സനയുടെ മരണം കൊലപാതകം? പീഡനങ്ങളെക്കുറിച്ചുള്ള സന്ദേശം പുറത്ത്

ഹൈദരാബാദ്: പ്രശസ്ത വനിതാ ബൈക്ക് റൈഡര്‍ സന ഇഖ്ബാലിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മാതാവ് രംഗത്ത്. ഭര്‍ത്താവ് അബ്ദുല്‍ നദീമിന്റെ കുടുംബത്തിനെതിരെയാണ് സനയുടെ മാതാവിന്റെ ആരോപണങ്ങള്‍.

ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് സനയെ പീഡിപ്പിച്ചിരുന്നെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. അവരുടെ പീഡനത്തെക്കുറിച്ച് സന സുഹൃത്തുക്കള്‍ക്കെഴുതിയതെന്ന് പറയപ്പെടുന്ന ഇമെയില്‍ സന്ദേശവും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

താന്‍ ഹൃദയാഘാതം മൂലമോ എന്തെങ്കിലും ഷോക്ക് മൂലമോ മരിച്ചാല്‍ അതിന് കാരണം നദീമും അമ്മയും ആയിരിക്കുമെന്ന് സന്ദേശത്തില്‍ പറയുന്നു. കുടുംബകാര്യങ്ങളില്‍ ഇരുവരും തമ്മില്‍ നേരത്തെ അഭിപ്രായവ്യത്യാസമുണ്ടായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറയുന്നു. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

ചൊവ്വാഴ്ച പുലര്‍ച്ചെ ഹൈദരാബാദിലെ റിംഗ് റോഡില്‍ വച്ചാണ് സനയുടെ വാഹനം അപകടത്തില്‍പ്പെട്ടത്. നദീമിനൊപ്പം കാറില്‍ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. അമിത വേഗതയില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു.

തലക്ക് പരുക്കേറ്റ സനയെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നദീമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിഷാദരോഗത്തിനും ആത്മഹത്യാ പ്രവണതയ്ക്കും എതിരെയുള്ള ബോധവത്കരണം ലക്ഷ്യമാക്കിയായിരുന്നു സനയുടെ ബുള്ളറ്റ് യാത്രകള്‍. കേരളത്തിലും യാത്രയുടെ ഭാഗമായി സന എത്തിയിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here