ലണ്ടന്‍: ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഹിറ്റ്‌ലിസ്റ്റില്‍ നാലുവയസുകാരനായ ബ്രിട്ടീഷ് രാജകുമാരനും. ജോര്‍ജ് രാജകുമാരനെതിരായ ഭീഷണി സന്ദേശങ്ങള്‍ ഐഎസ് സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ കൂടി വ്യാപകമായി പ്രചരിക്കുന്നുണ്ടെന്ന് യുകെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ടെലഗ്രാമിലുടെയാണ് ഭീഷണി സന്ദേശം പ്രചരിക്കുന്നത്. പ്രതികാരം ചെയ്യുമെന്ന സൂചനയിലാണ് സന്ദേശമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അറബ് ഭാഷയിലായിരുന്നു ഭീഷണി.

‘വെടിയൊച്ചകളോടെ യുദ്ധം കടന്നുവരുമ്പോള്‍ നമ്മള്‍ വിശ്വസിക്കാറില്ല. എതിരാളികള്‍ എപ്പോഴും പിന്‍മാറണമെന്നാണ് നമ്മള്‍ ആഗ്രഹിക്കുന്നത്’.-പ്രചരിക്കുന്ന മറ്റൊരു സന്ദേശം ഇങ്ങനെയാണ്.

ജോര്‍ജ് സ്‌കൂളില്‍ നില്‍ക്കുന്നതിന്റെ ചിത്രമാണ് ഐഎസ് പ്രചരിപ്പിക്കുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗവും കണ്ടെത്തിയിട്ടുണ്ട്. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ രാജകുമാരന്‍ പഠിക്കുന്ന തോമസ് ബോട്ടേഴ്‌സി സ്‌കൂളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

നേരത്തെ, സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് സ്‌കൂളിലെ ഇടനാഴികളിലൊന്നിന്റെ ചിത്രമെടുത്ത സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

വില്യം രാജകുമാരന്റെയും കേറ്റ് മിഡില്‍ടണിന്റെയും മകനാണ് നാലുവയസുകാരന്‍ ജോര്‍ജ്.