മെര്‍സലിന്‌ മദ്രാസ് ഹൈക്കോടതിയുടെ പിന്തുണ

ചെന്നൈ : തമിഴനാട്ടില്‍ വിജയ് ചിത്രം മെഴ്‌സലിനെതിരെയുള്ള BJPയുടെ പ്രതിഷേധപ്രകടനങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് മെഴ്‌സലിനെ പിന്തുണച്ച് മദ്രാസ് ഹൈക്കോടതി രംഗത്ത് വരുന്നത്.

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. അതിനെ തടയാന്‍ ആര്‍ക്കും അവകാശമില്ലെന്നും ഇഷ്ടമില്ലാത്തവര്‍ സിനിമ കാണേണ്ടതില്ലെന്നുമാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

കേന്ദ്രപദ്ധതികളെ പ്രതിപക്ഷം വിമര്‍ശിച്ചപ്പോഴൊന്നും BJP കേസെടുത്തിട്ടില്ലെങ്കില്‍ സിനിമയിലെ പരാമര്‍ശത്തിനെതിരെ നിയമനടപടി സ്വീകരിക്കുന്നതെങ്ങമെയെന്നും കോടതി ചോദിക്കുന്നു.

കേന്ദ്രപദ്ധതികള്‍ക്ക് നേരെ വിമര്‍ശനം ഉന്നയിക്കുന്ന ദൃശ്യങ്ങള്‍ ചിത്രത്തില്‍നിന്ന് നീക്കാന്‍ ബി.ജെ.പി. തമിഴ്‌നാട് ഘടകം പ്രസിഡന്റ് തമിഴിസൈ സൗന്ദര്‍ രാജന് ആവശ്യപ്പെട്ടിരുന്നു.

ആല്ലാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു മുന്നറിയിപ്പ്. ഗൂഢമായ രാഷ്ട്രീയലക്ഷ്യം വെച്ചുകൊണ്ട് കേന്ദ്രസര്‍ക്കാരിനെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചാണ് പ്രതിഷേധമുയര്‍ന്നത്.

ചിത്രത്തില്‍ വിജയും വടിവേലുവും അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ ജിഎസ്ടിയെയും ഡിജിറ്റല്‍ ഇന്ത്യയെയും പരിഹസിക്കുന്ന തരത്തില്‍ നടത്തുന്ന സംഭാഷണമാണ് പ്രതിഷേധത്തിന് കാരണമായത്.

ചിത്രത്തിനും നടന്‍ വിജയ്‌ക്കെതിരെയും ബിജെപി നേതൃത്വമടക്കമുള്ള സംഘപരിവാറുകാര്‍ ഭീഷണിസ്വരവുമായി രംഗത്ത് വന്നിരുന്നു. കൂടാതെ വിവാദങ്ങള്‍ കൊഴുപ്പിക്കാന്‍ വിജയുടെ മതമേതെന്ന് തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖയും ബിജെപി പുറത്തുവിട്ടിരിന്നു.

വിജയ് ക്രിസ്ത്യാനിയായതിനാല്‍ ആണ് മെഴ്‌സലില്‍ തങ്ങള്‍ക്കെതിരെയുള്ള ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയതെന്ന് പ്രചരിപ്പിച്ചു. അതേസമയം മെഴ്‌സലിനെതിരെ നടക്കുന്ന പ്രചരണങ്ങളെ നടി ഖുശ്ബു തള്ളിക്കളഞ്ഞു.

ആരാധനാലയങ്ങളെക്കാള്‍ ആവശ്യം ആശുപത്രികളാണെന്നും അതുകൊണ്ടാണ് ചിത്രം കൈയടി നേടിയതെന്നും ഖുശ്ബു പ്രതികരിച്ചു.

സംസ്ഥാനങ്ങളുടെ അധികാരങ്ങളില്‍ കടന്നുകയി ബിജെപി രാഷ്ട്രീയം എല്ലായിടത്തും വ്യാപിപ്പിച്ച് ഹിന്ദുരാജ്യം ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഖുശ്ബു ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News