അര്‍ധരാത്രിയില്‍ വനിതാ ഹോസ്റ്റലില്‍ മെഡിക്കല്‍ കോളേജ് എസ്‌ഐയുടെ രഹസ്യസന്ദര്‍ശനം; ചോദ്യം ചെയ്ത 16കാരന് ക്രൂരമര്‍ദനമേറ്റെന്ന് പരാതി

കോഴിക്കോട്: വനിതാ ഹോസ്റ്റല്‍ പരിസരത്ത് എത്തിയ മെഡിക്കല്‍ കോളേജ് എസ്‌ഐയെ ചോദ്യം ചെയ്ത 16കാരന് ക്രൂരമര്‍ദനമേറ്റെന്ന് പരാതി.

കഴുത്തിലെ എല്ലിനും ഇടിപ്പെല്ലിനും പരുക്കേറ്റ അജയ് എന്ന പതിനാറുകാരനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എസ്‌ഐയ്‌ക്കെതിരെ പരാതി നല്‍കാനെത്തിയ അജയ്‌യുടെ സഹോദരനെ പൊലീസ് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും ആരോപണമുണ്ട്.

വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. നടക്കാവ് സ്‌റ്റേഷന്‍ പരിധിയിലുള്ള വനിതാ ഹോസ്റ്റല്‍ പരിസരത്താണ് മെഡിക്കല്‍ കോളേജ് എസ്‌ഐ ഹബീബുള്ള എത്തിയത്. അര്‍ധരാത്രിയില്‍ വനിതാ ഹോസ്റ്റല്‍ പരിസരത്ത് ഒരാള്‍ നില്‍ക്കുന്നത് കണ്ടിട്ടാണ് അജയ്‌യും പിതാവും എസ്‌ഐയെ ചോദ്യം ചെയ്തത്.

ഇതോടെ താന്‍ ആരാണെന്ന് മനസിലായില്ലേ എന്നു ചോദിച്ച് എസ്‌ഐ ഇരുവരെയും മര്‍ദിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് അജയ്‌യെ ജീപ്പില്‍ എടുത്തിട്ട് കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ അമ്മയും സഹോദരിയും ചേര്‍ന്ന് ജീപ്പ് തടഞ്ഞു.

ഇതിനിടെ സംഭവം അറിഞ്ഞ് നാട്ടുകാര്‍ ഓടിക്കൂടിയതോടെ അജയ്‌യെ ഇറക്കിവിട്ടശേഷം എസ്‌ഐ ജീപ്പുമായി മുങ്ങുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു.

അടുത്ത ദിവസം എസ്‌ഐയ്‌ക്കെതിരെ പരാതിയുമായി കുട്ടിയുടെ സഹോദരന്‍ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ പൊലീസുകാരും ഭീഷണിപ്പെടുത്തിയെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

അതേസമയം, താന്‍ ഹോസ്റ്റലില്‍ താമസിക്കുന്ന ഭാവി വധുവിനെ കാണാന്‍ പോയതാണെന്നാണ് എസ്‌ഐയുടെ വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News