അന്നംമുട്ടിക്കുന്ന ആധാര്‍

കള്ളപ്പണത്തിനെതിരെ കടുത്ത പ്രസ്താവനകളാണ് മോഡി സര്‍ക്കാരില്‍നിന്ന് അടിക്കടി ഉണ്ടാകുന്നത്. കണക്കില്‍പ്പെടാത്ത പണം കണ്ടെത്തുന്നതിന് നിരവധി നടപടികളും പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ആഗസ്തില്‍ കള്ളപ്പണ നിരോധന നിയമത്തില്‍ (പ്രിവന്‍ഷന്‍ ഓഫ് മണിലോണ്ടറിങ് ആക്ട്) ഭേദഗതി വരുത്തിയത്.

അരലക്ഷം രൂപയ്ക്കു മുകളില്‍ ആഭരണം വാങ്ങുന്നതിന് പാന്‍, ആധാര്‍ നിര്‍ബന്ധമാക്കുന്നതാണ് ഈ ഭേദഗതി. 50,000 രൂപയ്ക്കു മുകളില്‍ സ്വര്‍ണാഭരണങ്ങളും മറ്റ് ആഭരണങ്ങളും വാങ്ങുമ്പോള്‍ ‘ഉപയോക്താവിനെ അറിയുക’ എന്ന കെവൈസി ചട്ടം ബാധകമാകുമെന്നര്‍ഥം. കള്ളപ്പണം ഉപയോഗിച്ച് സ്വര്‍ണാഭരണങ്ങളും മറ്റും വാങ്ങുന്നത് തടയുകയാണ് ഈ നിയമഭേദഗതിയുടെ ലക്ഷ്യം.

എന്നാല്‍, രണ്ടു മാസത്തിനുശേഷം ഒക്ടോബറില്‍ ഈ വിജ്ഞാപനം പിന്‍വലിച്ചു. പാന്‍, ആധാര്‍ സമര്‍പ്പിക്കാതെതന്നെ രണ്ടു ലക്ഷം രൂപവരെയുള്ള ആഭരണങ്ങളും മറ്റും വാങ്ങാമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നേരത്തെയുള്ളതിനേക്കാള്‍ നാലിരട്ടിയായാണ് പരിധി വര്‍ധിപ്പിച്ചത്. ആഭരണവ്യാപാരത്തെ ദോഷകരമായി ബാധിക്കുന്നതിനാലാണ് ഈ പിന്‍മടക്കമെന്നാണ് വിശദീകരണം.

എന്നാല്‍, ഈ നടപടിവഴി കള്ളപ്പണത്തിനെതിരെ പൊരുതുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനംതന്നെയാണ് അട്ടിമറിക്കപ്പെട്ടത്. രണ്ടു ലക്ഷം രൂപയ്ക്ക് താഴെയുള്ള ജ്വല്ലറി വ്യാപാരത്തിനുള്ള നിയന്ത്രണം ഒഴിവാക്കുകവഴി കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള അവസരമാണ് സര്‍ക്കാര്‍ സൃഷ്ടിച്ചത്.

സര്‍ക്കാര്‍ പ്രഖ്യാപിച്ച ഈ ഇളവ് കറന്റ് അക്കൌണ്ട് (അപ്പോഴത്തെ ചെലവിനുള്ള അക്കൌണ്ട്) ബാലന്‍സിനെ ദോഷമായി ബാധിച്ചു. സ്വര്‍ണ ഇറക്കുമതി വര്‍ധിക്കുന്നതിനും വിദേശ കറന്‍സി വര്‍ധിച്ചതോതില്‍ പുറത്തേക്ക് ഒഴുകുന്നതിന് ഇത് വഴിവച്ചു. ഉദാഹരണത്തിന് ഈവര്‍ഷം ജനുവരിമുതല്‍ ആഗസ്തുവരെയുള്ള എട്ടു മാസത്തില്‍ ഇന്ത്യ 617.5 ടണ്‍ സ്വര്‍ണം ഇറക്കുമതി ചെയ്തു.

2016ലെ ഇതേ എട്ടു മാസത്തേക്കാള്‍ 158 ശതമാനം അധികമാണിത്. ആഗസ്ത് അവസാനവാരം കെവൈസി പരിധി അരലക്ഷം രൂപയാക്കിയപ്പോള്‍ 2016 സെപ്തംബറിനെ അപേക്ഷിച്ച് സ്വര്‍ണ ഇറക്കുമതിയില്‍ 40 ശതമാനത്തിന്റെ കുറവാണുണ്ടായത്. കെവൈസി പരിധി രണ്ടു ലക്ഷം രൂപയായി വര്‍ധിപ്പിച്ചപ്പോള്‍ സ്വര്‍ണ ഇറക്കുമതിയും കുത്തനെ വര്‍ധിച്ചു.

