഇതാണ് ഇത്തവണ പുന്നപ്ര-വയലാര്‍ സമരസ്മരണകള്‍ നമ്മെ ഓര്‍മിപ്പിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News