മലയാളം എംഎക്ക് ചേരാന്‍ പോയി; ഡോക്ടറായി തിരിച്ചുവന്നു; മരുന്നുകൊണ്ടും മന്ത്രംകൊണ്ടും ചികിത്സിച്ചു

സാഹിത്യത്തില്‍ ഭ്രമം കയറി മലയാളം എംഎയ്ക്ക് ചേരാന്‍ അപേക്ഷാ ഫോറവുമായി തലശ്ശേരിയില്‍ എംഎന്‍ വിജയന്‍ മാഷെ കാണാന്‍ പോയ ഒരു കഥ പുനത്തില്‍ തന്നെ വിവരിക്കുന്നത് കേട്ടിട്ടുണ്ട്. വിജയന്‍ മാഷിന്‍റെ അടുത്തെത്തി കണ്ട ഉടനെ പുനത്തില്‍ തന്നെ അനുഗ്രഹിക്കണമെന്ന് പറഞ്ഞു. അനുഗ്രഹിക്കാന്‍ ഞാന്‍ ഗുരുവല്ലല്ലോ എന്നായിരുന്നു മാഷിന്‍റെ മറുപടി. എംഎക്ക് മലയാളം എടുക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ മാഷിന്‍റെ മറുപടി ശരിക്കും ഞെട്ടിച്ചു- “ കഥയെ‍ഴുതാന്‍ കുഞ്ഞബ്ദുള്ള മലയാളം എംഎ പഠിക്കേണ്ടതില്ല. കഥയെ‍ഴുതാന്‍ അക്ഷരം അറിഞ്ഞാല്‍ മതി. എംഎ പാസായാല്‍ ഭാഷാധ്യാപകനാകാം. അതിലും നല്ലത് ആത്മഹത്യയാണ്’. കുഞ്ഞബ്ദുള്ളയുടെ മാര്‍ക്ക് ലിസ്റ്റ് നോക്കി മാഷ് ഇത്രയും കൂടി പറഞ്ഞു- `പോയി പഠിച്ച് മിടുക്കനായി ഡോക്ടറായി വരാന്‍‍!’

കുഞ്ഞബ്ദുള്ള പഠിച്ച് ഡോക്ടറും സാഹിത്യകാരനുമായി. മരുന്നിനൊപ്പം മന്ത്രവും പയറ്റി. മാന്ത്രിക ഭാവനകളുള്ള കഥയും ജീവിതവും കൊണ്ട് ഓരോ നിമിഷവും നമ്മെ വിസ്മയിപ്പിച്ചു. സ്മാരകശിലകള്‍ ഒന്നല്ല, എ‍ഴുതിയതെല്ലാം സ്മാരക ശിലകളാക്കിയ എ‍ഴുത്തുകാരനായി. സ്വന്തം ജീവിതം കൊണ്ടും ആര്‍ക്കും എ‍ഴുതിപ്പിടിപ്പിക്കാനാവാത്ത ആവിഷ്ക്കാരമായി. ആരിലേക്കും അകപ്പെടുന്നവനായി, ആര്‍ക്കും പിടിതരാത്തവനായി. വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈരളിയുടെ കേരളാ എക്സ്പ്രസിന് അനുവാദം തന്ന് ഞങ്ങളെ വടകരയിലേക്ക് വിളിച്ചുവരുത്തി. പക്ഷേ കഥാകാരന്‍ മാത്രം വന്നില്ല. ഞങ്ങള്‍ മീശാന്‍ കല്ലുകളെ നോക്കി നിന്ന് സ്മാരകശിലകളായത് ഓര്‍മ്മയുണ്ട്. കുറേ നാളുകള്‍ക്ക് ശേഷം കൊച്ചിയില്‍ വെച്ച് കണ്ടപ്പോള്‍ കെട്ടിപ്പിടിച്ച് ഭംഗിയുള്ള എന്തോ ഒരു നുണപറഞ്ഞു. മാധവിക്കുട്ടിക്ക് ശേഷം മലയാളി കേട്ട ഏറ്റവും ഭംഗിയുള്ള നുണക്കഥകളുടെ സമാഹാരമല്ലാതെ മറ്റാരാണ് നമുക്ക് ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള.

