ജനജാഗ്രതായാത്രയ്ക്കുനേരേ കുപ്രചാരണങ്ങൾ ഉയരുമ്പോൾ; എളമരം കരിമിന്റെ ലേഖനം

ബിജെപിക്കും യുഡിഎഫിനുമെതിരെ എല്‍ഡിഎഫ് മുന്നേറ്റത്തില്‍ വെപ്രാളംപൂണ്ടവര്‍ നടത്തുന്ന ദുഷ്പ്രചാരണങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് ജനജാഗ്രതാ യാത്രയിലെ വാഹനത്തിന്റെപേരില്‍ ഉയര്‍ത്തുന്ന വിവാദം.

എല്‍ഡിഎഫിനെ അധിക്ഷേപിക്കുന്നതിന് ബിജെപിക്കും യുഡിഎഫിനും ഒരേ സ്വരമാണ് എന്നത് യാദൃച്ഛികമാകാനിടയില്ല- ബിജെപിയുടെ കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ സാമ്പത്തികനയങ്ങള്‍ക്കും സംഘപരിവാര്‍ ഉയര്‍ത്തുന്ന വര്‍ഗീയഭീഷണിക്കുമെതിരെ കോണ്‍ഗ്രസും യുഡിഎഫും മൃദുസമീപനമാണ് കൈക്കൊള്ളുന്നത്.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലയുടെയുംമറ്റും പ്രശ്‌നമുയര്‍ത്തി യുഡിഎഫ് കേരളത്തില്‍മാത്രമാണ് ഹര്‍ത്താല്‍ സംഘടിപ്പിച്ചത്. ബിജെപി ഭരിക്കുന്ന ഒരു സംസ്ഥാനത്തും ഒരു സമരവും നടത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നില്ല.

ബിജെപിക്കെന്നപോലെ കോണ്‍ഗ്രസിന്റെയും മുഖ്യ ശത്രു ഇടതുപക്ഷമാണെന്നാണ് വ്യക്തം.

എല്‍ഡിഎഫ് നേതൃത്വത്തില്‍ ആരംഭിച്ച ജനജാഗ്രതാ യാത്രകള്‍ക്ക് വമ്പിച്ച ജനപിന്തുണയാണ് ലഭിക്കുന്നത്. കാസര്‍കോട്ടുനിന്നാരംഭിച്ച കോടിയേരി ബാലകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന ജാഥയ്ക്ക് മുമ്പൊരിക്കലും ലഭിച്ചിട്ടില്ലാത്ത വിധത്തിലുള്ള സ്വീകരണമാണ് ജനങ്ങളില്‍നിന്ന് ലഭിച്ചത്.

യുഡിഎഫിന് സ്വാധീനമുണ്ടായിരുന്ന കേന്ദ്രങ്ങളില്‍പോലും എതിരാളികളെ സ്തബ്ധരാക്കുന്നവിധത്തിലുള്ള ജനമുന്നേറ്റം ദൃശ്യമായി. ബിജെപിയുടെ ജാഥയില്‍ കേരളത്തിനെതിരായി നടന്ന ഹീനമായ പ്രചാരണങ്ങളോടും സംസ്ഥാനത്ത് കലാപം സൃഷ്ടിക്കാനുള്ള ബിജെപി നേതാക്കളുടെ ആഹ്വാനത്തോടുമുള്ള ശക്തമായ ജനവികാരമാണ് ഉയര്‍ന്നുകണ്ടത്.

ബിജെപി പ്രസിഡന്റ് അമിത് ഷായും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരുമെല്ലാം കേരളത്തില്‍ നടത്തിയ പ്രസംഗങ്ങള്‍ ജനങ്ങളെ രോഷാകുലരാക്കിയിട്ടുണ്ട്. മതന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്താനും മതപരമായ ഭിന്നത സൃഷ്ടിക്കാനുംവേണ്ടിയാണ് ”ജിഹാദിഭീകരത എന്ന വാദം ബിജെപി ഉയര്‍ത്തിയത്.

രാജ്യത്തിന്റെ പല ഭാഗത്തും ദളിത് ജനതയ്ക്കും മുസ്‌ളിങ്ങള്‍ക്കുമെതിരെ അക്രമങ്ങളും കൊലപാതകങ്ങളും നടത്തുന്ന സംഘപരിവാര്‍ ഭീഷണിയെ നേരിടാന്‍ എല്‍ഡിഎഫ് മുന്നോട്ടുവന്നതിനെ ആവേശത്തോടെയാണ് ജനങ്ങള്‍ വീക്ഷിച്ചത്.

