പുന്നപ്ര – വയലാറിൽ അന്ന് നടന്നതെന്ത്; സിപിഐ എം ആലപ്പു‍ഴ ജില്ലാ സെക്രട്ടറി സജി ചെറിയാൻ എ‍ഴുതുന്നു

ജന്മിമാരുടെയും മുതലാളിമാരുടെയും ചൂഷണത്തിന്റെ നുകത്തില്‍ കഴിഞ്ഞിരുന്ന ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളിലെ തൊഴിലാളികള്‍ രചിച്ച വീര ഇതിഹാസമായ പുന്നപ്ര- വയലാര്‍ സമരത്തിന്റെ 71-ാം വാര്‍ഷിക വാരാചരണത്തിന് 27ന് തിരശ്ശീല വീഴുകയാണ്.

ജന്മിമാരുടെ മുന്നില്‍ തലകുനിച്ചുനില്‍ക്കാന്‍മാത്രം കഴിയുമായിരുന്ന തൊഴിലാളികള്‍ വര്‍ഗബോധത്താല്‍ പ്രചോദിതരായി നടത്തിയ സമരം ജന്മിത്തത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും സര്‍ സി പിയുടെ ഭീകരവാഴ്ചയുടെയും അടിവേര് അറുക്കുന്നതായിരുന്നു.

‘അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയ സമരം സ്വതന്ത്ര തിരുവിതാംകൂറിനുവേണ്ടി നിലകൊണ്ട സര്‍ സി പിയുടെ ഭരണത്തെ കടപുഴക്കി എറിയാന്‍ കാരണമായി.

കൊല്ലവര്‍ഷം 1122 തുലാം മാസം ഏഴുമുതല്‍ 10 വരെയുള്ള ദിവസങ്ങളിലായിരുന്നു കേരളചരിത്രത്തെ ചുവപ്പിച്ച ഐതിഹാസിക സമരം അധികാരിവര്‍ഗത്തെ പിടിച്ചുകുലുക്കിയത്.

കയര്‍ ത്തൊഴിലാളികള്‍, കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, എണ്ണയാട്ടുതൊഴിലാളകള്‍, ചെത്തുതൊഴിലാളികള്‍ തുടങ്ങിയവരായിരുന്നു സമരത്തില്‍ പങ്കെടുത്തത്.

ഈ വിഭാഗങ്ങളില്‍പ്പെട്ട തൊഴിലാളികളെല്ലാം കടുത്ത ചൂഷണത്തിനും ജന്മിവര്‍ഗത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്കും വിധേയരായിക്കൊണ്ടിരുന്ന കാഘട്ടമായിരുന്നു അത്.

കയറിന്റെ സുവര്‍ണകാലമായിരുന്നു അതെങ്കിലും കയര്‍ത്തൊഴിലാളികള്‍ക്ക് പട്ടിണിയും പരിവട്ടവും മാത്രമായിരുന്നു മിച്ചം. ഇവരടക്കമുള്ള തൊഴിലാളികള്‍ ന്യായമായ ആവശ്യങ്ങളുയര്‍ത്തിയാല്‍ ജന്മിമാരുടെ ഗുണ്ടകളും പൊലീസും അവര്‍ക്കെതിരെ ക്രൂരമായ മര്‍ദനങ്ങള്‍ അഴിച്ചുവിടുന്ന കാലം.

ഈ സാഹചര്യത്തിലാണ് അവരുടെ ജീവിതസ്വപ്നങ്ങള്‍ക്കുമേല്‍ താങ്ങുംതണലുമായി കമ്യൂണിസ്റ്റ് പാര്‍ടിയുടെ രംഗപ്രവേശം. ജന്മിത്തത്തിനു മുന്നില്‍ മുട്ടിലിഴയാന്‍മാത്രം അറിയുമായിരുന്ന തൊഴിലാളികള്‍ക്ക് നട്ടെല്ലുയര്‍ത്തി നില്‍ക്കാനും കൂലിക്കുവേണ്ടി കൂട്ടായി വിലപേശാനുമുള്ള കരുത്ത് കമ്യൂണിസ്റ്റ്പാര്‍ടിയുടെ സാന്നിധ്യം ഉണ്ടാക്കിക്കൊടുത്തു.

കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തനം തുടങ്ങിയതോടെ നിരവധി തൊഴിലാളി യൂണിയനുകള്‍ നിലവില്‍വന്നു. ട്രാവന്‍കൂര്‍ കയര്‍ ഫാക്ടറി വര്‍ക്കേഴ്‌സ് യൂണിയന്റെ ഉദയം തൊഴിലാളികള്‍ക്കിടയില്‍ വലിയ മാറ്റത്തിന്റെ വിത്തുപാകി.

ഇതോടെ മറ്റുമേഖലയിലും തൊഴിലാളി യൂണിയനുകളുടെ ആവിര്‍ഭാവമായി. എന്നാല്‍, യൂണിയനുകളുടെ ആവശ്യങ്ങളൊന്നും കൂട്ടാക്കാന്‍ തയ്യാറാകാതിരുന്ന ജന്മിമാര്‍ ആവശ്യങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നവരുടെ കൂലി കുറച്ചും ജോലിയില്‍നിന്ന് പിരിച്ചുവിട്ടും ഇതിനെ നേരിട്ടു.

ജന്മിമാര്‍ക്കുവേണ്ടിയുള്ള എല്ലാത്തരം അടിച്ചമര്‍ത്തലുകള്‍ക്കും അവര്‍ പോറ്റിവളര്‍ത്തിയ ഗുണ്ടകളും സി പിയുടെ പൊലീസും ഉണ്ടായിരുന്നു. വീടുകളില്‍ കയറി കുട്ടികളെയും സ്ത്രീകളെയും അപമാനിക്കുകയും മര്‍ദിക്കുകയും ചെയ്യുന്ന ഗുണ്ടകള്‍ക്ക് പൊലീസ് ഒത്താശ ചെയ്തുകൊടുത്തു.

കൂലി കൂടുതല്‍ ചോദിക്കുന്നവരെ തങ്ങളുടെ കിടപ്പാടത്തില്‍നിന്ന് ഇറക്കിവിട്ടും ജന്മിമാര്‍ പകരംവീട്ടി. സൈന്യവും പൊലീസും ക്രൂര മര്‍ദനങ്ങള്‍ അഴിച്ചുവിടുകയും യൂണിയന്‍ ഓഫീസുകള്‍ തകര്‍ക്കുകയും ചെയ്തു.

യുദ്ധാനന്തരകാലഘട്ടത്തിലുണ്ടായ തൊഴിലില്ലായ്മയും വിലക്കയറ്റവും ഭക്ഷ്യക്ഷാമവുമൊക്കെ മുതലാളിമാരും തൊഴിലാളികളും തമ്മില്‍ മുമ്പേ നിലനിന്നിരുന്ന സംഘര്‍ഷത്തെ രൂക്ഷമാക്കി.

തൊഴിലാളികള്‍ സാമ്പത്തികാവശ്യങ്ങളോടൊപ്പം ഉത്തരവാദഭരണവും പ്രായപൂര്‍ത്തി വോട്ടവകാശവും ഏര്‍പ്പെടുത്തുക, ദിവാന്‍ ഭരണം അവസാനിപ്പിക്കുക തുടങ്ങിയ 27 ഇന ആവശ്യങ്ങളും സര്‍ക്കാരിനുമുന്നില്‍ വെച്ചു.

തൊഴിലാളികളുടെ സമരത്തെ നേരിടാന്‍ സര്‍ സി പി പട്ടാളഭരണം ഏര്‍പ്പെടുത്തി. സായുധ പൊലീസിന്റെ നിയന്ത്രണം സി പി നേരിട്ട് ഏറ്റെടുത്തു. യന്ത്രത്തോക്കുകളെ തൊഴിലാളികള്‍ തങ്ങള്‍തന്നെ തയ്യാറാക്കിയ വാരിക്കുന്തങ്ങള്‍ ഉപയോഗിച്ചാണ് നേരിട്ടത്.

പുന്നപ്രയിലും വയലാറിലും മാരാരിക്കുളത്തും മേനാശേരിയിലും നിരവധി സമരസേനാനികള്‍ കൊല്ലപ്പെട്ടു.

പുന്നപ്ര-വയലാര്‍ സമരം ബ്രിട്ടീഷ് സര്‍ക്കാരിനും ജന്മിത്തത്തിനും എതിരെ നടന്ന തൊഴിലാളിസമരമായിരുന്നു എന്നാണ് ഇ എം എസ് വിലയിരുത്തിയത്. പുന്നപ്ര-വയലാര്‍ സമരസേനാനികള്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ 71 വര്‍ഷം കഴിഞ്ഞിട്ടും പ്രസക്തമാണ് എന്ന് ഇന്ത്യയുടെ സമകാല സംഭവവികാസങ്ങള്‍ വിരല്‍ചൂണ്ടുന്നു.

