മോസ്‌കോ: ആഗോളതലത്തില്‍ ഏറ്റവുമധികം ഭീതിയുണര്‍ത്തുന്ന ഭീകര സംഘടനയാണ് ഐ എസ് എന്ന പേരിലറിയപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റ്‌സ്. ഇപ്പോള്‍ കായിക ലോകത്തേക്കും ഭീതിപടര്‍ത്തുകയാണ് ഐ എസ്.

അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിക്കെതിരെയാണ് ഐ എസിന്റെ ഭീഷണി. മെസിയുടെ കണ്ണില്‍ നിന്ന് രക്തം ഒഴുകുന്ന ചിത്രവും പുറത്തുവിട്ടിട്ടുണ്ട്.

മെസിക്ക് മാത്രമല്ല അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിനും ഐഎസ് ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്. ഐഎസ് വക്താക്കളായ വഫ മീഡിയ ഫൗണ്ടേഷനാണ് ചിത്രം പുറത്തുവിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മെസിയുടെ കണ്ണില്‍ നിന്ന് ചോരയൊലിക്കുന്ന ചിത്രങ്ങള്‍ കായികലോകത്തെ ഞെട്ടിക്കുകയാണ്. ലോകകപ്പിന്റെ ലോഗോയോടൊപ്പം മുഖംമൂടി ധരിച്ച ഒരു ആയുധധാരി നില്‍ക്കുന്ന ചിത്രവും ഉണ്ട്.

അടുത്ത വര്‍ഷം ജൂണ്‍ 14 മുതല്‍ ജൂലായ് 15 വരെയാണ് റഷ്യയില്‍ ഫുട്‌ബോള്‍ ലോകകപ്പ് അരങ്ങേറുന്നത്.