ആവേശമായി ജന ജാഗ്രതായാത്ര

കോട്ടയം/മലപ്പുറം: കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കും സംഘപരിവാറിന്റെ വര്‍ഗീയതക്കുമെതിരെ ജനമനസുണര്‍ത്തി മുന്നേറുന്ന എല്‍ഡിഎഫ് ജനജാഗ്രതായാത്രകള്‍ക്ക് ആവേശകരമായ സ്വീകരണം.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചും വര്‍ഗീയതക്കെതിരെ മനുഷ്യമതിലൊരുക്കിയുമാണ് യാത്രകള്‍ നീങ്ങുന്നത്. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന എല്‍ഡിഎഫ് വടക്കന്‍ മേഖലാ ജനജാഗ്രതാ യാത്രയ്ക്ക് മലപ്പുറം ജില്ലയില്‍ രണ്ടാം ദിവസവും വന്‍വരവേല്‍പ്പാണ് ലഭിച്ചത്.

യാത്ര ഇന്ന് മലപ്പുറത്ത് പര്യടനം നടത്തും

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന എല്‍ഡിഎഫ് തെക്കന്‍മേഖലാ ജനജാഗ്രതാ യാത്ര ഇടുക്കി ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി കോട്ടയം ജില്ലയില്‍ പ്രവേശിച്ചു. ഇടുക്കിയിലെ അവസാന കേന്ദ്രമായ തൊടുപുഴയില്‍ ആവേശകരമായ വരവേല്‍പാണ് ലഭിച്ചത്.

തുടര്‍ന്ന് വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂര്‍ എന്നിവിടങ്ങളില്‍ വന്‍ജനാവലിയാണ് യാത്രയെ സ്വീകരിക്കാനെത്തിയത്. കോട്ടയം പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനത്ത് സമാപിച്ചു.

സ്വീകരണകേന്ദ്രങ്ങളില്‍ ക്യാപ്റ്റനും യാത്രാംഗങ്ങളായ എ വിജയരാഘവന്‍, ജോര്‍ജ് തോമസ്, അഡ്വ. ബാബു കാര്‍ത്തികേയന്‍, ഉഴമലയ്ക്കല്‍ വേണുഗോപാല്‍, പി എം മാത്യു എന്നിവരും സംസാരിച്ചു. ഞായറാഴ്ച പുതുപ്പള്ളി, പാലാ, മുണ്ടക്കയം, പൊന്‍കുന്നം, ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ പര്യടനം നടത്തും.

ഭാഷാപിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ മണ്ണായ തിരൂരിലായിരുന്നു ശനിയാഴ്ച രാവിലെ വടക്കന്‍ മേഖലാ ജനജാഗ്രതാ യാത്രയുടെ തുടക്കം. പൊന്നാനിയിലായിരുന്നു ആദ്യ സ്വീകരണം.

വളാഞ്ചേരിയിലെ സ്വീകരണത്തിനുശേഷം വൈകിട്ട് മലപ്പുറത്ത് സമാപന യോഗം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സ്വീകരണകേന്ദ്രങ്ങളില്‍ കോടിയേരിയും യാത്രാംഗങ്ങളായ സത്യന്‍ മൊകേരി, ഇ പി ആര്‍ വേശാല, സ്‌കറിയാ തോമസ്, പി ഡി രാജന്‍, പി എം ജോയ് എന്നിവരും സംസാരിച്ചു.

യാത്ര ഇന്ന് രാവിലെ മഞ്ചേരി, നിലമ്പൂര്‍, വണ്ടൂര്‍ എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം അഞ്ചിന് പെരിന്തല്‍മണ്ണയില്‍ സമാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News