ചരിത്രത്തിന്റെ വര്‍ഗീയവല്‍ക്കരണം

രാജ്യത്തെ വര്‍ഗീയവിപത്തില്‍നിന്ന് രക്ഷിക്കാനും നവ ഉദാരവല്‍ക്കരണനയങ്ങളുടെ കെടുതിക്കെതിരെ പോരാട്ടം ശക്തമാക്കാനും കേരളത്തിന്റെ സത്പാരമ്പര്യം സംരക്ഷിക്കാനും ജനങ്ങളുടെ ഐക്യം വളര്‍ത്താനുമാണ് എല്‍ഡിഎഫ് ജാഥകള്‍ ഒക്ടോബര്‍ 21 മുതല്‍ സംസ്ഥാനത്ത് പര്യടനം നടത്തുന്നത്.

ഇതിന്റെ ലക്ഷ്യം മഹത്തരമായതുകൊണ്ടുതന്നെയാണ് ഞാന്‍ നയിക്കുന്ന വടക്കന്‍ മേഖലാ ജാഥയ്ക്കും സിപിഐ നേതാവ് കാനം രാജേന്ദ്രന്‍ നേതൃത്വം നല്‍കുന്ന തെക്കന്‍ മേഖലാ ജാഥയ്ക്കും നല്ല വരവേല്‍പ്പും ജനങ്ങളില്‍നിന്ന് സ്‌നേഹപൂര്‍വമായ പ്രതികരണവും ലഭിക്കുന്നത്.

ഇടതുപക്ഷ ജനാധിപത്യമുന്നണിയില്‍ വിശ്വാസം അര്‍പ്പിച്ചവര്‍ മാത്രമല്ല, ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ വിശ്വാസമുള്ളവരും ഒരു രാഷ്ട്രീയ പാര്‍ടിയിലും അംഗമല്ലാത്തവരുമെല്ലാം ജാഥയെ സ്വീകരിക്കാന്‍ എത്തുന്നുണ്ട്.

ബിജെപിയുടെ ദേശീയനേതൃത്വം കേരളത്തില്‍ സംഘടിപ്പിച്ച ‘ജനരക്ഷായാത്ര’ എന്ന പേരിലെ കേരളവിരുദ്ധ വിദ്വേഷ പ്രചാരണ ജാഥ സൃഷ്ടിച്ചത് രാഷ്ട്രീയസാംസ്‌കാരിക മലിനീകരണമാണ്. അതില്‍ പൊറുതിമുട്ടിയ വിഭാഗങ്ങളും ആളുകളും എല്‍ഡിഎഫ് ജാഥയെ സ്വീകരിക്കാന്‍ എത്തുന്നു. കുട്ടികളുമായി എത്തുന്ന രക്ഷിതാക്കളും സ്ത്രീകളുമൊക്കെയായി വന്‍ ജനാവലിയെയാണ് വിവിധ കേന്ദ്രങ്ങളില്‍ കാണാന്‍ കഴിയുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങളിലുള്ള പ്രതിഷേധവും എല്‍ഡിഎഫ് ഭരണത്തോടുള്ള താല്‍പ്പര്യവും സ്വീകരണങ്ങളില്‍ പ്രകടമാണ്.

രാഷ്ട്രീയ പ്രസ്ഥാനങ്ങളും നേതാക്കളും നയിക്കുന്ന ജാഥകള്‍ക്ക് ജനങ്ങളെ ഒരുമിപ്പിക്കാനും ഭിന്നിപ്പിക്കാനും കഴിയും. ഗാന്ധിജിയും എ കെ ജിയുമൊക്കെ നടത്തിയ ജാഥകള്‍ ജനങ്ങളില്‍ ഐക്യബോധം വളര്‍ത്തുന്നതും നീതിക്കുവേണ്ടി പോരാടാന്‍ അവരെ സജ്ജമാക്കുന്നതുമായിരുന്നു.

എന്നാല്‍, അതില്‍നിന്ന് വ്യത്യസ്തമായി നാടിനെ വര്‍ഗീയചേരിതിരിവില്‍ എത്തിക്കുന്നതും ജനങ്ങളെ മതപരമായും ജാതീയമായും ഭിന്നിപ്പിക്കുന്നതുമായ ലക്ഷ്യത്തോടെയുള്ള ജാഥകളും ഉണ്ടായി.