സര്‍ക്കാരിന്റെ ഈ നടപടി വ്യക്തമായും സൂചിപ്പിക്കുന്നതെന്തെന്നാല്‍ പണക്കാര്‍ക്ക് നികുതിയില്‍നിന്ന് രക്ഷപ്പെടാമെന്നും സര്‍ക്കാര്‍ ചെലവില്‍തന്നെ കള്ളപ്പണം വെളുപ്പിക്കാമെന്നും പാവങ്ങളുടെ റേഷനും മറ്റ് ആനുകൂല്യങ്ങളുംമാത്രം ആധാറുമായി ബന്ധിപ്പിച്ചാല്‍ മതിയെന്നുമാണ്. മാത്രമല്ല, പബ്‌ളിക് പ്രോവിഡന്റ് ഫണ്ട്, നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്, കിസാന്‍ വികാസ് പത്ര നിക്ഷേപങ്ങള്‍ക്കും ഡിസംബര്‍ 31നകം ആധാറുമായി ബന്ധിപ്പിക്കണമെന്ന് നിഷ്‌കര്‍ഷിച്ചിരിക്കുകയാണ്.

ചെറുകിട നിക്ഷേപകരെയും റേഷനെ ആശ്രയിക്കുന്നവരെയും ആധാറുമായി നിര്‍ബന്ധമായും ബന്ധിപ്പിക്കണം. എന്നാല്‍, പണക്കാര്‍ക്ക് ആഭരണങ്ങള്‍ വാങ്ങുന്നതിന് ആധാര്‍ ആവശ്യമില്ല.

എത്ര ക്രൂരമായാണ് ആധാര്‍ പാവങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയിരിക്കുന്നതെന്ന് ജാര്‍ഖണ്ഡിലെ പതിനൊന്നുകാരി സന്തോഷികുമാരിയുടെ മരണം തെളിയിക്കുന്നു. ഭക്ഷണം ലഭിക്കാതെയും പോഷകാഹാരക്കുറവുമൂലവുമാണ് ജാര്‍ഖണ്ഡിലെ സിംഡേഗ ജില്ലയിലെ ഈ പതിനൊന്നുകാരി കഴിഞ്ഞമാസം മരിച്ചത്.

റേഷന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെന്ന കാരണത്താല്‍ റേഷന്‍പട്ടികയില്‍നിന്ന് പേര് നീക്കം ചെയ്യപ്പെട്ട കുടുംബമായിരുന്നു ഇത്. ആധാര്‍ കാര്‍ഡുണ്ടായിട്ടും അത് റേഷന്‍കാര്‍ഡുമായി ബന്ധിപ്പിക്കാത്തതിനാലാണ് എട്ടുമാസംമുമ്പ് ഈ കുടുംബത്തിന് റേഷന്‍ നിഷേധിച്ചത്. ഇതോടെ കുടുംബാംഗങ്ങളെ പോറ്റാനാവശ്യമായ ഭക്ഷണം ഇവര്‍ക്കില്ലാതായി.

വിവിധ സര്‍ക്കാര്‍ പദ്ധതികളുമായി ആധാറിനെ ബന്ധിപ്പിച്ചും പാവങ്ങളെ പീഡിപ്പിക്കുകയാണ് സര്‍ക്കാര്‍. പല കേസിലും പഴയ വിരലടയാളം പൊരുത്തപ്പെടാത്തതിനാല്‍ ബയോമെട്രിക് ഒപ്പ് വീണ്ടും സാക്ഷ്യപ്പെടുത്തേണ്ടിവരുന്നു.

ഇതിന് സ്വകാര്യ ഏജന്‍സികള്‍ 400 രൂപവരെയാണ് ഈടാക്കുന്നത്. ഇത്തരം കേസുകളില്‍ ഭൂരിപക്ഷം പേരുടെയും വിരലടയാളം റേഷന്‍ കടകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെടാത്തതുകൊണ്ടുതന്നെ റേഷന്‍ നിഷേധിക്കപ്പെടുകയും ചെയ്യുന്നു. ഇതിന് പരിഹാരം കാണാന്‍ അവര്‍ക്കുമുമ്പില്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലതാനും.

ലോകത്ത് ഏറ്റവും കൂടുതല്‍ ദരിദ്രര്‍ ജീവിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടംപിടിച്ച ഘട്ടത്തിലാണ് ഇത് സംഭവിക്കുന്നതെന്ന് ഓര്‍ക്കണം. 2017ലെ ആഗോള പട്ടിണി സൂചികയനുസരിച്ച് 119 രാജ്യത്തില്‍ 100ാം സ്ഥാനത്തുള്ള രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്ന് സ്ഥാനം താഴെയാണ് ഇന്ത്യയുടെ ഇപ്പോള്‍.

