ചെന്നിത്തലയുടെ പടയൊരുക്കം ജാഥ ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള പടയൊരുക്കം: കോടിയേരി ബാലകൃഷ്ണന്‍

മലപ്പുറം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥ ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള പടയൊരുക്കമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

എല്‍ഡിഎഫ് വടക്കന്‍ മേഖലാ ജനജാഗ്രതാ യാത്രയ്ക്ക് കൊണ്ടോട്ടി, ചേളാരി, ചെമ്മാട്, താനൂര്‍ എന്നിവിടങ്ങളില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.

യുഡിഎഫിന്റെ യാത്രയ്ക്ക് ഏറ്റവും യോജിച്ച പേരാണ് നല്‍കിയത്. യുഡിഎഫില്‍ പടയൊരുങ്ങിക്കൊണ്ടിരിക്കുകയാണ്. ചെന്നിത്തലയ്ക്ക് യാത്ര ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള പടയൊരുക്കവുമാണ്.

സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വിഎം സുധീരന്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ആദ്യ വെടി പൊട്ടിച്ചു. നവംബര്‍ ഒമ്പതിന് സോളാര്‍ അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്തുവെക്കും. ആ റിപ്പോര്‍ട്ട് കോണ്‍ഗ്രസുകാര്‍ വാങ്ങി പഠിക്കണം. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുക തന്നെ ചെയ്യും. കെപിസിസയിലേക്കുള്ള അംഗങ്ങളെ കണ്ടെത്താന്‍ കഴിയാത്തവരാണ് ജനാധിപത്യത്തെ കുറിച്ച് പ്രസംഗിക്കുന്നതെന്ന് കോടിയേരി പറഞ്ഞു.

രാവിലെ നല്‍കുന്ന കെപിസിസി പട്ടിക ഉച്ചയാകുമ്പോളേക്ക് തിരുത്തും. ഉച്ചയ്ക്ക് നല്‍കുന്നത് വൈകിട്ട് വീണ്ടും തിരുത്തും. കെപിസിസി തെരഞ്ഞെടുപ്പ് നടന്നാല്‍ അത് നാടിന്റെ സമാധാനം തകര്‍ക്കുന്നതാകും. അതിനാല്‍ പട്ടിക തയ്യാറാക്കി നല്‍കുന്നതാണ് നല്ലത്.

ഉത്തരേന്ത്യന്‍ ഗോസയിമാരെ ഇറക്കി ബിജെപി കേരളത്തില്‍ നടത്തിയ യാത്ര ഒരു രാഷ്രടീയ ദുരന്ത നാടകമായെന്ന് കോടിയേരി പറഞ്ഞു. മല എലിയെ പ്രസവിച്ചതുപോലെയായി അത്. ലൗ ജിഹാദികളുടെ നാടാണ് കേരളം, മറ്റൊരു പാക്കിസ്ഥാനാണ് എന്നൊക്കെയായിരുന്നു ബിജെപി നേതാക്കള്‍ പ്രസംഗിച്ചത്. ഗോവ മുഖ്യമന്ത്രി മനോഹറ പരീഖര്‍ പറഞ്ഞത്, കേരളത്തിലെ ഭരണാധികാരികള്‍ തെമ്മാടികളാണെന്നാണ്.

മറ്റൊരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി വന്ന് തെമ്മാടികളെന്ന് ഇവിടുള്ളവരെ വിളിച്ചിട്ടും അദ്ദേഹത്തിന് ഒരു പോറല്‍ പോലും ഏല്‍ക്കാതെ തിരിച്ചുപോകാനായത് ഇത് കേരളമായതുകൊണ്ടാണ്. തമിഴ്‌നാട്ടിലെ കേന്ദ്ര മന്ത്രി വന്നു പ്രസംഗത്തിലൂടെ ശ്രമിച്ചത് ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങളെ തമ്മിലടിപ്പിക്കാനാണ്.

ബിജെപി നേതാവ് സരോജ് പാണ്ഡെ കേരളത്തില്‍ വന്ന് പ്രസംഗിച്ചത് കമ്യൂണിസ്റ്റുകാരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കണമെന്നാണ്. ഇവിടെ ഒന്നര കോടിയോളം കമ്യൂണിസ്റ്റുകാരുണ്ട്. ഇവരുടെയെല്ലാം കണ്ണെടുത്താല്‍ മൂന്നു കോടിയിലേറെ വരും.

കേരളം അന്ധന്മാരുടെ നാടാകണമെന്നാണോ ബിജെപി നേതാക്കള്‍ പറയുന്നത്. എന്നാല്‍ കമ്യൂണിസ്റ്റുകാരുടെ പുരികത്തിനടുത്ത് എത്താന്‍ ആര്‍എസ്എസുകാര്‍ക്ക് കഴിയില്ല.

എന്തൊക്കെ ചെയ്താലും വിന്ധ്യാ പര്‍വതത്തിനിപ്പുറം ബിജെപിക്ക് ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ല. വേങ്ങര ഉപതെരഞ്ഞെടുപ്പ് നല്‍കുന്ന പാഠം അതാണെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News