തെറ്റുകള്‍ ഏറ്റുപറഞ്ഞ് സിബി മാത്യൂസ് മാപ്പു പറഞ്ഞു; ചാരക്കേസ് വീണ്ടും അന്വേഷിക്കണം; ബലിയാടായി 24 വര്‍ഷം പിന്നിടുമ്പോള്‍ നമ്പി നാരായണന്റെ തുറന്നുപറച്ചില്‍ പീപ്പിളിനോട്

തിരുവനന്തപുരം: തെറ്റുകള്‍ ഏറ്റുപറഞ്ഞ് സിബി മാത്യൂസ് തന്നെ വന്ന് കണ്ടിരുന്നതായി നമ്പി നാരായണന്‍. സൂര്യാ കൃഷ്ണമൂര്‍ത്തിയുടെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. തന്റെ ആത്മകഥയായ ഓര്‍മകളുടെ ഭ്രമണപഥം എന്ന പുസ്തകത്തിലാണ് നമ്പി നാരായണന്റെ തുറന്നുപറച്ചില്‍.

ഐഎസ്ആര്‍ഒ ചാരക്കേസ് വീണ്ടും അന്വേഷിക്കണമെന്നും കള്ളക്കേസിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും നമ്പി നാരായണന്‍ ബലിയാടായി 24 വര്‍ഷം പിന്നിടുമ്പോഴും ആവശ്യപ്പെടുന്നു.

ഒരു ചാരന്‍ ജനിക്കുന്നു എന്നതാണ് ഓര്‍മകളുടെ ഭ്രമണപഥം എന്ന നമ്പി നാരായണന്റെ ആത്മകഥയിലെ ആദ്യ അദ്ധ്യായം. ഐഎസ്ആര്‍ഒ ചാരക്കേസിനെ കുറിച്ച് മാത്രമല്ല, പുസ്തകം എന്ന് പറയുമ്പോഴും ചാരക്കേസ് തന്നെയാണ് പ്രധാന പ്രതിപാദ്യ വിഷയം.

ഏറെ കോളിളക്കം സൃഷ്ടിച്ച ഐഎസ്ആര്‍ഒ ചാരക്കേസ് ഒരു രാജ്യത്തിന്റെ തന്നെ ശാസ്ത്ര വികസനത്തെയും സ്വപ്നങ്ങളെയുമാണ് നമ്പി നാരായണനെ ബലിയാടാക്കി ഇല്ലാതാക്കിയത്. അവയെല്ലാം തുറന്ന് പറയുകയാണ് ആത്മകഥയിലൂടെ നമ്പി നാരായണന്‍.

ഇപ്പോള്‍ ഏറ്റവും ഒടുവില്‍ തെറ്റുകള്‍ ഏറ്റുപറഞ്ഞ് സിബി മാത്യൂസ് തന്നെ വന്ന് കണ്ടിരുന്നതായി നമ്പി നാരായണന്‍ പറയുന്നു. സൂര്യാ കൃഷ്ണമൂര്‍ത്തിയുടെ വീട്ടിലായിരുന്നു ആ കൂടിക്കാഴ്ച. കൂടിക്കാഴ്ചയില്‍ സിബി മാത്യൂസ് തന്നോട് ഖേദം പ്രകടിപ്പിച്ചെന്നും നമ്പി നാരായണന്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം താന്‍ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും നമ്പി നാരായണന്‍ പീപ്പിള്‍ ടിവിയോട് പറഞ്ഞു.

സൂര്യാ കൃഷ്ണമൂര്‍ത്തിയുടെ ആവശ്യപ്രകാരമായിരുന്നു കൂടിക്കാഴ്ചയെന്ന് സിബി മാത്യൂസ് പിന്നീട് തിരുത്തിയിരുന്നു. എന്നാല്‍ സിബി മാത്യൂസ് തന്നെയാണ് കൂടിക്കാഴ്ചയ്ക്ക് ആവശ്യപ്പെട്ടതെന്ന് സൂര്യാ കൃഷ്ണമൂര്‍ത്തി പീപ്പിള്‍ ടിവിയോട് പ്രതികരിച്ചു.

ഐഎസ്ആര്‍ഒ ചാരക്കേസ് വീണ്ടും അന്വേഷിക്കണമെന്നും കള്ളക്കേസിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഈ കേസിലൂടെ എല്ലാ കോണില്‍ നിന്നും അമ്പേറ്റ നമ്പി നാരായണന്‍ ഇന്നും ആവശ്യപ്പെടുന്നു.

ഈ കേസിലൂടെ 400 മില്ലണ്‍ ഡോളറിന്റെ നഷ്ടമാണ് ഇന്ത്യയ്ക്കുണ്ടായതെന്നും അദ്ദേഹം പറയുന്നു. കേസ് ആദ്യം അന്വേഷിച്ച സിബി മാത്യുസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇതില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതായി അവകാശപ്പെട്ടുവെങ്കിലും പിന്നീട് നടന്ന സിബിഐ അന്വേഷണത്തില്‍ കേസ് എഴുതിതള്ളി.

ഇന്ന് കുറ്റവിമുക്തനാണെങ്കിലും കേസിലെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ് അദ്ദേഹം മുന്നോട്ട് വയ്ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News