വയലാറിനെ ഇന്ന് നമുക്ക് കാണാനുള്ള ഏക ദൃശ്യം; ആദിയില്‍ വചനമുണ്ടായി ഗാനത്തിന് 52 വയസ്സ്; വയലാര്‍ ഓര്‍മ്മയായിട്ട് 42 വർഷം

പുന്നപ്ര വയാറിന്റെ ജ്വലിക്കുന്ന സ്മരണകള്‍ക്കൊപ്പം പ്രിയ കവി വയലാറിന്റെ ഓര്‍മ്മയും വീണ്ടുമെത്തുകയാണ്.

ജന്മിത്വത്തിനും നാടുവാഴിത്തത്തിനുമെതിരെ വാരിക്കുന്തമെടുത്ത രക്തസാക്ഷികളെ ഓര്‍ക്കുമ്പോള്‍, വരിക്കുന്തം പോലെ തുലിക പിടിച്ച് ജീവരക്തം കൊണ്ടെന്ന പോലെ കവിതയെഴുതിയ കവിയെയും ഓര്‍ക്കുകയെന്നത് ഇന്ന് ചരിത്രത്തിന്റെ അനിവാര്യതയാണ്.

1975 ഒക്ടോബര്‍ 27ന് ഒരു വയലാര്‍ ദിനത്തിന്റെ ചുവപ്പന്‍ പ്രഭാതത്തിലായിരുന്നു വയാറിന്റെ വേര്‍പാട്. വിപ്ലവത്തിന്റെ പുതിയപ്രഭാതങ്ങള്‍ സ്വപ്നം കണ്ടവര്‍ക്കൊപ്പം അങ്ങനെ കവിയും മരിക്കാത്ത ഓര്‍മ്മയായി.

വയലാര്‍ ഓര്‍മ്മയായിട്ട് 42 വര്‍ഷം പിന്നിടുമ്പോള്‍ വയലാറിനെ ഇന്നു നമുക്ക് കാണാന്‍ കുറേ ഫോട്ടോകളല്ലാതെ എന്തെങ്കിലും ദൃശ്യമുണ്ടോ? ഉണ്ട്, അതാണ് ചേട്ടത്തി എന്ന സിനിമയില്‍ വയാര്‍ പാടിയഭിനയിച്ച ആദിയില്‍ വചനമുണ്ടായി എന്ന ഗാനം.

വയലാര്‍ എഴുതി ബാബുരാജ് സംഗീതം നല്‍കി യേശുദാസ് പാടിയ ഗാനം പുറത്ത് വന്നത് 1965 നവംബര്‍ 26നാണ്.

അതായത് വയലാറിന്റെ 37ാം വയസില്‍. അരനൂറ്റാണ്ട് പിന്നിട്ട ആ ഗാനത്തിലൂടെ ഇപ്പോഴും വയലാര്‍ ജീവനോടെയെന്നപോലെ നമുക്ക് മുന്നില്‍ നില്‍ക്കുന്നു.

ആദിയില്‍ വചനമുണ്ടായീ
ആ വചനം രൂപമായീ

ഈ ഗാനം മലയാളികള്‍ മൂളാന്‍ തുടങ്ങിയിട്ടും അരനൂറ്റാണ്ട് പിന്നിടുന്നു. താന്‍ രചിച്ച ഗാനത്തിന് യേശുദാസ് ശബ്ദം നല്‍കിയപ്പോള്‍ ചിത്രത്തില്‍ പാടി അഭിനയിക്കാന്‍ കഴിഞ്ഞത് ഒരപൂര്‍വ്വ അനുഭവമായെന്ന് വയലാര്‍ തന്നെ പറഞ്ഞിട്ടുണ്ട്. റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ ഇരുന്നു പാടുന്ന വയലാറിനെയാണ് നമ്മള്‍ ദൃശ്യത്തില്‍ കാണുക.

മജീഷ്യന്‍ പി എ തങ്ങള്‍ നിര്‍മിച്ച് എസ് ആര്‍ പുട്ടണ്ണ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ സത്യന്‍, പ്രേംനസീര്‍, അടൂര്‍ ഭാസി, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, അംബിക, സുകുമാരന്‍, ഉഷാകുമാരി, സുകുമാരി തുടങ്ങി വന്‍ താരനിരയാണ് അണിനിരന്നത്.

എസ് എല്‍ പുരം സദാനന്ദനാണ് ചിത്രത്തിന്റെ കഥ രചിച്ചത്. ഛായാഗ്രഹണം എന്‍ എസ് മണിയും.

‘ആദിയില്‍ വചനമുണ്ടായി’ എന്ന ഗാനം കേള്‍ക്കുമ്പോള്‍ വചനം രൂപമായി വന്ന പോലെ നമുക്ക് വയലാറിനെയും കാണാം. വയലാര്‍ വരികളായും രൂപമായും ഈ ഗാനത്തില്‍ നിറഞ്ഞ് നില്‍ക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News