അക്കൂട്ടത്തില്‍ തെളിഞ്ഞുനില്‍ക്കുന്നതാണ് എല്‍ കെ അദ്വാനി നയിച്ച രഥയാത്ര. അത്‌പോയ ഒട്ടുമിക്കവാറും സ്ഥലങ്ങളില്‍ വര്‍ഗീയക്കുഴപ്പമുണ്ടായി. അതിനുശേഷമാണ് കാവിപ്പട ബാബറി മസ്ജിദ് പൊളിച്ചത്. ആ രഥയാത്രയുടെ ആവേശം ഉള്ളില്‍വച്ചാണ് ആര്‍എസ്എസ്ബിജെപി ദേശീയനേതൃത്വം മോഡി ഭരണത്തണലില്‍ കേരളത്തില്‍ അമിത്ഷാ, കുമ്മനം രാജശേഖരന്‍ എന്നിവരുടെ നേതൃത്വത്തില്‍ വര്‍ഗീയയാത്ര നടത്തിയത്. ലക്ഷ്യമിട്ടത് കേരളത്തിലെ ജനങ്ങളെ വര്‍ഗീയമായി വിഭജിക്കുക എന്നതായിരുന്നു.

അതിനൊപ്പം ഇന്ത്യന്‍ ജനതയുടെ മുന്നില്‍ ജനപക്ഷഭരണത്തിന്റെ പ്രതിരൂപമായി വളര്‍ന്ന പിണറായി വിജയന്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള പടയൊരുക്കം നടത്തുക എന്നതും പ്രധാനമായിരുന്നു. പക്ഷേ, കൊക്കിന് വച്ചത് ചക്കിന് കൊണ്ടതുപോലെയായി കാര്യങ്ങള്‍. ദേശവ്യാപകമായി മോഡി സര്‍ക്കാരിനും ബിജെപി നേതൃത്വത്തിനുമെതിരെ ജനവികാരം ശക്തിപ്പെടുകയാണ്. പുറത്തുനിന്ന് ആളെ ഇറക്കി കേരളത്തെ മോശപ്പെടുത്താന്‍ നടത്തിയ ക്വട്ടേഷന്‍യാത്രയായിരുന്നു ബിജെപിയുടേത്.

ജനവികാരം മനസ്സിലാക്കി തെറ്റുതിരുത്തുകയല്ല ഭരണകൂട സ്വേഛാധിപത്യം അടിച്ചേല്‍പ്പിച്ച് എതിര്‍ ശബ്ദങ്ങളെയും ബഹുസ്വരതയെയും അമര്‍ച്ച ചെയ്യുകയാണ് കേന്ദ്രത്തിലെയും വിവിധ സംസ്ഥാനങ്ങളിലെയും ബിജെപി സര്‍ക്കാരുകളും സംഘപരിവാറും.

മാധ്യമങ്ങള്‍ക്കും കോടതികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി രാജസ്ഥാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് ബിജെപി ഭരണം ജനാധിപത്യവിരുദ്ധമായി ഏതറ്റംവരെപോകും എന്നതിനുള്ള മുന്നറിയിപ്പാണ്.

മന്ത്രിമാര്‍, എംഎല്‍എമാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ജഡ്ജിമാര്‍ തുടങ്ങിയവരെ അഴിമതിയാരോപണങ്ങളില്‍നിന്ന് രക്ഷിക്കുന്നതാണ് നിയമഭേദഗതി. വാര്‍ത്ത നല്‍കുന്നതിന് മാധ്യമങ്ങള്‍ക്കും സ്വകാര്യ അന്യായങ്ങള്‍ പരിഗണിക്കുന്നതില്‍ കോടതികള്‍ക്കും മൂക്കുകയറിടുന്നു.

