തോമസ് ചാണ്ടി വിഷയം; സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരണ പത്രിക സമര്‍പ്പിച്ചു

കൊച്ചി: തോമസ് ചാണ്ടി വിഷയത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരണ പത്രിക സമര്‍പ്പിച്ചു. റോഡ് മണ്ണിട്ടു നികത്തിയതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അന്വേഷണവും സര്‍വ്വെയും പൂര്‍ത്തിയാകാന്‍ കൂടുതല്‍ സമയം വേണമെന്നും വിശദീകരണപത്രികയില്‍ വ്യക്തമാക്കുന്നു.

മാര്‍ത്താണ്ഡം കായല്‍ഭൂമി കയ്യേറിയെന്ന ആരോപണമുന്നയിച്ച് മന്ത്രി തോമസ് ചാണ്ടിക്കെതിരെ നടപടി ആവശ്യപ്പെട്ട് ആലപ്പുഴ കൈനകരി സ്വദേശി ബികെ വിനോദ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ വിശദീകരണ പത്രിക സമര്‍പ്പിച്ചത്. മാര്‍ത്താണ്ഡം കായല്‍ നികത്തിയതില്‍ നിയമലംഘനമില്ലെന്ന് കളക്ടറുടെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

200 ഏക്കര്‍ ഭൂമി വര്‍ഷങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാര്‍ ഏറ്റെടുത്ത് നികത്തിയതാണ്. കര്‍ഷകര്‍ക്ക് കൃഷി ആവശ്യത്തിനും വീട് വെക്കുന്നതിനുമായി ഈ ഭൂമി കൈമാറി. ഓരോ ഏക്കര്‍ വീതമാണ് കര്‍ഷകര്‍ക്ക് നല്‍കിയത്. ഇതില്‍ 5 സെന്റ് വീടു വെക്കുന്നതിനും ബാക്കി 95 സെന്റ് കൃഷിക്കു വേണ്ടിയുമായിരുന്നു കൈമാറ്റം.

12 വര്‍ഷത്തിനുള്ളില്‍ ഈ ഭൂമി വില്‍പ്പന നടത്തരുതെന്നും നിബന്ധനയുണ്ടായിരുന്നു. കര്‍ഷകര്‍ക്ക് വീട് വെയ്ക്കാന്‍ നല്‍കിയ ഭൂമിയാണ് നിയമപരമായി 12 വര്‍ഷത്തിനു ശേഷം തോമസ് ചാണ്ടി വാങ്ങിയത്. എന്നാല്‍ ഈ ഭൂമിയിലെ റോഡുകളില്‍ മണ്ണിട്ടു നികത്തിയതായി പ്രാഥമിക അന്വേഷണത്തില്‍ ജില്ലാ കളക്ടര്‍ കണ്ടെത്തി. മാത്രമല്ല വെള്ളം കയറിക്കിടക്കുന്നതിനാല്‍ സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കാനായിട്ടില്ല.

അതിനാല്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് കളക്ടര്‍ ആവശ്യപ്പെട്ടതായും സര്‍ക്കാര്‍ സമര്‍പ്പിച്ച വിശദീകരണ പത്രികയില്‍ പറയുന്നു. നിലം നികത്തലിനെതിരെ സ്റ്റോപ് മെമ്മൊ ഉണ്ടെന്ന് സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇതെ തുടര്‍ന്നായിരുന്നു 10 ദിവസത്തിനകം ഈ വിഷയത്തില്‍ വിശദീകരണ പത്രിക നല്‍കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.
കായല്‍ കയ്യേറ്റ ആരോപണം: തോമസ് ചാണ്ടിക്കെതിരായ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നിയമോപദേശം തേടി


തിരുവനന്തപുരം:
കായല്‍ കയ്യേറ്റ ആരോപണത്തില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നിയമോപദേശം തേടി. ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന്‍മേലാണ് അഡ്വക്കേറ്റ് ജനറലിനോടാണ് നിയമോപദേശം തേടിയത്.

കളക്ടറുടെ റിപ്പോര്‍ട്ടില്‍ കൂടുതല്‍ പരിശോധന വേണമെന്ന റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്റെ കുറിപ്പോടുകൂടി റവന്യുമന്ത്രി മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം റിപ്പാര്‍ട്ട് കൈമാറിയിരുന്നു.

മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റവും നിലം നികത്തലുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമ കഴിഞ്ഞ ദിവസമാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്.

റിപ്പോര്‍ട്ടിന്‍മേലാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്. അഡ്വക്കേറ്റ് ജനറലിനോടാണ് നിയമോപദേശം തേടിയത്. നിയമോപദേശം ലഭിച്ച ശേഷമാകും മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനം കൈക്കൊള്ളുക.

കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കൂടുതല്‍ പരിശോധന വേണമെന്ന് റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍ റവന്യൂമന്ത്രിയെ രേഖാമൂലം അറിയിച്ചിരുന്നു. 2006 മുതല്‍ 2011വരെയുള്ള ഉപഗ്രഹചിത്രങ്ങള്‍ ഉപയോഗിച്ചു പരിശോധിക്കണം.

കോടതി പരിഗണിക്കുന്ന കാര്യമായതിനാല്‍ നിയമോപദേശം തേടണമെന്നുമായിരുന്നു അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ നിലപാട്. ഈ കുറിപ്പ് സഹിതമാണ് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിക്ക് കൈമാറിയത്. ഇവ പരിശോധിച്ചാണ് മുഖ്യമന്ത്രി നിയമോപദേശം തേടിയത്.

തോമസ് ചാണ്ടിക്കെതിരായ കളക്ടറുടെ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നിയമപരമായ നടപടി കൈക്കൊളളുമെന്ന് CPI(M) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നും കോടിയേരി പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News