രാജീവ് കൊലക്കേസ്: ഉദയഭാനുവിന്റെ കുരുക്ക് മുറുകുന്നു; ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: ചാലക്കുടി രാജീവ് കൊലക്കേസില്‍ അഡ്വക്കറ്റ് സിപി ഉദയഭാനുവിനെതിരെ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍.

രാജീവ് കൊല്ലപ്പെട്ട ദിവസം ചക്കര ജോണി ഉദയഭാനുവിനെ വിളിച്ചിട്ടുണ്ട്. ഉദയഭാനുവിനെതിരെ രഹസ്യ മൊഴിയുണ്ടെന്നും അതിനാല്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു.

ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് പി ഉബൈദ് പിന്‍മാറിയതിനെ തുടര്‍ന്ന് മറ്റൊരു ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്. ഉദയഭാനുവിനെതിരെ കൂടുതല്‍ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

രാജീവിനെ തട്ടിക്കൊണ്ടു പോയ ദിവസം ചക്കര ജോണി ഉദയഭാനുവുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ട്. ഉദയഭാനുവിനെതിരെ രഹസ്യ മൊഴിയുണ്ട്. അതിനാല്‍ ഉദയഭാനുവിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു.

ഉദയഭാനുവും തന്റെ പിതാവുമായി ചില ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നും കൊലപാതകത്തില്‍ ഉദയഭാനുവിന് നേരിട്ട് ബന്ധമുണ്ടെന്നും രാജീവിന്റെ മകനു വേണ്ടി അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ തന്നെ കസ്റ്റഡിയിലെടുത്തു പീഡിപ്പിക്കാനാണ് പൊലീസിന്റെ ശ്രമമെന്നായിരുന്നു ഉദയഭാനുവിന്റെ വാദം.

താന്‍ അന്വേഷണവുമായി സഹകരിച്ചിട്ടുണ്ടെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും ഉദയഭാനു വാദിച്ചു. വാദം നാളെയും തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here