മീസല്‍സ് റൂബെല്ല വാക്‌സിന്‍ കേരളമേ; ലക്ഷദ്വീപിനെ കണ്ട് പഠിക്കുക

കരയില്‍ നിന്ന് ഏറെ അകലെ നടുക്കടലില്‍ ഒറ്റപ്പെട്ടുകിടക്കുന്ന 10 ജനവാസ ദ്വീപുകള്‍ ഉള്‍പ്പെടെ34 ദ്വീപുകള്‍ ചേര്‍ന്ന പ്രദേശമാണ് ലക്ഷദ്വീപ്. പുറത്തുനിന്നുളളവര്‍ക്ക് കാണാന്‍ അതിസുന്ദരി.അകത്തുളളവര്‍ക്കാകട്ടെ ജീവിതപ്രയാസങ്ങളുടെ നരകഭൂമി.

വര്‍ഷകാലത്ത് കടല്‍ ക്ഷോഭിക്കും.അതോടെ കരയെ ദ്വീപുകളുമായി ബന്ധിപ്പിക്കുന്ന കപ്പല്‍ സര്‍വ്വീസുകള്‍ നിലയ്ക്കും.ദ്വീപുകള്‍ വറുതിയിലാവും. ഉന്നത നിലവാരമുളള ആശുപത്രികള്‍ ലക്ഷദ്വീപില്‍ ഇല്ല.

വ ിദഗ്ധ ചികിത്സ ലഭിക്കാതെ രോഗികള്‍ മരിച്ച് വീഴാറുണ്ട് .
ഭൂമി ശാസ്ത്രപരമായ ഒറ്റപ്പെടല്‍ സൃഷ്ടിക്കുന്ന അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് പ്രധാനപ്രശ്‌നം.

ഇങ്ങനെയെല്ലാമാണെങ്കിലും ലക്ഷദ്വീപിന്റെ ശിരസ്സില്‍ പൊന്‍തൂവലുകള്‍ ഏറെയുണ്ട്.

ഇവിടെ കൊലപാതകങ്ങളില്ല, സ്തീപീഡനങ്ങള്‍ ഇല്ല.സ്തീധനമില്ല.
ക്രിമിനല്‍ കേസുകളുടെ എണ്ണത്തിലും ശരാശരിയിലും രാജ്യത്ത് ഏറ്റവും കുറവുളള പ്രദേശവും ലക്ഷദ്വീപാണ്.

ഇപ്പോള്‍ ഇതാ ആരോഗ്യരംഗത്തും വലിയൊരു കുതിച്ചുചാട്ടത്തിന് ദ്വീപുകള്‍ തയ്യാറെടുക്കുന്നു.മീസെല്‍സ് റൂബെല്ല വാക്‌സിന്റെ കാര്യമെടുക്കാം.

ദ്വീപിലെ 9 മാസം മുതല്‍ 15 വയസ്സ് വരെയുളള കുട്ടികളിലെ 92% പേര്‍ മീസല്‍സ് റൂബെല്ല വാക്‌സിനെടുത്ത് ലോകത്തിനുതന്നെ മാതൃകയായി

പരസ്യമല്ല,കൂട്ടായ്മയാണ് പ്രചാരണം ഇന്ത്യയില്‍ മറ്റൊരു പ്രദേശത്തിനും ഇല്ലാത്ത ചില പോരായ്മകള്‍ ലക്ഷദ്വീപിനുണ്ട്. ഇവിടെ പത്രമില്ല.

മലയാള പത്രങ്ങള്‍ കപ്പല്‍ മാര്‍ഗ്ഗം ചിലര്‍ക്ക് മാത്രം ദിവസങ്ങള്‍ക്ക് ശേഷം ലഭിക്കും.മലയാളവും ജെസരിയും മിനിക്കോയ് ദ്വീപില്‍ മാലിയുമാണ് ഭാഷകള്‍.

കേരളത്തില്‍ നടക്കുന്നതുപോലെ മീസല്‍സ് റൂബെല്ല വാക്‌സിന്‍ യജ്ഞത്തിനായി പത്രങ്ങളിലൂടെയും ടി വി ചാനലുകളിലൂടെയും വാര്‍ത്തകളിലൂടെയും
പരസ്യങ്ങളിലൂടെയും ബോധവല്‍ക്കരണ പ്രവര്‍ത്തനം നടത്താന്‍ ലക്ഷദ്വീപിനാകില്ല.

പരമ്പരാഗത പ്രചാരണ രീതികള്‍ മാത്രമാണ്ഇവിടെ നടന്നത്.സന്ധ്യകളില്‍ കടല്‍ തീരത്ത് ഒത്തുകൂടുന്ന കൂട്ടായ്മകളാണ് ഇവിടുത്തെ പ്രധാന സംവേദന വേദികള്‍.
ഇത്തരം കൂട്ടായ്മകളില്‍ നടക്കുന്ന ക്രിയാത്മകചര്‍ച്ചകളാണ് പലപ്പോഴും ദ്വീപില്‍ തരംഗങ്ങള്‍ ഉണ്ടാക്കുന്നത്.