പ്രത്യേകിച്ച് സംഘപരിവാറിന്റെ അക്രമങ്ങള്‍ക്ക് ഇരയാകുന്നവര്‍, സംഘപരിവാറിന്റെ എല്ലാ ഭീഷണികള്‍ക്കും പ്രതിരോധം തീര്‍ക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ, പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ കരുത്തുറ്റ നിലപാടുകള്‍ ജനങ്ങളില്‍ ആത്മവിശ്വാസം സൃഷ്ടിച്ചിട്ടുണ്ട്.

രാജ്യമാകെ സംഘപരിവാര്‍ ഭീഷണിക്കെതിരായ ബദല്‍ കേരളമാതൃകയാണെന്ന വികാരം ഉയര്‍ന്നുവരുന്നുണ്ട്. ആ വസ്തുതയാണ് ബിജെപിയെയും യുഡിഎഫിനെയും പരിഭ്രാന്തരാക്കുന്നത്.

സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് യുഡിഎഫില്‍, പ്രത്യേകിച്ച് കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തിയിട്ടുണ്ട്. നവംബര്‍ ഒമ്പതിന് റിപ്പോര്‍ട്ട് അസംബ്‌ളിയില്‍ വയ്ക്കുന്നതോടെ കേരളത്തിലെ കോണ്‍ഗ്രസിന്റെ പതനം പൂര്‍ത്തിയാകും.

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മുസ്‌ളിംലീഗിന്റെ ഉരുക്കുകോട്ട എന്നറിയപ്പെടുന്ന മണ്ഡലത്തില്‍ എല്‍ഡിഎഫിനുണ്ടായ മുന്നേറ്റം ലീഗ് നേതൃത്വത്തെ വിറളി പിടിപ്പിച്ചു. കഴിഞ്ഞ പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പില്‍ പി കെ കുഞ്ഞാലിക്കുട്ടിക്ക് 40,000 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു.

അത് 23000 ആയി കുറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥിക്ക് എട്ടായിരം വോട്ട് കുറയുകയും എല്‍ഡിഎഫിന് എട്ടായിരം വോട്ട് വര്‍ധിക്കുകയും ചെയ്തു. ബിജെപിക്കും എസ്ഡിപിഐക്കും മുമ്പ് കിട്ടിയ വോട്ട് നിലനിര്‍ത്താനായില്ല.

വേങ്ങര മണ്ഡലത്തിലെ എല്ലാ ബൂത്തിലും ഒരേ സ്വഭാവത്തിലുള്ള മാറ്റമാണ് ദൃശ്യമായത്. ഈ സ്ഥിതി തുടര്‍ന്നാല്‍, ലീഗ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജയിച്ച പല മണ്ഡലങ്ങളും നഷ്ടപ്പെടുമെന്ന് ഉറപ്പാണ്.

മുസ്‌ളിംലീഗിന്റെ ബലത്തില്‍ ഒരു മണ്ഡലവും യുഡിഎഫിന് ഉറപ്പിക്കാനാകില്ല എന്ന സാഹചര്യം ഉയര്‍ന്നുവന്നിരിക്കുന്നു. കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ നടന്ന ബിജെപി ജാഥ വേങ്ങരയിലെത്തുകയും വര്‍ഗീയവിഷം ചീറ്റുന്ന പ്രസംഗം നടത്തുകയും ചെയ്തതാണ്.

1921ലെ മലബാര്‍ കലാപം, ആദ്യത്തെ ജിഹാദാണെന്നാണ് വിശേഷിപ്പിച്ചത്. 34000 ഹിന്ദുവോട്ടര്‍മാരുള്ള വേങ്ങര മണ്ഡലത്തില്‍ ഒരു വോട്ട് പോലും കൂടുതല്‍ നേടാന്‍ ബിജെപിക്ക് കഴിഞ്ഞില്ലെന്ന് മാത്രമല്ല, കുറയുകയാണുണ്ടായത്.

അമിത് ഷാ വടക്കേ ഇന്ത്യയില്‍ പയറ്റുന്ന അടവുകള്‍ കേരളത്തില്‍ വിലപ്പോകില്ല എന്ന് അവര്‍ക്ക് ബോധ്യമായിട്ടുണ്ടാകും.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ചുരുങ്ങിയ കാലത്തെ ഭരണം, ജനങ്ങളില്‍ വലിയ മതിപ്പുളവാക്കിയിട്ടുണ്ട്. നിയമസഭാതെരഞ്ഞെടുപ്പിന് ശേഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഏഴ് ഘട്ടങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിനാണ് മുന്‍തൂക്കം ലഭിച്ചത്.