ഒരപ്പൂപ്പന്‍ താടിയെപ്പോലെ

ഒരപ്പൂപ്പന്‍ താടിയെപ്പോലെയാണ് അദ്ദേഹം , എവിടെയാണ് അടുത്ത നിമിഷം പോയി പറ്റുന്നതെന്ന് പറയാനാവാത്ത സര്‍ഗ്ഗാത്മകതയുടെ സ്വാതന്ത്യ്രം ഇക്കാലത്ത് ഇതുപോലെ അനുഭവിച്ച ആരുണ്ട്. ഇത്രയും ധീരമായും ആത്മാര്‍ത്ഥമായും പേനകൊണ്ടല്ല, ജീവിതം കൊണ്ടും കളിക്കാന്‍ ശേഷിയുള്ള ആരുണ്ട്?

ഒരു തവണ കണ്ണൂരില്‍ വന്നപ്പോള്‍ കുഞ്ഞബ്ദുള്ള പറഞ്ഞു. ഡോക്ടര്‍മാര്‍ എ‍ഴുതിത്തരുന്ന മരുന്നുകളൊക്കെ നുണയാണ്. “ഈ രോഗങ്ങളെല്ലാം താനേ മാറുന്നതാണ്. അതിന് മരുന്നൊന്നും വേണ്ട. രോഗം മാറിയാല്‍ ഡോക്ടര്‍മാര്‍ അതിന്‍റെ ക്രെഡിറ്റ് ഏറ്റെടുക്കുന്നതാണ്.” ഒരു ഡോക്ടര്‍ ഇത് പറയുന്നത് കേട്ട് എല്ലാവര്‍ക്കും ചിരി വന്നു. ഞങ്ങള്‍ കുഞ്ഞബ്ദുള്ള ചികിത്സിച്ച രോഗികള്‍ക്ക് വേണ്ടി മനസ്സില്‍ പ്രാര്‍ത്ഥിച്ചു.

`മരുന്ന്’ നോവലിന് ശേഷമാണോ ഡോക്ടര്‍ക്ക് അതില്‍ ഇത്ര വിശ്വാസം നഷ്ടപ്പെട്ടതെന്ന് ചോദിക്കാന്‍ തോന്നി. ചോദിച്ചില്ല. മരുന്നിനെതിരെയുള്ള ടാഗോര്‍ വിവാദം കത്തി നില്‍ക്കുന്ന കാലത്തും മരുന്നല്ല മന്ത്രമാണ് കുഞ്ഞബ്ദുള്ളയുടെ രക്ഷയ്ക്കെത്തിയതെന്ന് കേട്ടിട്ടുണ്ട്. ആ മന്ത്രവാദിയാകട്ടേ എ‍ഴുത്തുകാരന്‍റെ പ്രിയപ്പെട്ട അധ്യാപകന്‍ പ്രൊഫ. എംഎന്‍ വിജയനുമായിരുന്നു. കുഞ്ഞബ്ദുള്ളയുടെ മരുന്നില്‍ ടാഗോറിനെ ആരോപിക്കുന്നവരോട് ടാഗോറില്‍ എത്ര എഡ്ഗാര്‍ അലന്‍പോ ഉണ്ടെന്ന് അന്വേഷിച്ചു വരാന്‍ പറഞ്ഞു വിജയന്‍ മാഷ്‍. `മൗലീകത’ സാഹിത്യത്തിലെ സ്വകാര്യസ്വത്തിന്‍റെ പേരാണ്- മാഷ് അന്നാണ് അടിവരയിട്ടു പറഞ്ഞത്.

കഥകളെ‍ഴുതുകയല്ല കഥകളായി സ്വയം മാറിത്തീരുകയായിരുന്നു കുഞ്ഞബ്ദുള്ള. ആത്മകഥയും കഥയും തമ്മിലുള്ള അതിരുകള്‍ അവിടെ മാഞ്ഞില്ലാതായി. കഥാകാരന്‍ കഥാനായകരെപ്പോലെ ജീവിച്ചു മരിച്ചു. അതുകൊണ്ടാണ് നമ്മള്‍ പറയുന്നത് വൈക്കം മുഹമ്മദ് ബഷീറിന് ശേഷം ലോകം കണ്ട ഏറ്റവും `മൗലീകത’യും മന്ത്രസിദ്ധിയുമുള്ള എ‍ഴുത്തുകാരനാണ് പുനത്തില്‍ കുഞ്ഞബ്ദുള്ളയെന്ന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here