പുന്നപ്ര- വയലാര്‍ 71-ാം വാര്‍ഷിക വാരാചരണത്തിന് ഇന്ന് തിരശീല വീഴും

ആലപ്പുഴ: രണഭൂമിയില്‍ ചിന്തിയ ഹൃദയരക്തംകൊണ്ട് പുത്തന്‍കേരളത്തിന് അടിത്തറയിട്ട ധീരരക്തസാക്ഷികളുടെ വീരസ്മരണകള്‍ അലയടിക്കുന്ന അന്തരീക്ഷത്തില്‍ വെള്ളിയാഴ്ച പുന്നപ്ര- വയലാര്‍ 71-ാം വാര്‍ഷിക വാരാചരണത്തിന് തിരശീല വീഴും.

നാടിന് വഴികാട്ടിയ രണധീരരുടെ ജ്വലിക്കുന്ന ഓര്‍മയില്‍  വയലാറില്‍ നടക്കുന്ന ചടങ്ങില്‍ പതിനായിരങ്ങള്‍ സംഗമിക്കും.

രക്തസാക്ഷി ഗ്രാമങ്ങളില്‍ നിന്നും ആലപ്പുഴ ജില്ലയുടെ മറ്റു പ്രദേശങ്ങളില്‍നിന്നുമെത്തുന്ന ജനസഞ്ചയം വയലാറിനെ ചെങ്കടലാക്കും. രാവിലെ മുതല്‍ ആളുകള്‍ ഇവിടേയ്ക്ക് എത്തിക്കൊണ്ടിരിക്കും.

വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ സ്ഥാപിക്കാനുള്ള ദീപശിഖകള്‍ ആലപ്പുഴ വലിയ ചുടുകാട്, മേനാശേരി രക്തസാക്ഷി മണ്ഡപം എന്നിവിടങ്ങളില്‍നിന്ന് വെള്ളിയാഴ്ച രാവിലെ അത്‌ലീറ്റുകള്‍ റിലേയായി വാഹനജാഥയുടെയും വാദ്യമേളങ്ങളുടെയും ദൃശ്യകലാപരിപാടികളുടെയും അകമ്പടിയോടെ കൊണ്ടുപോകും.

രാവിലെ ഏഴരയ്ക്ക് മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദന്‍ വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തില്‍ ദീപശിഖ കൊളുത്തി നല്‍കും. മേനാശേരി രക്തസാക്ഷി മണ്ഡപത്തില്‍ രാവിലെ ഒന്‍പതിന് സമരസേനാനി കെ കെ ഗംഗാധരന്‍ ദീപശിഖതെളിച്ചു കൈമാറും.

ഇരുറിലേകളും രാവിലെ 11ന് വയലാര്‍ മണ്ഡപത്തില്‍ സമാപിക്കും. വാരാചരണ കമ്മിറ്റി പ്രസിഡന്റ് എന്‍ എസ് ശിവപ്രസാദ് ദീപശിഖകള്‍ ഏറ്റുവാങ്ങി രക്തസാക്ഷി മണ്ഡപത്തില്‍ സ്ഥാപിക്കും. തുടര്‍ന്ന് പുഷ്പാര്‍ച്ചന.
പകല്‍ മൂന്നിന് വയലാര്‍ രാമവര്‍മ്മ അനുസ്മരണ സമ്മേളനം ചേരും. കവി ഏഴാച്ചേരി രാമചന്ദ്രന്‍, ആലങ്കോട് ലീലാകൃഷ്ണന്‍, പി എം മനോജ്, ഇ എം സതീശന്‍ എന്നിവര്‍ സംസാരിക്കും. വിദ്വാന്‍ കെ രാമകൃഷ്ണന്‍ അധ്യക്ഷനാകും. പകല്‍ അഞ്ചിന് രക്തസാക്ഷി അനുസ്മരണ പൊതുസമ്മേളനത്തില്‍ വി എസ് അച്യുതാനന്ദന്‍,

സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രന്‍ പിള്ള, എം എ ബേബി, മന്ത്രി ഇ ചന്ദ്രശേഖരന്‍,പന്ന്യന്‍ രവീന്ദ്രന്‍, കെ ഇ ഇസ്മയില്‍, മന്ത്രിമാരായ ടി എം തോമസ് ഐസക്ക്, ജി സുധാകരന്‍, പി തിലോത്തമന്‍, ടി പുരുഷോത്തമന്‍, സജി ചെറിയാന്‍, ടി ജെ ആഞ്ചലോസ്, സി ബി ചന്ദ്രബാബു, സി കെ സദാശിവന്‍, സി എസ് സുജാത, എ ശിവരാമന്‍ എന്നിവര്‍ സംസാരിക്കും.

അനശ്വരരായ മാരാരിക്കുളം രക്തസാക്ഷികള്‍ക്ക് നാട് വ്യാഴാഴ്ച ഓര്‍മപ്പൂക്കള്‍ അര്‍പ്പിച്ചു. പ്രകടനത്തിലും പുഷ്പാര്‍ച്ചനയിലും ആയിരങ്ങള്‍ പങ്കെടുത്തു. എസ്എല്‍ പുരം രക്തസാക്ഷി നഗറില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷം ചേര്‍ന്ന പൊതുസമ്മേളനം മന്ത്രി ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു.

പി വി സത്യനേശന്‍ അധ്യക്ഷനായി. ബിനോയ് വിശ്വം മുഖ്യപ്രഭാഷണം നടത്തി. ടി ജെ ആഞ്ചലോസ്, മന്ത്രി പി തിലോത്തമന്‍, ടി പുരുഷോത്തമന്‍, എ ശിവരാജന്‍, ആര്‍ നാസര്‍, ജി വേണുഗോപാല്‍, വി ജി മോഹനന്‍, ഡി ഹര്‍ഷകുമാര്‍, എസ് പ്രകാശന്‍, ജലജ ചന്ദ്രന്‍, എസ് രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here