1973ലെ ക്രിമിനല്‍ നടപടിച്ചട്ടം ഭേദഗതിചെയ്ത് കൊണ്ടുവന്ന ഓര്‍ഡിനന്‍സിലൂടെ വിരമിച്ചവര്‍ അടക്കമുള്ള ജഡ്ജിമാര്‍, മന്ത്രിമാര്‍ അടക്കമുള്ള ജനപ്രതിനിധികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് എതിരെയുള്ള സ്വകാര്യ അന്യായങ്ങളില്‍ അന്വേഷണത്തിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്നും മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കരുതെന്നുമാണ് വ്യവസ്ഥ.

അഴിമതിയാരോപണം നേരിടുന്നവര്‍ക്കെതിരെ വാര്‍ത്ത നല്‍കിയാല്‍ രണ്ടുവര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് വ്യക്തമാക്കി. ഇത് മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടി അഴിമതിക്കാരെ സംരക്ഷിക്കലാണ്. ഈ നിയമഭേദഗതിക്കെതിരെ നിയമസഭയില്‍ ബിജെപി പക്ഷത്തുനിന്നുപോലും എതിര്‍പ്പ് ഉയര്‍ന്നു. അതോടെ ബില്‍ നിയമസഭയുടെ സെലക്ട് കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്.

ഇന്ത്യാചരിത്രം തിരുത്തിക്കുറിക്കാനുള്ള ഹീനശ്രമത്തിലാണ് മോഡി ഭരണം. ലോകോത്തര അത്ഭുതങ്ങളിലൊന്നായ താജ്മഹല്‍ ഷാജഹാന്‍ ചക്രവര്‍ത്തി തന്റെ പ്രിയ പത്‌നി മുംതാസിനോടുള്ള പ്രണയത്താല്‍ തീര്‍ത്ത സ്മാരകമന്ദിരമാണ്.

പക്ഷേ, അത് പണ്ട് ശിവക്ഷേത്രമായിരുന്നു എന്ന വാദം ചില ബിജെപി നേതാക്കള്‍ ഉയര്‍ത്തുന്നു. മറുവശത്ത് താജ്മഹലിനെ വിനോദസഞ്ചാര പട്ടികയില്‍നിന്ന് യുപിയിലെ ആദിത്യനാഥ് സര്‍ക്കാര്‍ നീക്കംചെയ്തു. മുഗള്‍ ഭരണാധികാരികള്‍ മുസ്‌ളിങ്ങളായിരുന്നു എന്നതാണ് സംഘപരിവാറിന്റെ അസഹിഷ്ണുതയ്ക്ക് കാരണം. ഇപ്പോള്‍ വര്‍ഗീയയുദ്ധം ഒന്നാം സ്വാതന്ത്യ്രസമരത്തോടുമായി.

ഒന്നാം സ്വാതന്ത്യ്രസമരം 1857ലെ ശിപായി ലഹള എന്നപേരില്‍ അറിയപ്പെട്ട ബ്രിട്ടീഷ് വിരുദ്ധ പോരാട്ടമല്ല, ഒഡിഷയില്‍ 1817ല്‍ നടന്ന പൈക കലാപമാണെന്നും അതുപ്രകാരം ചരിത്ര പാഠപുസ്തകം മാറ്റുമെന്നും കേന്ദ്ര മാനവ വിഭവശേഷിമന്ത്രി പ്രകാശ് ജാവേദ്കര്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഇത്രയുംകാലം ലോകം അംഗീകരിച്ച ഒരു ചരിത്രം പൊടുന്നനവെ എന്തിനാണ് മാറ്റിമറിക്കുന്നത്? അതില്‍ നിരക്കുന്ന യുക്തി എന്താണ്?

1857ലെ പ്രക്ഷോഭം, ബ്രിട്ടീഷ് ആധിപത്യത്തിനെതിരായ അതുവരെയുണ്ടായിരുന്ന ഏറ്റവും ശക്തമായ വെല്ലുവിളിയായിരുന്നു. വിദേശ മേധാവിത്വത്തിനെതിരെ അതിനുമുമ്പ്, ഒരു നൂറ്റാണ്ട് നീണ്ട സമരപരമ്പരകള്‍ ഉണ്ടായിട്ടുണ്ട്. പഴശ്ശി, വേലുതമ്പി ദളവ എന്നിവരുടെയൊക്കെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭങ്ങള്‍ ഈ കൂട്ടത്തില്‍ വരും. ഒഡിഷയിലെ പൈക കലാപവും നിസ്സാരമല്ല.

