ഗോവയില്‍ ‘മോഹനേട്ടന്‍ സ്‌ക്വയര്‍’; ഐനോക്‌സ് തീയറ്ററിന് മുന്നിലെ മരത്തണലില്‍ പ്രതിനിധികള്‍ കെആര്‍ മോഹനനെ അനുസ്മരിക്കും

ഇത്തവണ ഗോവയിലെ ചലച്ചിത്രമേളയില്‍ കെആര്‍ മോഹനന്‍ ഇല്ല. പക്ഷേ കെആര്‍ മോഹനന്റെ ഓര്‍മ്മകള്‍ ഇല്ലാതാവുന്നില്ല. ഐനോക്‌സ് തീയറ്റര്‍ സമുച്ചയത്തിന് മുന്നിലെ മരത്തണല്‍ ഇനി എല്ലാ ചലച്ചിത്രമേളാ കാലത്തും കെആര്‍ മോഹനനെ ഓര്‍ക്കും.

സിനിമകളുടെ ഇടവേളകളില്‍ ചായയോ കാപ്പിയോ ബീയറോ നുണഞ്ഞ് പ്രതിനിധികള്‍ സിനിമാ ചര്‍ച്ചകള്‍ക്ക് ചൂട് പിടിപ്പിച്ചിരുന്ന ഈ മരത്തണല്‍ ഇനി മലയാളി പ്രതിനിധികള്‍ക്ക് ‘മോഹനേട്ടന്‍ സ്‌ക്വയറാ’ണ്. നവംബര്‍ 22ന് വൈകീട്ട് 4.30ന് നടക്കുന്ന കെആര്‍ മോഹനന്‍ അനുസ്മരണച്ചടങ്ങിലാകും സ്‌ക്വയറിന്റെ പ്രഖ്യാപനം.

അന്നേ ദിവസം മലയാളി പ്രതിനിധികളും സുഹൃത്തുക്കളായ മറ്റു ഭാഷാപ്രതിനിധികളും ചലച്ചിത്രപ്രവര്‍ത്തകരും ഈ മരത്തണലില്‍ ഒത്തു ചേരാനാണ് ആലോചിക്കുന്നതെന്ന് പരിപാടിയുടെ കോഓര്‍ഡിനേറ്റര്‍ ഷാജ് കെ ഇഷാര കൈരളി ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

ടിവി ചന്ദ്രന്‍ പറഞ്ഞത് പോലെ പ്രായഭേദമന്യേ കെ ആര്‍ മോഹനന്‍ എല്ലാവര്‍ക്കും മോഹനേട്ടനാണ്. മോഹനേട്ടന്റെ അച്ഛന്‍ പോലും അങ്ങനെ വിളിക്കാറുണ്ടെന്ന് തമാശയായി പറയുന്നവരുണ്ട്.

അടുപ്പമുള്ളവര്‍ക്ക് മോഹനേട്ടന്‍ ഒരിക്കലും മറക്കാനാവാത്ത സ്‌നേഹസാമീപ്യമാണ്. കെആര്‍ മോഹനേട്ടനില്ലാത്ത ഈ ഗോവാ ചലച്ചിത്രമേള അതുകൊണ്ട് അദ്ദേഹത്തിനൊപ്പം ഒത്തുകൂടുന്നവര്‍ക്ക് വേദനാകരമാണ്.

തിരുവനന്തപുരത്ത് നിന്ന് നേത്രാവതി എക്‌സ്പ്രസില്‍ സാഘോഷം പഴയ ഗോവയിലെ കര്‍മ്മലിയില്‍ വന്നിറങ്ങുന്ന വലിയൊരു നിര പ്രതിനിധികളുടെ നേതാവായിരുന്നു കെആര്‍ മോഹനന്‍. മേള തീരുന്നത് വരെ ഏത് അര്‍ദ്ധരാത്രിയിലും ഗോവയിലെ സൗഹൃദ സംഘങ്ങളിലെല്ലാം അദ്ദേഹം സജീവമായിരുന്നു.

സിനിമകളെല്ലാം ഒന്നൊഴിയാതെ കണ്ട് ഏത് പുതിയ സിനിമയെക്കുറിച്ചും തന്റേതായ കാഴ്ച്ചപ്പാട് അവതരിപ്പിക്കുമായിരുന്നു അദ്ദേഹം. കേരളത്തിന്റെ ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ഗോവയില്‍ വരുമ്പോഴും അതിന്റെ സൗകര്യങ്ങളൊന്നും ഉപയോഗിക്കാതെ ഒരു സാധാരണ പ്രതിനിധിയെപ്പോലെ എപ്പോഴും ക്യൂ നിന്ന് തന്നെ സിനിമ കാണുന്ന മോഹനേട്ടനെക്കുറിച്ചാണ് എല്ലാവര്‍ക്കും പറയാനുള്ളത്.

