സ്വിസ് ദമ്പതികളെ ആക്രമിച്ചത് പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേര്‍; അഞ്ച് പേര്‍ പിടിയില്‍

ദില്ലി: ഞായറാഴ്ചയാണ് ആഗ്ര ഫത്തേപ്പൂര്‍ സിക്രിയില്‍ ടൂറിസ്റ്റുകളായ സ്വിസ് ദമ്പതികള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഇവരില്‍ മൂന്നു പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പൊലീസ് അറിയിച്ചു.

അക്രമി സംഘത്തിലെ ഏറ്റവും പ്രായം കൂടിയയാള്‍ക്ക് 20 വയസാണ് പ്രായമെന്നും പൊലീസ് വ്യക്തമാക്കി. അക്രമികളെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

സ്വിസ് ദമ്പതികളായ 24കാരന്‍ ക്വെന്റിന്‍ ജെര്‍മി ക്ലെര്‍ക്കും മരിയേ ഡ്രോക്‌സസുമാണ് ആക്രമണത്തിന് ഇരയായത്. വടിയും കല്ലും ഉപയോഗിച്ചുളള ആക്രമണത്തില്‍ ഇരുവര്‍ക്കും ഗുരുതര പരിക്കേറ്റിരുന്നു. ക്ലെര്‍ക്കിന്റെ തലയോട്ടിയില്‍ പൊട്ടലുണ്ട്. കേള്‍വി ശക്തിക്കും ഭാഗികമായ തകരാറുണ്ടായി. ഡ്രോക്‌സസിന് കൈക്ക് പൊട്ടലുണ്ട്.

സെപ്തംബര്‍ 30നാണ് ടൂറിസ്റ്റുകളായ ഇവര്‍ ആഗ്രയിലെത്തിയത്. താജ്മഹല്‍ സന്ദര്‍ശിച്ചശേഷം മടങ്ങിയ ദമ്പതികളെ അക്രമി സംഘം റെയില്‍വെ സ്റ്റേഷന്‍ മുതല്‍ പിന്തുടര്‍ന്നിരുന്നു. ഒരു മണിക്കൂറോളം സംഘം ഇവര്‍ക്ക് പിന്നാലെ ഉണ്ടായിരുന്നു. ഇതിനു ശേഷമായിരുന്നു ആക്രമണം.

സംഘത്തിലൊരാള്‍ ഡ്രോക്‌സസിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. പിന്നീട് സംഘം ഇവരെ കടന്നുപിടിക്കാന്‍ ശ്രമിച്ചു. ഇതോടെ തടയാനെത്തിയ ക്‌ളര്‍ക്കിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തടയാനെത്തിയപ്പോഴാണ് ഡ്രോക്‌സസിന് പരിക്കേറ്റത്.

പൊതുനിരത്തില്‍ നിരവധി ആളുകള്‍ നോക്കി നില്‍ക്കെയാണ് ടൂറിസ്റ്റ് ദമ്പതികള്‍ ആക്രമിക്കപ്പെട്ടത്.

രാജ്യത്തിനു തന്നെ നാണക്കേടായ സംഭവം വിവാദമായതിനെ തുടര്‍ന്ന് കേന്ദ്ര ടൂറിസം മന്ത്രാലയവും വിദേശകാര്യമന്ത്രാലയവും ഇടപെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News