എന്നാല്‍, ഇവയില്‍നിന്നെല്ലാം അമ്പേ വ്യത്യസ്തമാണ് ബ്രിട്ടീഷ് സേനയിലെ പട്ടാളക്കാര്‍ ജനങ്ങളുടെ പിന്തുണയോടെ ബ്രിട്ടീഷ് വാഴ്ചയ്‌ക്കെതിരെ കലാപത്തിനിറങ്ങിയ സംഭവം. അത് ഇന്ത്യയുടെ വടക്കന്‍, മധ്യ, പശ്ചിമ മേഖലകളിലേക്കെല്ലാം പടര്‍ന്ന് ബ്രിട്ടീഷ് (ഇന്ത്യന്‍) ഭടന്മാരായ 2,32,224 പേരില്‍ പകുതിയോളം പേര്‍ ബ്രിട്ടീഷുകാര്‍ക്കെതിരായ കലാപത്തില്‍ പങ്കാളിയായി. മീറത്തിലെ കലാപം വിജയിപ്പിച്ച പട്ടാളക്കാര്‍ (ബ്രിട്ടീഷ് സേനയിലെ ഇന്ത്യന്‍ പട്ടാളക്കാരെ ശിപായികള്‍ എന്നാണ് വിളിച്ചത്) ഡല്‍ഹി പിടിച്ചെടുത്തത്.

ആവേശഭരിതരായ ജനക്കൂട്ടത്തിനൊപ്പം ചുവപ്പുകോട്ടയിലെത്തി അവര്‍ മുഗള്‍ രാജാവായ ബഹദൂര്‍ ഷാ രണ്ടാമനെ ചക്രവര്‍ത്തിയാക്കി. അന്ന് മുഗള്‍വംശത്തിന്റെ പാരമ്പര്യംമാത്രം കൈമുതലാക്കി, ബ്രിട്ടീഷ് ഭരണാധികാരികളുടെ ഔദാര്യത്തില്‍ ജീവിക്കുകയായിരുന്ന ബഹദൂര്‍ ഷാ ജനങ്ങളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഭരണാധികാരിയായത്. ഇന്ത്യയുടെ വടക്ക് മധ്യ പശ്ചിമ മേഖലകളില്‍മാത്രമല്ല പഞ്ചാബിലും ബംഗാളിലും ഭാഗികമായി കലാപമുണ്ടായി.

ബിഹാറില്‍ കലാപം നയിച്ചത് ബ്രിട്ടീഷുകാര്‍ തന്റെ ഭൂമിമുഴുവന്‍ കൈയടക്കിയതില്‍ രോഷംപൂണ്ട പുരിയിലെ ജമീന്ദാര്‍ കണ്‍വര്‍ സിങ് എന്ന എഴുപതുകാരനായിരുന്നു. ഝാന്‍സിയില്‍ ശിപായികളുടെ നേതൃത്വം ഏറ്റെടുത്ത റാണി ലക്ഷ്മിഭായി കലാപത്തിലെ ഏറ്റവും സമുന്നതയായ നേതാവായി.

1858 ജൂണ്‍ 17ന് പോരാട്ടത്തില്‍ മരിച്ചുവീണു. ബ്രിട്ടീഷുകാര്‍ക്കെതിരായി ഒളിയുദ്ധമുറ സ്വീകരിച്ച താന്തിയാതോപ്പി 1859 ഏപ്രിലില്‍ ഒരു ജന്മിയുടെ ചതിയില്‍പ്പെട്ട് പിടിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്തു.