ഏറ്റവും പുതിയ സിനിമാപ്രവര്‍ത്തകര്‍ക്കും കന്നി ഡെലിഗേറ്റുകളായ വിദ്യാര്‍ത്ഥികള്‍ക്കുവരെ ഈ പഴയ പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സന്തതി പ്രിയപ്പെട്ടവനായിരുന്നു. വലിയൊരു ചലച്ചിത്ര ചരിത്രത്തിന്റെ ഉടമയായ ഈ മനുഷ്യന്‍ സഹജമായ ലാളിത്യം കൊണ്ട് എല്ലാവരെയും അമ്പരപ്പിച്ചിരുന്നു, കേരളത്തിലെന്ന പോലെ ഗോവയിലും.

2004 മുതലാണ് ഇന്ത്യയുടെ അന്താരഷ്ട്ര ചലച്ചിത്രമേള മണ്ഡോവിയുടെ കരയില്‍ നങ്കൂരമിട്ടു തുടങ്ങിയത്. അന്നുതൊട്ട് കഴിഞ്ഞവര്‍ഷം വരെ മുടങ്ങാതെ എല്ലാ മേളകളിലും മോഹനേട്ടന്റെ സാന്നിധ്യമുണ്ടായിട്ടുണ്ട്. ഗോവയ്ക്ക് മുമ്പ് മുംബൈയിലും കല്‍ക്കത്തയിലും ഹൈദാരാബാദിലുമെല്ലാം സഞ്ചരിച്ച് മോഹനേട്ടന്‍ മേളയെ പിന്തുടര്‍ന്നിട്ടുണ്ട്. നിരവധി രാജ്യാന്തരമേളകളിലെ ജൂറി അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ പുരുഷാര്‍ത്ഥവും, സ്വരൂപവും ദേശീയ അവാര്‍ഡ് നേടിയ ചിത്രങ്ങളാണ്. അശ്വത്ഥാമാവ് മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡും നേടിയിരുന്നു. മൂന്ന് ഫീച്ചര്‍ സിനിമകള്‍ മാത്രമേ ചെയ്തിട്ടുള്ളൂവെങ്കിലും മൂന്നും മലയാള സിനിമയുടെ ചരിത്രത്തില്‍ മുദ്ര ചാര്‍ത്തിയ ചിത്രങ്ങളാണെന്നതാണ് മോഹനേട്ടന്റെ ചലച്ചിത്ര ജീവിതത്തിന്റെ മാറ്റ്.

അവസാനകാലത്ത് മോഹനേട്ടന്‍ വൈറ്റ് ബാലന്‍സ് എന്ന തിരക്കഥ പൂര്‍ത്തിയാക്കിയിരുന്നുവെങ്കിലും അത് യാഥാര്‍ത്ഥ്യമാകാതെ പോയത് മോഹനേട്ടനെപ്പോലെ പ്രിയപ്പെട്ടവരുടെയും ദുഖമാണ്.

കേരളത്തിന്റെ പുരോഗമന ചിന്ത ഉയര്‍ത്തിപ്പിടിക്കുന്ന ചലച്ചിത്ര സംസ്‌കാരത്തിന്റെ പ്രതിനിധിയാണ് കെ ആര്‍ മോഹനന്‍. ആവിഷ്‌ക്കാര സ്വാതന്ത്ര്യവും പുരോഗമന രാഷ്ട്രീയവും സ്വതന്ത്ര ചലച്ചിത്രപ്രവര്‍ത്തനവും ഭീഷണി നേരിടുന്ന കാലത്ത് മോഹനേട്ടനെപ്പോലുള്ളവരുടെ ഓര്‍മ്മയും ഒരു സമരമാണ്.

അതുകൊണ്ട് ഗോവയിലെത്തുന്ന എല്ലാ മലയാളികളും ചലച്ചിത്ര പ്രവര്‍ത്തകരും ഈ അനുസ്മരണക്കൂട്ടായ്മയില്‍ പങ്കെടുക്കണമെന്നാണ് സംഘാടക സമിതിയുടെ അഭ്യര്‍ത്ഥന.

Photo courtesy: Arun Punalur

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News