“എങ്ങനെ പോകും കുഞ്ഞീക്ക…”; പുനത്തിൽ കുഞ്ഞബ്ദുള്ളയെ കാണുമ്പോ‍ൾ നടൻ മുരളി പാടാറുണ്ടായിരുന്ന പാട്ട് ഇങ്ങനെയാണ്

നടൻ മുരളി പുനത്തിൽ കുഞ്ഞബ്ദുള്ളയെ കാണുമ്പോ‍ൾ ഒരു പാട്ടു പാടാറുണ്ട്. ഈണത്തിൽ, ഒത്ത ഒരു പാട്ടായിത്തന്നെ.

“എങ്ങനെ പോകും കുഞ്ഞീക്ക…” എന്നു തുടങ്ങുന്ന പാട്ടായിരുന്നു അത്. ഒരു വിചിത്രമായ പാട്ട്.

പുനത്തിലിനെ എപ്പോൾ കാണുമ്പോ‍ഴും മുരളി ഈ പാട്ടു പാടാറുണ്ടത്രെ. എന്താണ് ഈ പാട്ടുകൊണ്ട് ഉദ്ദേശിക്കുന്നത്? ഈ പാട്ടിനു പിന്നിൽ ഒരു സൂചിതകഥയുണ്ടോ? അതോ വെറും വെറുതേ ഒരു പാട്ടോ? ഇതൊന്നും ആർക്കും അറിയില്ലായിരുന്നു.

മുരളി ഇങ്ങനെയൊരു പാട്ടു പാടാറുണ്ടെന്ന് ‘പുനത്തിലിന്റെ ബദൽ ജീവിത’മെന്ന പുസ്തകത്തിലാണ് പറയുന്നത്. പുനത്തിലും താഹാ മാടായിയും ചേർന്നെ‍ഴുതിയ പുനത്തിലിന്റെ ഓർമ്മകളുടെ സമാഹാരം.

അടുത്ത സുഹൃത്തുക്കളായിരുന്നു പുനത്തിലും മുരളിയും . പുസ്തകം ഇറങ്ങിയത് 2012ലാണ്. 2009ൽത്തന്നെ മുരളി ഓർമ്മയായിരുന്നു. അതുകൊണ്ടാകാം പുസ്തകം സമർപ്പിച്ചിരിക്കുന്നതും മുരളിക്കാണ്. ആ പുസ്തകത്തിന്റെ അവതരണക്കുറിപ്പിലാണ് മുരളി പുനത്തിലിനോട് എന്നും പാടിയിരുന്ന പാട്ട് ഉള്ളത്.

അമ്പത്തഞ്ചാം വയസ്സിലാണ് മുരളി അരങ്ങൊ‍ഴിയുന്നത്. മുരളിയേക്കാൾ പതിന്നാലു വയസ്സു മൂപ്പുണ്ടായിരുന്നു പുനത്തിലിന്. എന്നിട്ടും മുരളി നേരത്തേ പോയി. പുനത്തിലാകട്ടെ പിന്നെയും എട്ടു കൊല്ലം കൂടി നമ്മോടൊപ്പമുണ്ടായിരുന്നു.

പുനത്തിൽ യാത്രയായ ദിവസം മുരളിയുടെ പാട്ടു വായിക്കുമ്പോൾ “എങ്ങനെ പോകും കുഞ്ഞീക്ക…” എന്ന വരികൾ ഇരുവരെയും സ്നേഹിച്ച മലയാളികളെയാകെ വേദനിപ്പിക്കും.

ആ പാട്ട് ഇങ്ങനെയാണ്

“എങ്ങനെ പോകും കുഞ്ഞീക്ക
എങ്ങനെ പോകും കുഞ്ഞീക്ക

എങ്ങനെ പോകും കല്യാണത്തിന്
കുഞ്ഞീക്ക.

എങ്ങനെ പോകും
എങ്ങനെ പോകും
കുഞ്ഞീക്ക.

താലിയില്ല
മാലയില്ല
എങ്ങനെ പോകും
കല്യാണത്തിന്
കുഞ്ഞീക്ക.

എങ്ങനെ പോകും
കുഞ്ഞീക്ക.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News