നോട്ട് നിരോധനത്തിന്റെയും ചരക്ക് സേവന നികുതിയുടെയും (ജിഎസ്ടി) വര്‍ഗസ്വഭാവം എന്താണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. വന്‍കിട മുതലാളിമാരുടെ നിയന്ത്രണത്തിലുള്ള ഔപചാരിക സമ്പദ്‌വ്യവസ്ഥയുടെ ഏകീകരണത്തെ ഇത് സഹായിച്ചു. ചെറുകിട ബിസിനസുകാരും വ്യവസായികളും ഉള്‍പ്പെടെ അനൌപചാരിക സമ്പദ്വ്യവസ്ഥയ്‌ക്കെതിരായിരുന്നു ഈ നടപടികള്‍.

ധനമന്ത്രി അരുണ്‍ ജെയ്റ്റലിതന്നെ അവകാശപ്പെട്ടത് ഈ നടപടികള്‍ അനൌപചാരിക സമ്പദ്വ്യവസ്ഥയെ ഔപചാരിക സമ്പദ്വ്യവസ്ഥയിലേക്ക് നയിക്കാനായിരുന്നുവെന്നാണ്. അതേസമയം, ഏറ്റവും താഴെക്കിടയില്‍ നില്‍ക്കുന്ന വിഭാഗങ്ങള്‍, റേഷനും മറ്റ് സാമൂഹ്യസേവനങ്ങളും നേടുന്നത് ഒഴിവാക്കുന്നതിനുള്ള ആയുധംകൂടിയായിരുന്നു ആധാര്‍. അഴിമതിയും പാഴ്‌ച്ചെലവും തടയാനെന്ന പേരിലാണിത്. വ്യാജമെന്ന് മുദ്രകുത്തി ആയിരക്കണക്കിന് റേഷന്‍ കാര്‍ഡാണ് റദ്ദുചെയ്യപ്പെട്ടത്.

എന്നാല്‍, കര്‍ക്കശമായ ഈ സമീപനമൊന്നും പണക്കാരോട് കാട്ടിയില്ല. കള്ളപ്പണം മൂലധനമാക്കി മാറ്റുന്നതിനും കള്ളപ്പണം വെളുപ്പിക്കുന്നതിനും ആവശ്യമായ പഴുതുകള്‍ യഥേഷ്ടം അനുവദിക്കപ്പെട്ടു.

മോഡി സര്‍ക്കാരിന്റെ യഥാര്‍ഥ നിറമെന്തെന്ന് തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. മോഡി ഭരണത്തില്‍ അഭിവൃദ്ധി അംബാനിമാര്‍ക്കും അദാനിമാര്‍ക്കും മാത്രമാണ്. വര്‍ഷത്തില്‍ രണ്ടു കോടി തൊഴിലവസരം സൃഷ്ടിക്കുമെന്ന് പറഞ്ഞവര്‍ക്ക് ഏതാനും ലക്ഷം തൊഴിലവസരങ്ങള്‍പോലും സൃഷ്ടിക്കാനായിട്ടില്ല.

എല്ലായിടത്തും കൃഷിക്കാര്‍ ഉയര്‍ത്തുന്ന ചോദ്യം അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് എന്തുകൊണ്ടാണ് ന്യായവില ലഭിക്കാത്തതെന്നാണ്. ഉല്‍പ്പാദനച്ചെലവും അതിന്റെ 50 ശതമാനവുമായി വില നിശ്ചയിക്കുമെന്നായിരുന്നു മോഡി സര്‍ക്കാരിന്റെ വാഗ്ദാനം.

അനൗപചാരികമേഖലയിലുള്ള ചെറുകിട വ്യാപാരികളെയും വ്യവസായികളെയും ശിക്ഷിക്കുന്നതിനുള്ള ഉപകരണമായിരുന്നു ജിഎസ്ടി. നോട്ട് നിരോധനം സാമ്പത്തികമാന്ദ്യത്തെ രൂക്ഷമാക്കി.

വന്‍ പ്രക്ഷോഭത്തിലേക്കാണ് രാജ്യം നീങ്ങുന്നത്. അധ്വാനിക്കുന്ന ജനവിഭാഗങ്ങളും വിദ്യാര്‍ഥികളും യുവാക്കളും സ്ത്രീകളും ബുദ്ധിജീവികളും ശക്തമായ പ്രക്ഷോഭത്തിലാണിന്ന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News