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഒരുലക്ഷത്തോളം വോട്ട് അധികം ലഭിച്ചു. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍, എബിവിപി-കെഎസ്യു-എംഎസ്എഫ് സഖ്യം തോറ്റ് തുന്നംപാടി.

‘ ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കും അഴിമതിക്കും സംഘപരിവാര്‍ അക്രമങ്ങള്‍ക്കുമെതിരെ ഇടതുപക്ഷ ജനാധിപത്യമുന്നണി രണ്ട് പ്രചാരണജാഥകള്‍ സംഘടിപ്പിച്ചത്. ഒക്ടോബര്‍ 25ന് കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ച ജനജാഗ്രതാ യാത്രയ്ക്ക് തുടക്കംമുതല്‍ വമ്പിച്ച സ്വീകരണം ലഭിച്ചു.

മുസ്‌ളിംലീഗിന്റെ ശക്തി കേന്ദ്രമായിരുന്ന കൊടുവള്ളിയില്‍ ജനജാഗ്രതാ യാത്രയ്ക്ക് ലഭിച്ച സ്വീകരണം സമാനതകളില്ലാത്തതായിരുന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ളിംലീഗിനെ അട്ടിമറിച്ച് വിജയംനേടിയ എല്‍ഡിഎഫിന്റെ കരുത്ത് വര്‍ധിച്ചതിന്റെ തെളിവായിരുന്നു കൊടുവള്ളിയിലെ പരിപാടി.

ജനജാഗ്രതാ യാത്രയുടെ വാഹനങ്ങള്‍ കാസര്‍കോട് ജില്ലയില്‍നിന്ന് ഏര്‍പ്പെടുത്തിയതാണ്. ജാഥാ ലീഡറും അംഗങ്ങളും തൃശൂര്‍വരെ സഞ്ചരിക്കുന്നത് ഈ വാഹനങ്ങളിലാണ്. ചില സ്വീകരണകേന്ദ്രങ്ങളില്‍ ജാഥാ ലീഡറെ സ്വീകരിച്ചാനയിക്കുന്നതിന് തുറന്ന വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

അതിന്റെ പൂര്‍ണ ഉത്തരവാദിത്തം സ്വീകരണകേന്ദ്രങ്ങളിലെ സംഘാടകസമിതിക്കാണ്. ജാഥാ ലീഡര്‍ അലങ്കരിച്ച വാഹനത്തില്‍ സ്വീകരണകേന്ദ്രത്തിനടുത്ത് എത്തുമ്പോള്‍, ലീഡറെ തുറന്ന വാഹനത്തില്‍ കയറ്റി, പൊതുയോഗവേദിയിലേക്ക് ജാഥയായി ആനയിക്കുകയാണ്.

എല്ലാ കേന്ദ്രങ്ങളിലും നിയന്ത്രിക്കാനാകാത്ത വിധത്തിലുള്ള ജനത്തിരക്കാണ് ദൃശ്യമായത്. ഈ സന്ദര്‍ഭത്തില്‍, ജാഥാ ലീഡറെ ആനയിക്കാന്‍ സ്വീകരണകേന്ദ്രത്തിലെ സംഘാടകസമിതി ഏര്‍പ്പെടുത്തുന്ന വാഹനത്തില്‍ കയറുന്നതിനുമുമ്പ് അത് ആരുടേതാണെന്ന് വ്യക്തത വരുത്താന്‍ ജാഥാലീഡര്‍ക്കാകില്ല.

കൊടുവള്ളിയിലും സംഭവിച്ചത് അതാണ്. സംഘാടക സമിതി നേരത്തെ ഒരു തുറന്ന വാഹനം ഏര്‍പ്പാട് ചെയ്തിരുന്നു.

അതിന് തകരാറ് സംഭവിച്ചപ്പോള്‍ പെട്ടെന്ന് മറ്റൊരു വാഹനം സംഘടിപ്പിക്കുകയായിരുന്നു. കൊടുവള്ളി മുനിസിപ്പല്‍ കൌണ്‍സിലര്‍ കൂടിയായ ഒരാളുടെ വാഹനമാണ് പെട്ടെന്ന് കിട്ടിയത്. പ്രസ്തുത വാഹനം ഒരു ജാഥാസ്വീകരണ പരിപാടിക്ക് വളരെ അനുയോജ്യമായിരുന്നതല്ല.

താന്‍ നടന്ന് പോയ്‌ക്കൊള്ളാമെന്ന് കോടിയേരി സംഘാടകസമിതിക്കാരോട് ഒന്നിലേറെ തവണ പറയുന്നുണ്ടായിരുന്നു. വീഡിയോദൃശ്യങ്ങളില്‍നിന്ന് അത് വ്യക്തമാകുന്നുണ്ട്.