മെയ്മാസത്തില്‍ ഉണ്ടായ തരംഗം എല്ലാ കുട്ടികളേയും വാക്‌സിന്‍ ക്യാമ്പുകളിലെത്തിച്ചു.ഒറ്റപ്പെട്ട ദ്വീപുകളിലെ കുട്ടികള്‍ പോലും വാക്‌സിനെടുത്തു.അവശേഷിക്കുന്ന  എട്ട് ശതമാനത്തിലെ ഭൂരിഭാഗവും അസുഖബാധിതരും ദ്വീപില്‍ ഇല്ലാത്തവരും ആയിരുന്നു.

മതം പഠിപ്പിക്കുന്നതെന്ത്?

——————————-
ഇന്ത്യയില്‍ 100% മുസ്‌ളിം ജനസംഖ്യയുളള ഏക പ്രദേശമാണ് ലക്ഷദ്വീപ്.എന്നാല്‍ കാര്യങ്ങള്‍ കേരളത്തിലേതില്‍ നിന്ന് തികച്ചും
വ്യത്യസ്തമാണ്.കേരളത്തില്‍ നടക്കുന്ന മീസല്‍സ് റൂബെല്ല വാക്‌സിന്‍ യജ്ഞം ഏറ്റവും മന്ദഗതിയില്‍ നടക്കുന്നത് മലപ്പുറം
ജില്ലയിലാണ്.വാക്‌സിനേഷന്‍ മതവിരുദ്ധമാണെന്ന പ്രചാരണംതന്നെയാണ് ഈ തിരിച്ചടിക്ക് കാരണം.യജ്ഞം അവസാനിക്കാന്‍
ഒരാഴ്ച്ച മാത്രം അവശേഷിക്കെ പകുതി കുട്ടികള്‍ പോലും ഇതുവരെ വാക്‌സിനെടുത്തിട്ടില്ല.എന്തുകൊണ്ട് ലക്ഷദ്വീപില്‍
ഇത്തരം പ്രചാരണം നടക്കിന്നില്ല?
ലക്ഷദ്വീപിലെ എന്‍.എച്ച്.ആര്‍.എം ഡയറക്ടര്‍ ഡോ.ഷംസുദ്ദീന്റെ മറുപടി ഇങ്ങനെ
മീസല്‍സ് റൂബെല്ല വാക്‌സിനെതിരെ ചിലകേന്ദ്രങ്ങള്‍ ഇവിടെ പ്രചാരണങ്ങള്‍ നടത്തിയിരുന്നു.എന്നാല്‍ ഇത്തരം കളളപ്രചാരണങ്ങളെ
ദ്വീപ് നിവാസികള്‍ കൂട്ടത്തോടെ തള്ളിക്കളഞ്ഞു’

പൊതുജനാരോഗ്യരംഗത്തെ കുതിച്ചുചാട്ടം
അടിയന്തര ശസ്തക്രിയയോ വിദഗ്ധ ചികിത്സയോ വേണമെങ്കില്‍ ദ്വീപ് നിവാസികളെ ഹെലിക്ടോപ്റ്റര്‍ മുഖേന കേരളത്തിലെത്തിക്കുകയല്ലാതെ മറ്റ് നിവൃത്തിയില്ല.ഹെലിക്ടോപ്റ്റര്‍ ലഭ്യമാകാത്തതുമൂലം നിരവധി മരണങ്ങള്‍ നടന്നിട്ടുണ്ട്.

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിലും പൊതുജനാരോഗ്യരംഗത്ത് ലക്ഷദ്വീപ് കുതിക്കുകയാണ്.ജനനനിരക്ക്,മരണനിരക്ക്,സ്തീ- പുരുഷ അനുപാതം.ആയുര്‍ദൈര്‍ഘ്യം,തുടങ്ങിയ
അടിസ്ഥന സൂചികകളിലെല്ലാം ലക്ഷദ്വീപ് മേലോട്ടാണ്.

മാനുഷിക വികസനത്തിന്റേയും പൊതുജനാരോഗ്യരംഗത്തിന്റേയും കാര്യത്തില്‍ ലക്ഷദ്വീപിനേക്കാള്‍ മുന്നിലായ കേരളം മീസല്‍സ് റൂബെല്ല വാക്‌സിന്റെ  കാര്യത്തില്‍ പിന്നിലാണ്.മീസല്‍സ് റൂബെല്ല വാക്‌സിന്‍ യജ്ഞം അവസാനിക്കാന്‍ ഒരാഴ്ച്ച മാത്രം അവശേഷിക്കവെ കേരളത്തില്‍ ഇതുവരെ
വാക്‌സിനെടുത്ത് 56% കുട്ടികള്‍ മാത്രമാണ്.

മലപ്പുറം(32%),കോഴിക്കോട്(45%),കണ്ണൂര്‍(47%) എന്നീ ജില്ലകളാണ് ഏറ്റവും പിറകില്‍.
പലവിഷയങ്ങളിലും ലോകത്തിനുതന്നെ മാതൃകയായ കേരളം മീസല്‍സ് റൂബെല്ല വാക്‌സിന്‍ വിഷയത്തില്‍ ലക്ഷദ്വീപിനെയാണ് മാതൃകയാക്കേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here