ഭയക്കരുത്, വിറയ്ക്കരുത്, പതറരുത്…; തീ വിഴുങ്ങുമ്പോഴും നിവര്‍ന്നുനിന്ന ആ പെണ്‍കുഞ്ഞിന് മലയാളിയുടെ കാവ്യാര്‍ച്ചന

തീ വിഴുങ്ങുമ്പോഴും നിവര്‍ന്നുനിന്ന ഉണ്ണിക്ക് ഒരു കവിത. മനുഷ്യമനഃസാക്ഷിയെ പിടിച്ചുകുലുക്കിയ തിരുനെല്‍വേലിയിലെ പെണ്‍കുഞ്ഞിനാണ് മലയാളി കവിയുടെ കാവ്യാര്‍ച്ചന.

അച്ഛനും അമ്മയ്ക്കും കൂടപ്പിറപ്പിനുമൊപ്പം കത്തിയെരിയുമ്പോള്‍ അനങ്ങാതെ നില്ക്കുന്ന അഞ്ചു വയസുകാരിയുടെ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഈ കുഞ്ഞിനെ അഭിസംബോധന ചെയ്യുന്നതാണ് ഷീനുജ ഹുസൈന്റെ കവിത.

‘നിവര്‍ന്നു നിന്നു കത്തിയാലേ ഞങ്ങളുടെ ഉള്ളു പൊള്ളൂവെന്ന് നീ കരുതിയിട്ടുണ്ടാകും’ എന്നാണ് സോഷ്യല്‍ മീഡിയയിലെ വായനക്കാരുടെ ഉള്ളുപൊള്ളിച്ച കുട്ടിയോട് കവി പറയുന്നത്. എന്നാല്‍, നിനക്കു തെറ്റിപ്പോയി എന്നും ചുറ്റുമുള്ളവരൊക്കെ മരിച്ചവരാണെന്നും തീവ്രാഘാതശേഷിയുള്ള ഫേസ്ബുക്ക് കവിതയില്‍ കവി പറയുന്നു.


കവിത വായിക്കാം:

നിനക്കൊരു
തീഗോളമായി മാറാന്‍
അധികം
ബുദ്ധിമുട്ടുണ്ടായിക്കാണില്ല.

പശിയകറ്റാന്‍
അമ്മിഞ്ഞപ്പാലിനൊപ്പം
പ്രാരാബ്ധവും
ചുടുകണ്ണീരില്‍
ചാലിച്ചു
പകര്‍ന്നുതന്നവളെ
തീവിഴുങ്ങുമ്പോഴും,
കരയാന്‍ പോലും
ഇനിയും പഠിച്ചു
തുടങ്ങിയിട്ടില്ലാത്ത
കുഞ്ഞുശരീരം
ചാരക്കൂമ്പാരമാകുമ്പോഴും,
നട്ടെല്ലു വളയ്ക്കാതെ
നിവര്‍ന്നു നിന്നു കത്തിയാലേ
ഞങ്ങളുടെ ഉള്ളു പൊള്ളൂവെന്ന്
നീ കരുതിയിട്ടുണ്ടാകും.

കുഞ്ഞേ നിനക്കു തെറ്റി.
ഞങ്ങള്‍ എന്നേ മരിച്ചവരാണ്!!
മനുഷ്യത്വം മരവിച്ചവരാണ്!!
ദയവും കാരുണ്യവും തീറെഴുതിയവരാണ്!!

ഞങ്ങളിലാര്‍ക്കും
അല്‍പ്പവും പൊള്ളില്ല,
നെഞ്ചില്‍ ചോര പൊടിയില്ല,
അതേ….ഞങ്ങള്‍ മരിച്ചവരാണ്‍!

അരികുവല്‍ക്കരിക്കപ്പെട്ടവനെങ്കില്‍
നീ എരിഞ്ഞു തന്നെയാകണം…..

ഭയക്കരുത് ….
വിറയ്ക്കരുത്…
ലേശവും പതറരുത്…..
നിന്നു കത്തണം…..
സ്വന്തം മാംസമുരുകുന്ന
ഗന്ധത്തില്‍ നിന്ന്
ജീവരക്തമായവളുടെയും
കൂടപ്പിറപ്പിന്റെയും
വെന്ത മാംസച്ചൂര്
വേര്‍തിരിച്ചറിയാന്‍
ശ്രമിക്കരുത്.

കാരണം ….
നിനക്കു ചുറ്റും
മരിച്ചവരാണ് !!
മനുഷ്യത്വം
മരവിച്ചവരാണ്!!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here