വിവാദങ്ങള്‍ക്കൊടുവില്‍ ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

ഗുജറാത്ത്: 182 സീറ്റുകളിലായി 4.33 കോടി വോട്ടര്‍മാര്‍ വിധി നിര്‍ണ്ണയിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു.

ഡിസംബര്‍ 9ന് 19 ജില്ലകളിലെ 89 നിയമസഭാ മണ്ഡലങ്ങളില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കും. 2.21 കോടി വോട്ടര്‍മാരാണ് ആദ്യ ഘട്ടത്തില്‍ പോളിങ്ങ് ബൂത്തിലെത്തുന്നത്. നാല് ദിവസത്തിന് ശേഷം ഡിസംബര്‍ 14ന് രണ്ടാം ഘട്ട വോട്ടെടുപ്പ്.

14 ജില്ലകളില്‍ നടക്കുന്ന രണ്ടാം ഘട്ടത്തില്‍ 93 സീറ്റുകള്‍ ഉള്‍പ്പെടുന്നു.2.11 കോടി വോട്ടര്‍മാരാണ് രണ്ടാം ഘട്ടത്തില്‍ ഉള്ളത്.

50,128 പോളിങ്ങ് ബൂത്തുകള്‍ സജീകരിച്ചിട്ടുണ്ട്. ഇതില്‍ 182 പോളിങ്ങ് ബൂത്തുകള്‍ പൂര്‍ണ്ണമായും വനിതാ ഉദ്യോഗസ്ഥരായിരിക്കും നിയന്ത്രിക്കുക. എല്ലാ പോളിങ്ങ് ബൂത്തുകളിലും ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനോടൊപ്പം വിവിപാറ്റ് സംവിധാനവും ഉണ്ടായിരിക്കും.

കൂടാതെ വോട്ടിങ്ങ് മെഷീനില്‍ ചിഹ്നത്തോടൊപ്പം സ്ഥാനാര്‍ത്ഥികളുടെ ചിത്രവും നല്‍കും.നേരത്തെ ഗുജറാത്തിനെ ഒഴിവാക്കി ഹിമാചല്‍പ്രദേശിന്റെ തിരഞ്ഞെടുപ്പ് തിയതി മാത്രം പ്രഖ്യാപിച്ചത് ഏറെ വിവാദമായിരുന്നു.

അതിന് ശേഷം പ്രധാനമന്ത്രി നേരേന്ദ്രമോദി ഗുജറാത്തിലെത്തി വമ്പന്‍ പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്തു.

കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയാകട്ടെ ഗുജറാത്തില്‍ പിന്നോക്ക-ദളിത്-ആദിവാസിക വിഭാഗങ്ങളെ ഉള്‍പ്പെടുത്തി വിശാല സംഖ്യത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ഇരുപാര്‍ടികളും സ്ഥാനാര്‍ത്ഥി പട്ടിക അടുത്ത മാസം ആദ്യത്തോടെ പ്രഖ്യാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News