‘പേടിക്കേണ്ടവരല്ല, എതിര്‍ലിംഗത്തില്‍പെട്ടവര്‍ എന്ന് അവര്‍ അറിയട്ടെ’; ആണ്‍-പെണ്‍ പ്രത്യേകസ്‌കൂളുകള്‍ നിര്‍ത്തലാക്കണമെന്ന് തനൂജ ഭട്ടതിരി

ആണ്‍-പെണ്‍ പ്രത്യേകസ്‌കൂളുകള്‍ നിര്‍ത്തലാക്കണമെന്ന് എഴുത്തുകാരി തനൂജ ഭട്ടതിരി. കൊല്ലത്ത് പെണ്‍കുട്ടിയെ ശിക്ഷിക്കാന്‍ ആണ്‍കുട്ടികള്‍ക്കിടയില്‍ ഇരുത്തിയത് വിവാദമായ പശ്ചാത്തലത്തിലാണിത്.

തനൂജ ഭട്ടതിരിയുടെ പോസ്റ്റ് ഇങ്ങനെ:

‘ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകമായുള്ള സ്‌കൂളുകള്‍ പരിഷ്‌കരിച്ച് എല്ലാ കുട്ടികള്‍ക്കും പ്രവേശനംകൊടുത്തു തുടങ്ങാന്‍ തീരുമാനമെടുക്കാറായില്ലേ? ആണ്‍-പെണ്‍കുട്ടികളെ വളരെ ചെറിയ ക്ലാസുമുതല്‍ അടുത്തിരുത്തി പഠിപ്പിക്കണ്ടേ? പേടിക്കാനുള്ളവരല്ല, എതിര്‍ലിംഗത്തില്‍ പെട്ടവര്‍ എന്നറിയണ്ടേ? ചെറിയ ക്ലാസ് മുതല്‍ തുല്യ നീതി കുട്ടികളെ മനസ്സിലാക്കിക്കണ്ടേ?

വരും കാലത്തെങ്കിലും അഭിമാനിക്കാവുന്ന ഒരു സമൂഹം ഇവിടെ ഉരുത്തിരിയണ്ടേ?ആരാണ് ഇതൊക്കെ ചെയ്തു തുടങ്ങാന്‍ പോകുന്നത്? എങ്ങനെയാണ് ഇത് പ്രായോഗിക മാക്കേണ്ടത്? കുഞ്ഞു മനസ്സുകളെ മുറിവേല്പിക്കാതിരിക്കാന്‍ വളര്‍ന്നവര്‍ക്ക് കഴിയണ്ടേ?ഏത് നീതിപീഠമാണ് ഏത് അധികാരിയാണ് ഉത്തരം പറയുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുക?

ശിക്ഷയായി എതിര്‍ലിംഗത്തില്‍പെട്ട കുട്ടിയുടെ അരികില്‍ ഇരുത്തുക എന്ന പ്രാകൃതം 2017ലും തുടരുന്നു എന്നത് അത്ഭുതം തന്നെ. ലോകം മുഴുവന്‍ യാത്ര ചെയ്യുന്നവര്‍, ബഹിരാകാശം കീഴടക്കുന്നവര്‍ സാങ്കേതികവിദ്യഅമ്മാനമാടുന്നവര്‍ കലയുടെ കൊടുമുടി കീഴടക്കിയവര്‍ ഇനിയും ആരൊക്കെയുണ്ട്? നമ്മളുടെ ഇടയില്‍? ഇനിയും കാലമായില്ലേ?

ആണ്‍-പെണ്‍കുട്ടികള്‍ ഒരുമിച്ചിരുന്നാലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ആരും പറയണ്ട. അത്തരം പ്രശ്‌നങള്‍ ആര്‍ക്കും അറിയാത്തതല്ല. എതിര്‍ലിംഗത്തെ അന്യഗ്രഹജീവിയായി കുട്ടികളെ പരിചയപ്പെടുത്താതിരിക്കാന്‍ നാം ഓരോരുത്തരും എന്താണ് ചെയ്യേണ്ടത് ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here