സെക്‌സ് ടോയ്‌സ് വാങ്ങാന്‍ വനിതാ സെക്രട്ടറിയോട് ആവശ്യപ്പെട്ടു; മന്ത്രി വിവാദത്തില്‍; രാജിക്കും സമ്മര്‍ദ്ദം; അന്വേഷണത്തിന് പ്രധാനമന്ത്രി ഉത്തരവിട്ടു

ലണ്ടന്‍:  സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ലോകമെങ്ങും അണിനിരക്കുന്ന കാലമാണ് ഇത്. മീ ടു ക്യാംപെയിനിലൂടെ തങ്ങള്‍ നേരിടേണ്ടിവരുന്നതും വന്നതുമായ ലൈംഗിക അതിക്രമങ്ങള്‍ ലോകത്തോട് വിളിച്ചു പറയുകയാണ്. എന്നാല്‍ അധികാരസ്ഥാനങ്ങളിലിരിക്കുന്നവര്‍ ഇതൊന്നും കേട്ട ഭാവം നടിക്കുന്നില്ല.

ലൈംഗിക ചുവയോടെ സ്ത്രീകളോട് സംസാരിക്കുന്നവര്‍ക്ക് ഇപ്പോഴും കുറവുണ്ടായിട്ടില്ല. രാജ്യം ഭരിക്കുന്നവര്‍ തന്നെ ഇത്തരത്തിലുള്ള സ്വഭാവവൈകല്യം കാട്ടിയാല്‍ എന്തുചെയ്യും.

അത്തരത്തില്‍ വിവാദത്തിലായിരിക്കുകയാണ് ബ്രിട്ടിഷ് മന്ത്രി മാര്‍ക് ഗാര്‍ണിയ. സെക്‌സ് ടോയ്‌സ് വാങ്ങാന്‍ വനിതാ സെക്രട്ടറിയോട് ആവശ്യപ്പെടുകയും, അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്‌തെന്നതാണ് ബ്രിട്ടീഷ് മന്ത്രിയ്‌ക്കെതിരായ ആരോപണം.

വാണിജ്യ വ്യാപാര മന്ത്രിയായ മാര്‍ക് ഗാര്‍ണിയക്കെതിരെ സെക്രട്ടറി കാരളിന്‍ എഡ്മണ്ട്‌സണാണ് കൊടുങ്കാറ്റുയര്‍ത്തുന്ന ആരോപണവുമായി രംഗത്തെത്തിയത്.

സെക്‌സ് ടോയ്‌സ് വില്‍ക്കുന്ന കടയിലേക്ക് വിളിച്ചുകൊണ്ടുപോയ മന്ത്രി അവിടെ നിന്ന് രണ്ട് വൈബ്രേറ്റര്‍ വാങ്ങി കൊടുക്കണമെന്ന് ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തല്‍ ബ്രിട്ടനില്‍ വലിയ തോതില്‍ ചര്‍ച്ചയായിരിക്കുകയാണ്.

ദ സണ്‍ഡേ മെയില്‍ എന്ന പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് കാരളിന്‍ ആരോപണമുന്നയിച്ചത്. തന്റെ മാറിടത്തിലേക്ക് നോക്കി ലൈംഗികച്ചുവയോടെ മന്ത്രി സംസാരിച്ചെന്നും അവര്‍ വെളിപ്പെടുത്തി. 2010 ലായിരുന്നു സംഭവം.

താന്‍ നിരുപദ്രവകരമായ തമാശയാണ് കാട്ടിയതെന്ന വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയിട്ടുണ്ട്. സംഭവം നടന്നപ്പോള്‍ പരാതിപ്പെടാതെ, ഇപ്പോള്‍ ആരോപണമുന്നയിക്കുന്നത് രാഷ്ട്രീയപ്രേരിതമാണെന്നാണ് ഗാര്‍ണിയയുടെ പക്ഷം.

അന്വേഷണത്തിന് ഉത്തരവിട്ടു

അതേസമയം മന്ത്രിക്കെതിരായ ആരോപണത്തില്‍ അന്വേഷണം നടത്താന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ഉത്തരവിട്ടു. മന്ത്രിയുടെ രാജിയ്ക്കായി സമ്മര്‍ദ്ദം ശക്തമായിട്ടുണ്ട്. വനിത പ്രധാനമന്ത്രിയായിരിക്കെ ഇത്തരത്തിലുള്ള സ്ത്രീ അധിക്ഷേപങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകണമെന്നാണ് ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News