കൊടുവള്ളി കാര്‍ യാത്ര: പാര്‍ട്ടി പരിശോധിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍; വിവാദത്തിന് പിന്നില്‍ ലീഗും ബിജെപിയും

കോഴിക്കോട്: കൊടുവള്ളിയില്‍ ജനജാഗ്രതാ യാത്രയ്ക്കിടെ മിനി കൂപ്പര്‍ കാര്‍ ഉപയോഗിച്ച സംഭവം പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കൊടുവള്ളിയില്‍ ജാഥയ്ക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. വലിയ തിരക്കുണ്ടായിരുന്നു. എല്‍ഡിഎഫ് പ്രാദേശിക നേതൃത്വം ഏര്‍പ്പാടാക്കിയ കാറിലാണ് സഞ്ചരിച്ചത്. വാടകയ്ക്ക് എടുത്ത വാഹനമാണ് ഉപയോഗിച്ചത്. പാര്‍ട്ടിക്ക് അവിടെ സ്വന്തം വാഹനമില്ല. അതുകൊണ്ടാണ് വാഹനം വാടകയ്ക്ക് എടുത്തതെന്നും കോടിയേരി പറഞ്ഞു.

കാറില്‍ കയറുമ്പോള്‍ അത് കള്ളക്കടത്ത് കേസിലെ പ്രതിയുടേതാണോയെന്ന് അറിയില്ലായിരുന്നു. ഇക്കാര്യത്തില്‍ ജാഗ്രത കുറവ് സംഭവിച്ചിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

വിവാദത്തിന് പിന്നില്‍ മുസ്ലീംലീഗും ബിജെപിയും ആണെന്നും കോടിയേരി പറഞ്ഞു. കൊഫെപോസ കേസിലെ പ്രതിയെ മന്ത്രിയാക്കിയ പാര്‍ട്ടിയാണ് ലീഗ് എന്നും കോടിയേരി പറഞ്ഞു.

കള്ളക്കടത്ത് കേസിലെ പ്രതിയുടെ സ്വീകരണം ഏറ്റുവാങ്ങിയ ഒ രാജഗോപാലിനെ ബിജെപിയും മറക്കരുതെന്നും കോടിയേരി പറഞ്ഞു.

കള്ളക്കടത്ത് കേസിലെ പ്രതിയെന്ന് ലീഗ് ആരോപിക്കുന്ന കൗണ്‍സിലറുടെ കട ഉദ്ഘാടനം ചെയ്തത് ലീഗ് നേതാവാണ്. ഇത് സംബന്ധിച്ച് ലീഗിന്റെ പ്രതികരണം കണ്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News