സുനന്ദയുടെ മരണം; സുബ്രഹ്മണ്യം സ്വാമിയുടെ ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി; ഹര്‍ജി രാഷ്ട്രീയപ്രേരിതം

ദില്ലി: കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷിക്കണം എന്നാവശ്യപ്പെട്ടുള്ള സുബ്രമണ്യം സ്വാമിയുടെ ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി.

ഹര്‍ജി രാഷ്ട്രീയ പ്രേരിതം ആണെന്ന് കോടതി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ നേതാക്കള്‍ നിയമ വ്യവസ്ഥയെ സ്വന്തം താല്പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതില്‍ കോടതികള്‍ ജാഗ്രത പുലര്‍ത്തണമെന്നും ദില്ലി ഹൈക്കോടതി നിരീക്ഷിച്ചു.

സുനന്ദ പുഷ്‌കറിന്റെ ദുരൂഹമരണത്തില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നായിരുന്നു സുബ്രമണ്യം സ്വാമിയുടെ പൊതു താല്പര്യ ഹര്‍ജിയിലെ ആവശ്യം. ഇത് പൊതുതാത്പര്യ ഹര്‍ജിയല്ല രാഷ്ട്രീയ താല്പര്യ ഹര്‍ജിയാമെന്ന് ചൂണ്ടിക്കാട്ടിയാണ് ദില്ലി ഹൈക്കോടതി ഹര്‍ജി തള്ളിയത്.

ദില്ലി പൊലീസ് നടത്തുന്ന അന്വേഷണത്തെ ശശി തരൂര്‍ സ്വാധീനിച്ചിട്ടുണ്ടെന്നും സ്വാമി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ സ്വാമിയുടെ ആരോപണങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാരും ദില്ലി പോലീസും ഹൈക്കോടതിയില്‍ നിലപാടെടുത്തു.

ദില്ലി പൊലീസ് നടത്തുന്ന അന്വേഷണം തൃപ്തികരം അല്ലെന്നും ഇഴഞ്ഞു നീങ്ങുകയാണ് എന്നുമായിരുന്നു സുബ്രമണ്യം സ്വാമിയുടെ വാദം.

സത്യം പുറത്തു വരണമെങ്കില്‍ കോടതി മേല്‍നോട്ടത്തില്‍ സിബിഐ, ഇന്റലിജന്‍സ് ബ്യുറോ, എന്‍ഫോഴ്‌സ്‌മെന്റ് ഡിറക്ടറേറ്റ, റോ, ദില്ലി പൊലീസ് എന്നിവരുള്‍പ്പെട്ട പ്രത്യേക സംഘം അന്വേഷിക്കണമെന്നും സ്വാമി ആവശ്യപ്പെട്ടു.

ഇപ്പോള്‍ നടക്കുന്ന അന്വേഷണം ശരിയായ ദിശയിലാണെന്നും ചില പരിശോധന ഫലങ്ങള്‍ ലഭിക്കുന്നതിനുള്ള കാലതാമസം മാത്രമാണ് ഉള്ളതെന്നും ദില്ലി പൊലീസ് കോടതിയെ അറിയിച്ചു. ഇക്കാര്യം കൂടി പരിഗണിച്ചാണ് സ്വാമിയുടെ ഹര്‍ജി തള്ളിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News