1857ല്‍ തുടങ്ങിയ കലാപം വിജയിച്ചില്ലെങ്കിലും ബ്രിട്ടീഷ് ആധിപത്യത്തിന്റെ അടിയിളക്കുന്നതിനുള്ള മഹത്തായ നേട്ടമായി പരാജയപ്പെട്ട ഒന്നാം സ്വാതന്ത്യ്രസമരം ചരിത്രത്തില്‍ ഇടംനേടി. അധികാരം നഷ്ടപ്പെട്ടു കഴിഞ്ഞിരുന്ന മുഗള്‍ രാജാവായിരുന്ന ബഹദൂര്‍ ഷാ രണ്ടാമനെ കലാപത്തിന് ഇറങ്ങിയ ശിപായിമാരും അവരെ പിന്തുണച്ച ജനങ്ങളും ചക്രവര്‍ത്തിയാക്കി എന്നതിലുള്ള അസഹിഷ്ണുത ചരിത്രം കുഴിമാന്തിയെടുത്ത് ഇപ്പോള്‍ വിരോധം തീര്‍ക്കുന്ന വിവരക്കേടും ബാലിശത്വവുമാണ് സംഘപരിപാറും മോഡിഭരണവും കാട്ടുന്നത്.

ദക്ഷിണേന്ത്യ പ്രക്ഷോഭത്തില്‍ പങ്കാളിയായില്ലെങ്കിലും ഇന്ത്യയെ ഒരു രാഷ്ട്രമായി രൂപപ്പെടുത്തുന്ന പ്രക്രിയയില്‍ സഹായിക്കുന്ന ഒന്നായി ഒന്നാം സ്വാതന്ത്യ്രസമരം മാറി. ഏറെക്കുറെ മതേതരത്വത്തോട് പ്രതിബദ്ധത പുലര്‍ത്തിയ ആ സമരം മതേതര ആശയം രൂഢമൂലമാക്കുന്നതിലും സഹായംനല്‍കി. ഇതെല്ലാം ആര്‍എസ്എസിനും കേന്ദ്രസര്‍ക്കാരിനും ഇഷ്ടപ്പെടാത്തതുകൊണ്ടാകാം 1857ലെ കലാപം ഒന്നാം സ്വാതന്ത്യ്രസമരം അല്ല എന്ന ചരിത്രത്തിലെ കൊടുംവെട്ട് നടത്താന്‍ പ്രേരിപ്പിക്കുന്നത്.

ഇന്ത്യക്കാരെ ഭിന്നിപ്പിക്കുന്നതിന് ഹിന്ദുമുസ്‌ളിം വിരോധം ബ്രിട്ടീഷ് ഭരണകൂടം ഉപയോഗിച്ചിരുന്നു. അത്തരം ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രം മോഡി ഭരണവും ആര്‍എസ്എസും ഇപ്പോഴും ഉപയോഗിക്കുകയാണ്. ഹിന്ദുമുസ്‌ളിം വിരോധം ആളിക്കത്തിച്ചതിന്റെ ഫലമായാണ് സ്വാതന്ത്യ്രസമരത്തെതുടര്‍ന്ന് രണ്ട് രാജ്യങ്ങള്‍ ഉണ്ടായത്. സ്വാതന്ത്യ്രസമരഘട്ടത്തില്‍ത്തന്നെ സമുദായ ഐക്യത്തിന് വഴിതെളിക്കേണ്ടിയിരുന്നത് സമുദായസംഘര്‍ഷത്തിന് കളമൊരുക്കലായി.

സ്വാതന്ത്യ്രാനന്തര ഇന്ത്യക്ക് 70 വയസ്സ് തികഞ്ഞിരിക്കുന്നു. ഈ ഘട്ടത്തില്‍ ഇന്ത്യന്‍ ജനതയെ വര്‍ഗീയമായി ഭിന്നിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് സ്വാതന്ത്യ്രസമരചരിത്രംതന്നെ തിരുത്തി എഴുതാന്‍ മോഡി ഭരണം ഏകപക്ഷീയമായി പരിശ്രമിക്കുന്നത് തീക്കൊള്ളികൊണ്ടുള്ള തലചൊറിയലാണ്.

മോഡി സര്‍ക്കാരിന്റെ ഇത്തരം ഹീനനീക്കങ്ങളെ തുറന്നുകാട്ടിയാണ് എല്‍ഡിഎഫിന്റെ ജനജാഗ്രതാ യാത്രകള്‍ പര്യടനം തുടരുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News