എല്ലാത്തരം സ്വാതന്ത്യ്രങ്ങളുടെയും മേല്‍ കത്തിവയ്ക്കുകയാണ് നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള തീവ്രവലതുപക്ഷ വര്‍ഗീയ സര്‍ക്കാര്‍. എല്ലാ തൊഴില്‍നിയമങ്ങളും കാറ്റില്‍ പറത്താന്‍ കൂട്ടുനില്‍ക്കുന്ന മോഡി സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് തടിച്ചുകൊഴുക്കാന്‍ എല്ലാ സൌകര്യവും ചെയ്തുകൊടുക്കുന്നു.

തൊഴിലില്ലായ്മയും വിലക്കയറ്റവും ദാരിദ്യ്രവും അനുദിനം വര്‍ധിക്കുന്നതിനുതകുന്ന പരിഷ്‌കാരങ്ങളാണ് മോഡി സര്‍ക്കാര്‍ നടപ്പാക്കുന്നത്. നോട്ടുനിരോധനവും വേണ്ടത്ര ഗൃഹപാഠം ചെയ്യാതെയുള്ള ജിഎസ്ടി നടപ്പാക്കലും തൊഴിലാളികളുടെ ജീവിതമാണ് ഏറെ ദുരിതപൂര്‍ണമാക്കിയത്.

സ്വതന്ത്രചിന്തകരും പത്രപ്രവര്‍ത്തകരുമെല്ലാം ഹിന്ദുത്വ ഭീകരതയുടെ ഇരയാകുന്നു. ഹിന്ദുവും മുസ്‌ളിമും ക്രിസ്ത്യാനിയുമായി ജനങ്ങളെ തമ്മിലടിപ്പിച്ച് ലാഭംകൊയ്യുകയായിരുന്നു ബ്രിട്ടീഷുകാരെങ്കില്‍ അതിലും രൂക്ഷമായാണ് ബിജെപിയും ആര്‍എസ്എസും ജനങ്ങള്‍ക്കിടയില്‍ ചേരിതിരിവ് സൃഷ്ടിക്കുന്നത്.

ചൂഷണത്തിനെതിരെയും ദിവാന്‍ ഭരണത്തിനെതിരെയും ആയുധമെടുത്ത് പോരാടിയവരില്‍ വിവിധ മത, ജാതി വിഭാഗങ്ങളില്‍പ്പെട്ടവരുണ്ടായിരുന്നു. തീരദേശത്തെ വിവിധ ഹൈന്ദവവിഭാഗങ്ങളില്‍പ്പെടുന്നവരും ക്രിസ്ത്യാനികളും മുസ്‌ളിങ്ങളുമെല്ലാം തോളോടുതോള്‍ ചേര്‍ന്നാണ് അനീതിക്കെതിരെ പടനയിച്ചത്.

ജനങ്ങളില്‍ വര്‍ഗീയതയുടെ വിഷം കുത്തിവയ്ക്കുകയും തൊഴിലാളിവിരുദ്ധ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്ന കാലഘട്ടത്തില്‍ പുന്നപ്ര-വയലാര്‍ ഉയര്‍ത്തിയ സമരൈക്യം വര്‍ധിതശോഭയോടെയാണ് നിലകൊള്ളുന്നത്.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ വ്യാജപ്രചാരണങ്ങളിലൂടെ സമ്മര്‍ദത്തിലാക്കാന്‍ ശ്രമിക്കുകയാണ് മോഡി സര്‍ക്കാര്‍. കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗീയനയങ്ങള്‍ക്കും തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കുമെതിരെ ബദല്‍മാര്‍ഗങ്ങളിലൂടെ ശക്തമായ ചെറുത്തുനില്‍പ്പാണ് പിണറായി സര്‍ക്കാര്‍ നടത്തുന്നത്.

പിണറായി സര്‍ക്കാരിനെ കാത്തുസൂക്ഷിക്കുന്നതിനും കൂടുതല്‍ കരുത്തോടെ മുന്നോട്ടു നയിക്കുന്നതിനും പുന്നപ്ര-വയലാര്‍ രണധീരരുടെ ജ്വലിക്കുന്ന സ്മരണകള്‍ കരുത്തേകും

(സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ് ലേഖകന്‍)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News