ആരാണ് ഡോ.ഓമന; പതിനാറ് വര്‍ഷമായി ഒളിവില്‍ കഴിയുന്ന ഡോ. ഓമനയെ പറ്റിയുളള ദുരൂഹതകള്‍ തുടരുന്നു

ആരാണ് ഡോ.ഓമന പതിനാറ് വര്‍ഷമായി ഒളിവില്‍ കഴിയുന്ന ഡോ. ഓമനയെ പറ്റിയുളള ദുരൂഹതകള്‍ തുടരുന്നു.

മലേഷ്യയില്‍ മരിച്ചത് ഡോ. ഓമനയല്ലെന്ന് സ്ഥിരീകരിച്ചതോടെ ഇന്റര്‍പോള്‍ ഇവര്‍ക്കായി അന്വേഷണം ശക്തമാക്കുകയാണ്.

കരാറുകാരനായ കാമുകനെ കൊന്ന് മൃതദേഹം വെട്ടി നുറുക്കി സ്യൂട്ട്‌കേസിലാക്കിയ കേസിലാണ് ഡോ. ഓമന കുപ്രസിദ്ധ ആകുന്നത്.

മൃതദേഹം കൊക്കയില്‍ ഉപേക്ഷിക്കാനുളള ശ്രമത്തിനിടെ ഇവര്‍ പിടയിലാവുകയായിരുന്നു. മെഡിക്കല്‍ സയന്‍സിന്റെ പിന്‍ബലത്തിലായിരുന്നു കൊലപാതകവും തെളിവ് നശിപ്പിക്കാനുളള ശ്രമങ്ങളൂം.

ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവില്‍ പൊയതോടെ കേരളം കണ്ട പിടികിട്ടാപ്പുളളികളില്‍ ഒരാളായി മാറി ഡോക്ടര്‍ ഓമന.

1996 ജൂലൈ 11 നാണ് പയ്യന്നൂരിലെ കരാറുകാരനായ മുരളീധരന്‍ ഊട്ടിയിലെ ലോഡ്ജില്‍ കൊല്ലപ്പെടുന്നത്.

ആദ്യം ഊട്ടി റെയില്‍വേ സ്റ്റേഷന്റെ വിശ്രമമുറിയില്‍ വച്ച് വിഷം കുത്തി വച്ചു. പിന്നെ ഒരു ലോഡ്ജില്‍ മുറിയെടുത്ത് രക്തം കട്ടപിടിക്കാനുള്ള മരുന്നും കുത്തിവച്ചു.

തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതു പോലെ ശരീരം നിരവധി കഷണങ്ങളാക്കി വലിയ സ്യൂട്ട്‌കേസിലാക്കി.

മൃതുദേഹം കൊഡൈക്കനാലിലെ വനത്തില്‍ ഉപേക്ഷിക്കാനായിരുന്നു ഡോ. ഓമനയുടെ പദ്ധതി.

പലയിടങ്ങളിലായി മൃതദേഹാവശിഷ്ടങ്ങള്‍ ഉപേക്ഷിക്കാനുളള ശ്രമത്തിനിടെയാണ് ഡോ. ഓമന പിടിയിലാവുന്നത്. കാറിന്റെ ഡിക്കിയിലെ സ്യൂട്ട്‌കേസില്‍ വച്ചിരുന്ന മൃതദേഹം പുറത്തെടുക്കവെ സംശയം തോന്നിയ ടാക്‌സി ഡ്രൈവര്‍ നാട്ടുകാരുടെ സഹായത്തോടെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

ഓമന വിവാഹമോചനം നേടി കഴിയുന്ന സമയത്താണ് മുരളീധരന്‍ എന്ന കരാറുകാരനുമായി പരിചയപ്പെട്ടത്. അയാള്‍ തന്നില്‍ നിന്ന് അകലുന്നുവെന്ന് തോന്നിയപ്പോഴായിരുന്നു കൊല നടത്തിയത് എന്നാണ് ഓമന പൊലീസിന് നല്‍കിയ മൊഴി.

1998 ജൂണ്‍ 15 നാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്. 2001 ജനുവരി 21ന് ജാമ്യത്തിലിറങ്ങിയ ഓമന മുങ്ങി. 16 വര്‍ഷമായി ഒളിവില്‍ കഴിയുന്ന ഓമനയെ പിന്നീട് ഒരിക്കലും തമിഴ്‌നാട് പൊലീസിനു കണ്ടെത്താനായില്ല.

ഇവര്‍ മലേഷ്യയില്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഇന്റര്‍പോളിന് കേസ് കൈമാറിയിട്ടും ഫലമുണ്ടായില്ല. ഓമനയ്ക്കായി ഇന്റര്‍പോള്‍ രാജ്യത്തെ പ്രധാന സ്ഥലങ്ങളിലും പൊലീസ് സ്റ്റേഷനുകളിലും പതിച്ച റെഡ് കോര്‍ണര്‍ നോട്ടീസ് ഇപ്പോഴും നിലനില്ക്കുന്നുണ്ട്.

മലേഷ്യയിലെ കോലാലംപൂരിലടക്കം നിരവധി സ്ഥലങ്ങളില്‍ ഓമന ഒളിവില്‍ കഴിഞ്ഞിരുന്നതായാണ് അന്വേഷണം നടത്തുന്ന സംഘത്തിനു ലഭിച്ച വിവരം.

ചെല്‍സ്റ്റിന്‍ മേബല്‍, മുംതാസ്, ഹേമ, റോസ്‌മേരി, സുലേഖ, താജ്, ആമിന ബിന്‍, സാറ എന്നിങ്ങനെയുള്ള പേരുകളും ഇവര്‍ ഒളിവില്‍ കഴിയുമ്പോള്‍ സ്വീകരിച്ചിരുന്നതായി അന്വേഷണ സംഘത്തിനു വ്യക്തമായിട്ടുണ്ട്. കൊലപാതകം നടക്കുമ്പോള്‍ 43 വയസുണ്ടായിരുന്നു ഡോ. ഓമനയ്ക്ക്. പയ്യന്നൂര്‍ കരുവാഞ്ചേരിയിലാണ് ഓമനയുടെ വീട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News