ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ റിട്ടയേഡ് പൊലീസ് ഡ്രൈവറും ഭാര്യയും അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കട സ്വദേശികളായ പുഷ്‌കരന്‍ നായരും ഭാര്യ ശശികലയുമാണ് 10 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഷാഡോ പൊലീസിന്റെ പിടിയിലായത്.

വീട് വാടക്ക് എടുത്ത് പരിചയക്കാരെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തിയായിരുന്നു ഇവരുടെ തട്ടിപ്പ്. വീട്ടിലെത്തുന്നവര്‍ മകളേയോ ഭാര്യയേയോ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന രീതിയില്‍ ആദ്യം പരാതി നല്‍കും.

പിന്നീട് ഇവരെ ഭീഷണിപ്പെടുത്തി പണം തട്ടും. ഇതായിരുന്നു ഇവരുടെ രീതി. റിട്ടയേഡ് പൊലീസ് ഇന്‍സ്‌പെക്ടര്‍ എന്നയിരുന്നു പുഷ്‌കരന്‍ സ്വയം പരിചയെപ്പടുത്തിയിരുന്നത്.

കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാട്ടാക്കടയില്‍ വീട് വാടക്കെടുത്ത് പുഷ്‌കരനും ഭാര്യയും മകളും താമസം തുടങ്ങി.

നിത്യേന പലരും വീട്ടിലേക്ക് എത്തുന്നത് കണ്ട വീട്ടുടമ ചോദ്യം ചെയ്തു. വീട്ടുടമയുടെ മരുമകനും ഇക്കാര്യം ചോദ്യം ചെയ്തു.

തുടര്‍ന്ന് മരുമകന്‍ പുഷ്‌കരന്റെ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന് ചൂണ്ടിക്കാട്ടി കാട്ടാക്കട പൊലീസില്‍ പരാതി നല്‍കി.എന്നാല്‍ പീന്നീട് പരാതി പിന്‍വലിച്ച പുഷ്‌കരനും കുടുംബവും വീട്ടുടമയുടെ മരുമകനെ ഭീഷണിപ്പെടുത്തുകയും 10 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

മാനഹാനി ഭയന്ന് ആദ്യം പണം നല്‍കാമെന്നേറ്റ വീട്ടുടമയും മരുമകനും ഐ.ജി മനോജ് കുമാറിന് പിന്നീട് പരാതി നല്‍കി.

നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ പിടിയിലാവുകയായിരുന്നു

പരാതിയുടെ അടിസ്ഥാനത്തില്‍ സിറ്റി ഷാഡോ പൊലീസ് നടത്തിയ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ പുഷ്‌കരനും ഭാര്യയും പിടിയിലാവുകയായിരുന്നു.

പണം നല്‍കാമെന്ന് പറഞ്ഞ് ഇവരെ വീട്ടുടമ ഉപേന്ദ്രന്റെ മറ്റൊരു ഒഴിഞ്ഞ വീട്ടില്‍ എത്തിച്ച ശേഷമാണ് അറസ്റ്റ് ചെയ്തത്. കണ്‍ട്രോള്‍ റൂം എസി സുരേഷിന്റെ നേതൃത്വത്തില്‍ സിറ്റി ഷാഡോ പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here