ഇംഗിഷ് പട യുവരാജാക്കന്‍മാര്‍; ആവേശപോരാട്ടത്തില്‍ സ്പാനിഷ് പടയെ ഗോള്‍ മ‍ഴയില്‍ മുക്കി ലോകകിരീടം ചൂടി; 51 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം

കൊല്‍ക്കത്ത: ഫിഫ അണ്ടര്‍ 17 ലോകകിരീടം ഇംഗ്ലണ്ടിന്‍റെ ചുണക്കുട്ടികള്‍ സ്വന്തമാക്കി. ആവേശപോരാട്ടത്തില്‍ സ്പാനിഷ് പടയെ തുരത്തിയാണ് ഇംഗ്ലണ്ടിന്‍റെ പോരാളികള്‍ കിരീടം ചൂടിയത്.

അത്ഭുത തിരിച്ചുവരവ്

രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷമായിരുന്നു ഇംഗ്ലിഷ് പടയുടെ പടയോട്ടം. ഒന്നിനു പിന്നാലെ ഒന്നായി അഞ്ച് ഗോളുകളാണ് സ്പെയിനിന്‍റെ വലയില്‍ കയറിയത്.

സെര്‍ജിയോ ഗോമസിന്‍റെ ഇരട്ട ഗോളുകളാണ് ആദ്യ മുപ്പത് മിനുട്ടുകളില്‍ സ്പാനിഷ് പടയ്ക്ക് ആവേശം നല്‍കിയത്. എന്നാല്‍ 44ാം മിനിട്ടില്‍ ബ്രൂസ്റ്റര്‍ തുടങ്ങിവെച്ച ഗോള്‍വേട്ട ഇംഗ്ലിഷ് താരങ്ങള്‍ ആഘോഷമാക്കുകയായിരുന്നു.

രണ്ടാം പകുതി അക്ഷരാര്‍ത്ഥത്തില്‍ ഇംഗ്ലണ്ട് കളം വാ‍‍ഴുകയായിരുന്നു. 58ാം മിനിട്ടില്‍ ഗിബ്സ് വൈറ്റ് സമനില ഗോള്‍ നേടി.

69ാം മിനിട്ടില്‍ ഫിലിപ്പ് ഫോഡന്‍ ലീഡ് സമ്മാനിച്ച മൂന്നാം ഗോള്‍ കുറിച്ചു. 84ാം മിനിട്ടില്‍ ഗൂഹിയും 88 ാം മിനിട്ടില്‍ ഫിലിപ്പ് ഫോഡന്‍ ഒരിക്കല്‍ കൂടി വല കുലുക്കിയതോടെ സ്പാനിഷ് ദുരന്തം പൂര്‍ത്തിയായി.

യുറോ അണ്ടര്‍ 17 കലാശക്കളിയിലേറ്റ പരാജയത്തിനുള്ള മധുരപ്രതികാരം കൂടിയായി ഇംഗ്ലിഷ് പടയുടെ തകര്‍പ്പന്‍ ജയം.

ഇംഗ്ലിഷ് താരം റിയാന്‍ ബ്രൂസ്റ്റര്‍ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയപ്പോള്‍ ഇംഗ്ലണ്ടിന്‍റെ തന്നെ ഫിലിപ്പ് ഫോഡന്‍ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കി. 7 മത്സരങ്ങളില്‍ നിന്ന് ഏ‍ഴ് ഗോള്‍ നേടിയാണ് ബ്രൂസ്റ്റര്‍ ഇംഗ്ലിഷ് മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചത്.

മധ്യനിരയില്‍ ഇംഗ്ലണ്ടിന്‍റെ നീക്കങ്ങളുടെ ബുദ്ധികേന്ദ്രമായിരുന്നു ഫോഡന്‍. കലാശക്കളിയില്‍ ഇരട്ടഗോളുമായി കിരീടനേട്ടത്തിലെ നിര്‍ണായകകണ്ണിയും ഏ‍ഴാം നമ്പര്‍ താരം തന്നെയായിരുന്നു.

51 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇംഗ്ലിഷ് ടീം ഒരു ലോകകിരീടം സ്വന്തമാക്കുന്നത്. 1966 ല്‍ ഇംഗ്ലണ്ട് സീനിയര്‍ ടീം ലോകകപ്പില്‍ മുത്തമിട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News