എന്നാല്‍, സംഘാടക സമിതിക്കാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഒടുവില്‍ വാഹനത്തില്‍ കയറിയത്. കൊടുവള്ളി നഗരത്തില്‍ തടിച്ചുകൂടിയ ജനാവലിക്ക് ജാഥാ ലീഡറെ കാണാന്‍ സൌകര്യമുണ്ടാക്കുക എന്നത് മാത്രമാണ് സംഘാടകസമിതി ആലോചിച്ചത്.

കൊടുവള്ളി എല്‍ഡിഎഫ് സംഘാടകസമിതി ജാഥാലീഡറെ സ്വീകരിക്കാനുള്ള വാഹനം ഏര്‍പ്പെടുത്തുമ്പോള്‍ കുറെക്കൂടി ജാഗ്രത പുലര്‍ത്തേണ്ടതായിരുന്നു. രാഷ്ട്രീയ എതിരാളികള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള ആക്ഷേപം ഉന്നയിക്കാന്‍ അവസരം കൊടുക്കാന്‍ പാടില്ലായിരുന്നു.

ഈ വാഹനത്തിന്റെപേരില്‍ കോടിയേരി ബാലകൃഷ്ണനെയോ എല്‍ഡിഎഫിനെയോ കുറ്റപ്പെടുത്തുന്നതില്‍ ഒരടിസ്ഥാനവുമില്ല. കൊടുവള്ളിയില്‍ തന്നെ സ്വീകരിക്കാനെത്തിയ വാഹനത്തെ ആസ്പദമാക്കി നടത്തുന്ന അധിക്ഷേപങ്ങളില്‍ കോടിയേരി ബാലകൃഷ്ണന് ഒരു തരിമ്പും ഉത്തരവാദിത്തമില്ല.

എല്‍ഡിഎഫ് ജാഥയുടെ തിളക്കം കെടുത്താനുള്ള രാഷ്ട്രീയ എതിരാളികളുടെ കുപ്രചാരണംമാത്രമാണിത്. പതിവുപോലെ ചില മാധ്യമങ്ങള്‍ ഈ പ്രചാരണം ഏറ്റെടുത്തു. സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വരുന്നതോടെ മുങ്ങിത്താഴുന്ന കോണ്‍ഗ്രസിനും മെഡിക്കല്‍ കോഴ-കള്ളനോട്ടടി പ്രശ്‌നങ്ങളില്‍ മുഖം നഷ്ടപ്പെട്ട ബിജെപിക്കും നഗ്‌നത മറയ്ക്കാന്‍ കളമൊരുക്കുകയാണ് ചില മാധ്യമങ്ങള്‍ ചെയ്യുന്നത്.

കൊടുവള്ളി വാഹനപ്രശ്‌നത്തില്‍ ആദ്യം പ്രതികരിച്ച ലീഗ് നേതാവ് മായിന്‍ ഹാജിക്കും ബിജെപി നേതൃത്വത്തിനും ഒരേ സ്വരമുണ്ടായത് യാദൃച്ഛികമല്ല. 2002ലെ മാറാട് കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ട ആര്‍എസ്എസുകാരുടെ കുടുംബത്തിന് സാമ്പത്തികസഹായം നല്‍കി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ മുന്‍കൈയെടുത്തവരില്‍ മുന്‍പന്തിയിലുണ്ടായിരുന്നവരാണ് ഇവര്‍.

കൂട്ടക്കൊല സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ഒരു ആര്‍എസ്എസുകാരന്റെ അമ്മ ഹൈക്കോടതിയില്‍ കൊടുത്ത ഹര്‍ജി പിന്‍വലിപ്പിച്ചതും ഇവര്‍തമ്മിലുള്ള ഒത്തുതീര്‍പ്പിലൂടെയായിരുന്നു.

ഇപ്പോള്‍ മാറാട് കൂട്ടക്കൊല സംബന്ധിച്ച് സിബിഐ അന്വേഷണം വന്ന സാഹചര്യത്തില്‍ കേന്ദ്രം ഭരിക്കുന്ന ബിജെപിയെ കൂട്ടുപിടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന മായിന്‍ ഹാജി ഉള്‍പ്പെടെയുള്ള ലീഗ് നേതൃത്വത്തിന്റെ സ്വരം ബിജെപിക്കാരുടേതിന് സമാനമാകുന്നത് യാദൃച്ഛികമല്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News